News - 2025

രാഷ്ട്രീയത്തിലെ സ്ഥാനമാനങ്ങളേക്കാൾ പ്രധാനം ക്രിസ്തുവിലുള്ള വിശ്വാസത്തിന്: ഡെമോക്രാറ്റിക്ക് നേതാവ് രാജിവക്കുന്നു

സ്വന്തം ലേഖകന്‍ 15-06-2017 - Thursday

ലണ്ടന്‍: രാഷ്ട്രീയത്തിലെ സ്ഥാനമാനങ്ങളേക്കാൾ പ്രധാനം ക്രിസ്തുവിലുള്ള വിശ്വാസത്തിനാണെന്ന് സാക്ഷ്യപ്പെടുത്തി കൊണ്ട് ഇംഗ്ളണ്ടിലെ ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാവ് ടിം ഫാരോണ്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും രാജി വെക്കുന്നതായി അറിയിച്ചു. ക്രിസ്ത്യന്‍ മതവിശ്വാസവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോവുക അസാധ്യമായിരിന്നുവെന്നും ഇതില്‍ താന്‍ ഒരുപാട് ബുദ്ധിമുട്ടിയതായി അദ്ദേഹം തന്റെ രാജി പ്രസ്താവനയില്‍ പറഞ്ഞു. ഒരു സത്യക്രിസ്ത്യാനിയായിരുന്നു കൊണ്ട് ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയേപ്പോലൊരു പുരോഗമന പാര്‍ട്ടിയെ നയിക്കുക സാധ്യമല്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച വൈകീട്ട് പുറത്ത് വിട്ട പ്രസ്താവനയിലൂടെയാണ് ടിം ഫാരോണ്‍ രാജിവെക്കുന്നതായി അറിയിച്ചത്. പാര്‍ട്ടിയുടെ പ്രത്യേകിച്ച് പുരോഗമന-സ്വാതന്ത്ര്യവാദ പാര്‍ട്ടിയുടെ തലവനായിരിക്കുകയും, ബൈബിളിലെ പ്രബോധനങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന ഒരു ക്രിസ്ത്യാനിയാവുകയും ചെയ്യുക അസാധ്യമാണെന്ന്‍ അദ്ദേഹം പറഞ്ഞു. തന്റെ മതവിശ്വാസത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ താന്‍ കൂടുതല്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതായിരുന്നു എന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിലെ ഇവാഞ്ചലിക്കല്‍ സഭാംഗമായ ടിം ഫാരോണിന് തന്റെ മതവിശ്വാസത്തിന്റെ പേരില്‍ നിരവധി ചോദ്യങ്ങളെ നേരിടേണ്ടി വന്നിരുന്നു. 2007-ല്‍ അനുവദിച്ച ഒരഭിമുഖത്തില്‍ ‘ഭ്രൂണഹത്യ ഒരു പാപമാണ്’ എന്ന് അദ്ദേഹം പറഞ്ഞിരിന്നു. സ്വവര്‍ഗ്ഗരതി പാപമാണ് എന്ന അദ്ദേഹത്തിന്റെ നിലപാട് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് വലിയ ചര്‍ച്ചയ്ക്ക് തന്നെ വഴിതെളിയിച്ചു. എന്നിരിന്നാലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഫാരോണിന്റെ പാര്‍ട്ടിയുടെ പ്രാതിനിധ്യം 9ല്‍ നിന്നും 12 ആയി ഉയരുകയാണ് ചെയ്തത്.

മുന്‍ പോലീസ് മേധാവിയും ഇപ്പോഴത്തെ ആഭ്യന്തരവക്താവും സ്വവര്‍ഗ്ഗസ്നേഹിയുമായ ലോര്‍ഡ് പാഡിക്ക്, ടിം ഫാരോണിന്റെ സ്വവര്‍ഗ്ഗരതിയെക്കുറിച്ചുള്ള നിലപാടിന്റെ പേരില്‍ രാജിവെച്ചിരുന്നു. ഇതും ടിം ഫാരോണിന്റെ രാജിക്ക് കാരണമായി എന്നാണ് വിലയിരുത്തപ്പെടുന്നത്. വിന്‍സ് കേബിള്‍, എഡ് ഡേവി, ജോ സ്വിന്‍സണ്‍ എന്നിവരാണ് ടിം ഫാരോണിന്റെ പിന്‍ഗാമിയാകുവാന്‍ സാധ്യതയുള്ളവരില്‍ മുന്‍നിരക്കാര്‍.


Related Articles »