News - 2024

മതസ്വാതന്ത്ര്യത്തെ വിലക്കുന്ന നിയമത്തിനെതിരെ വിയറ്റ്നാം കത്തോലിക്കാ മെത്രാൻ സമിതി

സ്വന്തം ലേഖകന്‍ 09-06-2017 - Friday

ഹനോയ്: വിയറ്റ്നാമിൽ മതസ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ടുള്ള പുതിയ നിയമത്തില്‍ ആശങ്ക രേഖപ്പെടുത്തി കൊണ്ട് വിയറ്റ്നാം കത്തോലിക്കാ മെത്രാൻ സമിതി. സഭയെയും കത്തോലിക്കാ നേതാക്കന്മാരെയും കുറിച്ച് സമ്മിശ്ര പ്രതികരണം ഗവൺമെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടെങ്കിലും ക്രൈസ്തവരുടെ സ്വതന്ത്രമായ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നതില്‍ ആശങ്കയുണ്ടെന്നു സമിതി വ്യക്തമാക്കി. ജൂൺ ഒന്നിന് മെത്രാൻ സമിതി പുറപ്പെടുവിച്ച ഇടയലേഖനത്തിൽ നിയമത്തിന്റെ നല്ല വശങ്ങളെയും സ്വാഗതം ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

തടവുകാരുടെയും വിദ്യാർത്ഥികളുടേയും വിദേശികളുടേയും മതസ്വാതന്ത്ര്യം സ്വാഗാതർഹമാണ്. തദ്ദേശീയ ഗവൺമെന്റ് അംഗീകരിച്ച മതസംഘടനകളെ വാണിജ്യ വിഭാഗങ്ങളിൽ നിന്നും ഒഴിവാക്കി. അതേ സമയം മത സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ-ആരോഗ്യമേഖലകളിലെ ഗവൺമെന്റ് പങ്കാളിത്തമാണ് സംശയങ്ങൾ ഉയർത്തുന്നത്. ആതുരാലയങ്ങൾ സ്ഥാപിക്കാൻ നല്കിയിരുന്ന അനുമതിയാണ് ഇപ്പോൾ ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പിലെ 'പങ്കാളിത്തം' മാത്രമായി ഭേദഗതി വരുത്തിയത്.

ഗവൺമന്റ് അനുമതി നല്കുന്ന പ്രവർത്തനങ്ങൾ മാത്രം മത സംഘടനകൾ വിഭാവനം ചെയ്യണം എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്. മതങ്ങളേയും അവരുടെ സ്ഥാപനങ്ങളെയും രാഷ്ട്രീയ സംഘടനകളായും പ്രതിപക്ഷ ശക്തിയായും നോക്കി കാണുന്നത്, വിദ്യാഭ്യാസ ആരോഗ്യ-ആതുര രംഗത്തെ സംഭാവനകളെ വിലമതിക്കാത്തതിനു തുല്യമാണ്.

കത്തോലിക്കാ വിദ്യാർത്ഥികളെ തഴയുകയും സഭയെ സംബന്ധിച്ച് തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതി വഴി, പുതിയ തലമുറ സഭയിൽ നിന്നു തന്നെ അകന്നു പോകുന്നു. ക്രൈസ്തവർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നിയമ ഭേദഗതിയിൽ വിലക്കുന്നത് ആശ്വാസകരമാണ്. മതങ്ങളെ സംബന്ധിച്ച് ശരിയായ കാഴ്ചപ്പാട്, മത പ്രവർത്തനങ്ങളെ ഊർജിതമാക്കുന്ന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും രാജ്യ പുരോഗതിയോടൊപ്പം ജനങ്ങളുടെ ക്ഷേമത്തിനും ഇടയാകട്ടെ എന്ന ആശംസയോടെയാണ് ഇടയ ലേഖനം സമാപിക്കുന്നത്.

മെത്രാൻമാരുടെ ഔദ്യോഗിക പ്രസ്താവനയില്‍ രാജ്യത്തിന്റെ നന്മയ്ക്കായി പ്രാർത്ഥനയ്ക്കും ആഹ്വാനമുണ്ട്. അതേ സമയം മതപരമായ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടുന്ന നിയമ പരിഷ്കാരങ്ങളെ നിശിതമായി വിമർശിച്ചു കൊണ്ട് വിവിധ കത്തോലിക്കാ സ്ഥാപനാംഗങ്ങളും രംഗത്തുണ്ട്. 2018 ജനുവരി ഒന്നോടുകൂടെ പുതിയ നിയമം പ്രാബല്യത്തിൽ വരും.


Related Articles »