News - 2025
മദ്ധ്യാഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കാന്‍ കാനഡയിലെ കത്തോലിക്ക സഭ
സ്വന്തം ലേഖകന്‍ 14-06-2017 - Wednesday
ഒട്ടാവ: മദ്ധ്യാഫ്രിക്കന്‍ രാജ്യങ്ങളായ തെക്കന്‍ സുഡാന്‍, യെമന്‍, നൈജീരിയ, സൊമാലിയ എന്നിവിടങ്ങളിലെ ഭക്ഷ്യക്ഷാമവും ദാരിദ്യവും കണക്കിലെടുത്തു അവിടേയ്ക്ക് സഹായമെത്തിച്ചു കൊടുക്കാന്‍ കൂട്ടായ പരിശ്രമവുമായി കാനഡയിലെ കത്തോലിക്ക നേതൃത്വം. ക്രൈസ്തവ- യഹൂദ-മുസ്ലിം- സിക്ക്-ബഹായ് മതനേതൃത്വവും പദ്ധതിക്കു പിന്തുണയുമായി രംഗത്തുണ്ടെന്നത് ശ്രദ്ധേയമാണ്. “ഹൃദയങ്ങളുടെ ഒത്തുചേരല്‍” എന്ന പൊതുവായ പദ്ധതിയിലൂടെയാണ് ആഫ്രിക്കയിലെ ജനങ്ങളെ സഹായിക്കാന്‍ വിവിധ മതവിഭാഗങ്ങള്‍ കൈകോര്‍ക്കുന്നത്.
സുഡാന്‍, യെമന്‍, നൈജീരിയ, സൊമാലിയ എന്നീ നാലു രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതാവസ്ഥ വളരെ ശോചനീയമാണെന്ന് പദ്ധതിയുടെ കണ്‍വീനറും ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമായ ആര്‍ച്ചുബിഷപ്പ് ഡഗ്ലസ് ക്രോസ്ബി പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു. പ്രാര്‍ത്ഥന, സാമ്പത്തിക സഹായം, ദുരന്തത്തെക്കുറിച്ച് മറ്റുള്ളവരുമായി പങ്കുവയ്ക്കുക, എന്നിങ്ങനെ മൂന്നു തരത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സ്വീകരിച്ചിട്ടുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
2017 ഫെബ്രുവരിയിലെ യുഎന്‍ കണക്കുകള്‍ പ്രകാരം 10 ലക്ഷത്തില്‍ അധികം കുട്ടികള്‍ ഉള്‍പ്പെടെ, രണ്ടു കോടിയിലധികം ജനങ്ങളാണ് ഈ നാലു രാജ്യങ്ങളിലുമായി ദുരിതങ്ങള്‍ അനുഭവിക്കുന്നത്. കലാപം, കാലാവസ്ഥ കെടുതി, വരള്‍ച്ച എന്നിവമൂലം ആയിരകണക്കിന് ആളുകളാണ് കൊടും ദാരിദ്ര്യത്തിന്‍റെ പിടിയില്‍ അമര്‍ന്നിരിക്കുന്നത്. കാനഡ സര്‍ക്കാരിന്‍റെ പിന്‍തുണയോടെ ആരംഭിച്ച പദ്ധതി, 2017-ജൂണ്‍ മാസത്തിന്‍റെ അന്ത്യത്തില്‍ യാഥാര്‍ത്ഥ്യമാക്കി 4 രാജ്യങ്ങളിലെയും നിര്‍ധനരായ ജനങ്ങള്‍ക്കു സഹായം എത്തിച്ചുകൊടുക്കുമെന്ന് ആര്‍ച്ചുബിഷപ്പ് ക്രോസ്ബി പ്രസ്താവനയില്‍ വ്യക്തമാക്കി.
![](/images/close.png)