India - 2025
ബിഷപ്പ് അലോഷ്യസ് മരിയബെന്‍സിഗറിന്‍റെ ചരമവാര്‍ഷികത്തിന് ഒരുക്കങ്ങളുമായി കൊല്ലം രൂപത
സ്വന്തം ലേഖകന്‍ 29-05-2017 - Monday
കൊല്ലം: 1905 മുതൽ 1931 കാലയളവില്‍ കൊല്ലം രൂപതയുടെ മെത്രാനായിരുന്ന അലോഷ്യസ് മരിയ ബെൻസിഗർ പിതാവിന്റെ 75–ാമത് ചരമ വാർഷിക ദിനാചരണത്തിന് വിപുലമായ ഒരുക്കങ്ങൾ നടത്താൻ കൊല്ലം രൂപതയില്‍ ചേർന്ന വൈദിക മേലധ്യക്ഷന്മാരുടെ യോഗം തീരുമാനിച്ചു. സ്വിറ്റ്സർലണ്ടിലെ ഒരു പ്രശസ്ത ധനിക കുടുംബത്തിൽ ജനിച്ച അലോഷ്യസ് കൊല്ലം രൂപതയിൽ ദൈവീക ശുശ്രൂഷയ്ക്ക് നിയോഗിക്കപ്പെടുകയായിരിന്നു.
കോട്ടാർ, തിരുവനന്തപുരം, പുനലൂർ, നെയ്യാറ്റിൻകര, കുരീത്തുറ എന്നീ പ്രദേശങ്ങളിൽ ശക്‌തമായ ക്രൈസ്തവ വിശ്വാസത്തിന് അടിസ്‌ഥാനമേകിയത് അലോഷ്യസ് മരിയയായിരിന്നു. നെയ്യാറ്റിൻകര, നെടുമങ്ങാട്, കറ്റാനം, പുനലൂർ, മാവേലിക്കര എന്നീ പ്രദേശങ്ങളിൽ ബിഷപ്പ് ബെൻസിഗറിന്റെ കാലത്താണ് അതിവിപുലമായ മിഷൻ പ്രവർത്തനങ്ങൾ നടന്നത്.
കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, കർമലീത്ത മലബാർ പ്രൊവിൻസിന്റെ പ്രൊവിൻഷ്യലായ ഫാ. സെബാസ്റ്റ്യൻ കൂടപ്പാട്ട്, പ്രൊവിൻസ് പ്രതിനിധികളായ ഫാ. ഡോ. സക്കറിയാസ്, ഫാ. ജെയിംസ്, ഫാ. പാട്രിക്, ഫാ. ഫ്രാൻസിസ്, നെയ്യാറ്റിൻകര എപ്പിസ്കോപ്പൽ വികാരി മോൺ. റൂഫസ്, കോട്ടാർ രൂപത ജുഡീഷ്യൽ വികാരി ഡോ. ഫെലിക്സ്, സൗത്ത് കേരള പ്രൊവിൻസ് പ്രതിനിധി ഫാ. ജോസഫ് നിക്കോളസ്, കൊല്ലം രൂപത വികാരി ജനറൽ മോൺ. പോൾ മുല്ലശേരി, വൈദിക പ്രതിനിധികള്‍ എന്നിവര്‍ യോഗത്തിൽ സംബന്ധിച്ചു.