News - 2025
ക്രൈസ്തവ വിശ്വാസം ചെറുമക്കളിലേക്ക് പകര്‍ന്നു നല്‍കുന്ന കാര്യത്തിൽ ചൈനയിലെ പ്രായമായ വിശ്വാസികൾ ലോകത്തിനു മാതൃകയാകുന്നു
സ്വന്തം ലേഖകന്‍ 20-06-2017 - Tuesday
ഹോങ്കോങ്ങ്: രാജ്യത്തെ കൊച്ചുകുട്ടികളുടെ ക്രൈസ്തവ വിശ്വാസ രൂപീകരണത്തില്‍ ചൈനയിലെ പ്രായമായ വിശ്വാസികൾ പ്രധാന പങ്കു വഹിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തിനിടക്ക് യുവജനങ്ങള്‍ ജോലിയന്വേഷിച്ച് അടുത്തുള്ള നഗരങ്ങളിലേക്ക് ചേക്കേറിയതിനാല്‍ ചെറുമക്കള്‍ക്ക് വിശ്വാസം പകര്‍ന്നു കൊടുക്കുന്നത് തങ്ങളുടെ ചുമതലയായി ഏറ്റെടുത്തിരിക്കുകയാണ് അവരുടെ അപ്പൂപ്പനമ്മൂമ്മമാര്‍. ദിവസവും കുട്ടികളെ ദേവാലയങ്ങളില്‍ കൊണ്ടുപോകുവാനും ആഴമായ ക്രൈസ്തവ വിശ്വാസത്തിൽ ചെറുമക്കളെ വളർത്തുവാനും അവര്‍ പരിശ്രമിക്കുന്നു.
2 ലക്ഷത്തോളം കത്തോലിക്കാ വിശ്വാസികളുള്ള ഷാന്‍ക്സി പ്രവിശ്യയിലെ ചാന്‍ങ്ങ്സി രൂപതയിൽ നിന്നുള്ള യൂ ഇതിനൊരു ഉദാഹരണമാണ്. എല്ലാ സായാഹ്നത്തിലും, അവള്‍ തന്റെ തിരക്കോ ക്ഷീണമോ കാര്യമാക്കാതെ തന്റെ 7 വയസുള്ള ചെറുമകള്‍ക്ക് വേണ്ടി ബൈബിള്‍ വായിച്ചുകൊടുക്കും. ചിലദിവസങ്ങളില്‍ മറ്റുള്ള ഇടവകാംഗങ്ങളും അവള്‍ക്കൊപ്പം ചേരാറുണ്ട്.
ചാന്‍ങ്ങ്സി രൂപതയില്‍ മാത്രം 60,000-ത്തോളം വരുന്ന കത്തോലിക്കര്‍ക്കായി 80-ഓളം ദേവാലയങ്ങളും, 37 പ്രാര്‍ത്ഥനാ ഭവനങ്ങളും ഉണ്ട്. ഇവയില്‍ നാലെണ്ണം മാത്രമാണ് നഗരത്തില്‍ ഉള്ളത്. ബാക്കിയുള്ളവയെല്ലാം ഗ്രാമപ്രദേശങ്ങളിലാണ്. തൊഴില്‍ തേടി ഭൂരിഭാഗം യുവജനങ്ങളും നഗരങ്ങളിലേക്ക് ചേക്കേറിയതിനാൽ ഗ്രാമപ്രദേശങ്ങളിലെ ദേവാലയങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തം കുറഞ്ഞുവരികയാണ്. എങ്കിലും അവരുടെ മക്കളിലേക്ക്, പ്രായമായവരിലൂടെ വിശ്വാസം ഭംഗിയായി കൈമാറ്റം ചെയ്യപ്പെടുന്നു.
ഗ്രാമപ്രദേശങ്ങളിലെ മിക്ക ദേവാലയങ്ങളിലും പ്രായമായവരേയും, കുട്ടികളേയുമാണ് കൂടുതലും കാണുവാന്‍ കഴിയുക. ഒരുകാലത്ത് വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ യുവാക്കള്‍ ഗ്രാമങ്ങളിൽ വളരെ സജീവമായിരുന്നുവെന്ന് സെന്റ് ജോസഫ് ദേവാലയത്തിലെ ഫാദര്‍ ഷെന്‍ സൂഴോങ്ങ് പറയുന്നു. എന്നിരുന്നാലും 1716-ല്‍ ഫ്രാന്‍സിസ്കന്‍ മിഷണറിമാരാല്‍ പകര്‍ന്നുകിട്ടിയ വിശ്വാസം ഇപ്പോഴും പ്രായമായവരിലൂടെ അംഭംഗുരം കുട്ടികളിലേക്ക് എത്തുന്നുണ്ട് എന്ന് ഫാദര്‍ സൂഴോങ്ങ് കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്ക് വിശ്വാസം പകര്‍ന്നു കൊടുക്കുന്നത് കൂടാതെ അടുത്തുള്ള ഗ്രാമങ്ങളില്‍ സുവിശേഷ പ്രഘോഷണവും പ്രായമയവരില്‍ ചിലര്‍ ചെയ്തുവരുന്നു. ഇക്കഴിഞ്ഞ ഈസ്റ്ററിന് ഷാന്‍ക്സി പ്രവിശ്യയില്‍ നിന്നുമാത്രമായി ഏതാണ്ട് 1600-ഓളം പേരാണ് മാമ്മോദീസാ സ്വീകരിച്ചത്.
ക്രൈസ്തവർക്കു നേരെയുള്ള പീഡനങ്ങൾ വ്യാപകമായി നിലനിൽക്കുമ്പോഴും, ശാരീരികമായ അസ്വസ്ഥതകൾ വകവയ്ക്കാതെ പുതിയ തലമുറയിലേക്ക് വിശ്വാസം പകർന്നു കൊടുക്കുവാനും ക്രിസ്തുവിനെ പ്രഘോഷിക്കുവാനും ചൈനയിലെ വൃദ്ധരായ വിശ്വാസികൾ നടത്തുന്ന ശ്രമങ്ങൾ ലോകം മുഴുവനുമുള്ള വിശ്വാസികൾക്ക് മാതൃകയാകട്ടെ.