News - 2024

ദേവാലയ സന്ദര്‍ശനം പരമാവധി ഒഴിവാക്കുക: ഈജിപ്തിലെ ക്രൈസ്തവര്‍ക്ക് ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം

സ്വന്തം ലേഖകന്‍ 10-06-2017 - Saturday

കെയ്റോ: ഐ‌എസ് ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ഈജിപ്തിലെ ക്രിസ്ത്യാനികള്‍ തീര്‍ത്ഥാടനങ്ങളും, ദേവാലയാഘോഷങ്ങളും, ആശ്രമ സന്ദര്‍ശനങ്ങളും പരമാവധി കുറക്കണമെന്ന്‍ ആഭ്യന്തര മന്ത്രി മഗദി അബ്ദേല്‍ ഗഫാറിന്റെ നിര്‍ദ്ദേശം. ഭരണകൂടം കൈകൊണ്ടിരിക്കുന്ന കര്‍ശന സുരക്ഷാ വ്യവസ്ഥകളുടെ ഒരു ഭാഗമെന്ന നിലയിലാണ് അദ്ദേഹം നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുള്ളത്‌.

രാജ്യത്ത് നില നില്‍ക്കുന്ന അടിയന്തിര സാഹചര്യത്തെ നേരിടുവാനായി ആരാധനാലയങ്ങളിലും, ദേവാലയങ്ങളിലും പ്രാര്‍ത്ഥനക്കും ആരാധനക്കുമായി ജനങ്ങള്‍ തടിച്ചു കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരാക്രമണ സാധ്യതയുള്ള പ്രദേശങ്ങളിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി ജൂണ്‍ 8 വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് മന്ത്രി ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

ഏതാനും മാസങ്ങളായി ഈജിപ്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിന്തുണയോടെ മതന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മഗദി അബ്ദേല്‍ ഗഫാര്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്.

കൂടിക്കാഴ്ചക്കിടയില്‍ സുരക്ഷയുടെ കാര്യത്തില്‍ ദേവാലയങ്ങള്‍ക്കും, ആശ്രമങ്ങള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കണമെന്നു മന്ത്രി നിര്‍ദ്ദേശിച്ചതായാണ് സൂചന. തിരുകുടുംബത്തിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുള്ള ഈജിപ്തിനെ ആഗോള തലത്തില്‍ ക്രൈസ്തവരുടെ ഇടയില്‍ ഒരു വലിയ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുക എന്നതാണ് രാജ്യത്തെ വിനോദസഞ്ചാര വകുപ്പിന്റെ നയം. ആഭ്യന്തരമന്ത്രിയുടെ പുതിയ നിര്‍ദ്ദേശം ടൂറിസം മേഖലയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഈജിപ്തിലെ ടൂറിസം മേഖല.


Related Articles »