News
രക്തസാക്ഷിത്വം വരിച്ച ലിത്വാനിയന്‍ മെത്രാന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്
സ്വന്തം ലേഖകന്‍ 14-06-2017 - Wednesday
വില്‍നിയൂസ്, ലിത്വാനിയ: തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും തടവറയില്‍ ചിലവഴിക്കുകയും കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തി രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ലിത്വാനിയയിലെ ആര്‍ച്ച് ബിഷപ്പ് തിയോഫിലിയൂസ് മാറ്റുലിയോണിസ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്. ഈ മാസം അവസാനമാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത്.
1917-ലെ ബോള്‍ഷേവിക് വിപ്ലവകാലത്ത് തിരുസഭ അടിച്ചമര്‍ത്തപ്പെടുന്നതിനു സാക്ഷ്യം വഹിച്ച ആളാണ് മാറ്റുലിയോണിസ് മെത്രാപ്പോലീത്ത. തന്റെ ധീരതയാലും, ഉറച്ചതീരുമാനങ്ങളാലും ശ്രദ്ധയാകര്‍ഷിച്ച മാറ്റുലിയോണിസിനെ 2016 ഡിസംബറില്‍ ഫ്രാന്‍സിസ് പാപ്പാ രക്തസാക്ഷിയായി പ്രഖ്യാപിച്ചിരുന്നു.
1873-ല്‍ ഇപ്പോള്‍ ലിത്വാനിയ എന്നറിയപ്പെടുന്ന കുഡോറിസ്കിസിലെ ഒരു കര്‍ഷക കുടുംബത്തിലായിരുന്നു മാറ്റുലിയോണിസിന്റെ ജനനം. ചെറുപ്പത്തില്‍ത്തന്നെ വിശ്വാസപരമായ കാര്യങ്ങളോട് ഒരു പ്രത്യേക ആഭിമുഖ്യം അദ്ദേഹം പുലര്‍ത്തിയിരിന്നു. 1900-ല്‍ ബെലാറൂസില്‍ വെച്ചായിരുന്നു അദ്ദേഹത്തിന് പൗരോഹിത്യ പട്ടം ലഭിച്ചത്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന റഷ്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയം വെച്ചു പുലര്‍ത്തിയിരിന്നു.
സഭാസ്വത്തുക്കള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട ഒരു കരാറില്‍ ഒപ്പുവെക്കുവാന്‍ വിസമ്മതിച്ചു എന്ന കാരണത്താലാണ് 1923-ല്‍ അദ്ദേഹം ആദ്യമായി തടവിലാകുന്നത്. മൂന്ന്‍ വര്‍ഷത്തെ തടവിനു ശേഷം മോസ്കോയിലെ ജയിലില്‍ നിന്നും മോചിതനായ അദ്ദേഹം 1929-ല്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മെത്രാനായി രഹസ്യമായി വാഴിക്കപ്പെട്ടു. 1929-ല്‍ അദ്ദേഹം വീണ്ടും തടവിലായി. ഏകാന്ത തടവും ജയിലിലെ കഠിനമായ ജോലിയും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു.
1933-ല്‍ അദ്ദേഹം ജയിലില്‍ നിന്നും മോചിതനായി. 1943-ല്‍ അദ്ദേഹം കൈസിയാഡോറിസിലെ മെത്രാനായി അഭിഷിക്തനായി. പിന്നീട് ലിത്വാനിയായില്‍ എത്തിയ അദ്ദേഹം സോവിയറ്റ് നാസി ഭരണകൂടങ്ങളുടെ സഭാവിരുദ്ധ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിനെതുടര്‍ന്ന്‍ 1946-ല്‍ വീണ്ടും തടവിലായി. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിസ്റ്റോണാസില്‍ എത്തിയ അദ്ദേഹം അവിടെ രഹസ്യമായി ഒരു മെത്രാനെ അഭിഷേകം ചെയ്തു. ഇക്കാരണത്താല്‍ അദ്ദേഹം സെദൂവായിലേക്ക് നാടുകടത്തപ്പെട്ടു.
1962-ലാണ് അദ്ദേഹത്തെ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തിയത്. ഇതേ വര്‍ഷം ഭരണകൂടാനുകൂലികള്‍ നടത്തിയ ഒരു പരിശോധനക്കിടയില്‍ അദ്ദേഹത്തിനു മാരകമായ മരുന്ന്‍ കുത്തിവെച്ചു. തുടര്‍ന്നു മൂന്ന്‍ ദിവസങ്ങള്‍ക്ക് ശേഷം 1962 ഓഗസ്റ്റ് 20നു അദ്ദേഹം രക്തസാക്ഷിത്വം വരിക്കുകയായിരിന്നു.
‘തിയോഫിലിയൂസ് മാറ്റുലിയോണിസിനേപ്പോലെയുള്ള ഒരു ധീരനെ നമുക്ക് തന്ന ലിത്വാനിയക്ക് മഹത്വമുണ്ടാകട്ടെ’ എന്ന് തന്നെ സന്ദര്‍ശിച്ച ഒരു കൂട്ടം തീര്‍ത്ഥാടകരോട് പിയൂസ് പതിനൊന്നാമന്‍ പാപ്പാ പില്‍ക്കാലത്ത് പറഞ്ഞിരിന്നു. വരുന്ന ജൂണ്‍ 25-ന് നാമകരണ നടപടികളുടെ ചുമതലയുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാട്ടോ വില്‍നിയൂസിലെ കത്തീഡ്രല്‍ സ്ക്വയറില്‍ വെച്ച് തിയോഫിലിയൂസ് മാറ്റുലിയോണിസ് മെത്രാപ്പോലീത്തായെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും.