News - 2024

കാനഡയിലെ ക്രിസ്ത്യന്‍ സ്കൂളില്‍ ബൈബിള്‍ പഠിപ്പിക്കുന്നതിന് വിലക്ക്

സ്വന്തം ലേഖകന്‍ 22-06-2017 - Thursday

ഒട്ടാവ: കാനഡയിലെ അല്‍ബെര്‍ട്ടായിലുള്ള കോണര്‍സ്റ്റോണ്‍ ക്രിസ്റ്റ്യന്‍ അക്കാദമി സ്കൂളില്‍ ബൈബിള്‍ ഭാഗങ്ങള്‍ പഠിപ്പിക്കുന്നതില്‍ നിന്നും വിലക്കി. ബാറ്റില്‍ റിവര്‍ സ്കൂള്‍ ഡിവിഷന്‍ (ബി‌ആര്‍‌എസ്‌ഡി) ചെയര്‍മാനായ ലോറി സ്കോറിയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ആളുകളെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള വിശുദ്ധ ലിഖിത ഭാഗങ്ങള്‍ സ്കൂളില്‍ വായിക്കുകയോ പഠിപ്പിക്കുകയോ ചെയ്യരുതെന്ന നിര്‍ദ്ദേശമാണ് കോര്‍ണര്‍സ്റ്റോണ്‍ സ്കൂള്‍ അധികൃതര്‍ക്ക് കിട്ടിയിരിക്കുന്നത്. സ്വവര്‍ഗ്ഗഭോഗത്തിനെതിരെയുള്ള ബൈബിള്‍ വാക്യങ്ങള്‍ അധികാരികളില്‍ അലോസരമുണ്ടാക്കിയിട്ടുണ്ടെന്നാണ് ഇതില്‍ നിന്ന്‍ വ്യക്തമാകുന്നത്.

കോര്‍ണര്‍സ്റ്റോണ്‍ സ്കൂള്‍ കുട്ടികള്‍ക്കായി നല്‍കിയ ചെറുപുസ്തകത്തില്‍ ചില ബൈബിള്‍ വാക്യങ്ങള്‍ ചേര്‍ത്തിരുന്നു. ഇത് മനുഷ്യാവകാശപരമായ നിയമങ്ങള്‍ക്ക് യോജിക്കുന്നതല്ല എന്നാണ് ബി‌ആര്‍‌എസ്‌ഡി കമ്മീഷന്റെ നിലപാട്. ആളുകളുടെ ലൈംഗീക ഇഷ്ടാനിഷ്ടങ്ങളെ ഹനിക്കുന്ന രീതിയിലുള്ള അധ്യാപനം ശരിയായ കാര്യമല്ലായെന്ന് ലോറി സ്കോര്‍ പറഞ്ഞു. അതേസമയം ബൈബിള്‍ വാക്യങ്ങളെ സ്കൂള്‍ ഡിവിഷന്‍ കമ്മീഷന്‍ സെന്‍സര്‍ ചെയ്യുമോ എന്ന ആശങ്ക കോര്‍ണര്‍സ്റ്റോണ്‍ അക്കാദമിയുടെ ചെയര്‍വുമണായ ഡിയന്നാ മാര്‍ഗേല്‍ പ്രകടിപ്പിച്ചു.

“അസന്‍മാര്‍ഗ്ഗികളും, വിഗ്രഹാരാധകരും, വ്യഭിചാരികളും, സ്വവര്‍ഗ്ഗഭോഗികളും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല” (1 കോറിന്തോസ് 6:9) എന്ന സുവിശേഷ ഭാഗം ഈ വര്‍ഷം ആരംഭത്തില്‍ സ്കൂള്‍ ഡിവിഷന്റെ ഇടപെടല്‍ നിമിത്തം കോര്‍ണര്‍സ്റ്റോണിന് തങ്ങളുടെ വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്യേണ്ടതായി വന്നിരുന്നു. സമ്മര്‍ദ്ധത്തെ തുടര്‍ന്നു സ്കൂളിന്റെ മതിലില്‍ എഴുതിയിരുന്ന ‘നിത്യത’യെക്കുറിച്ചുള്ള സുവിശേഷഭാഗങ്ങളും നീക്കം ചെയ്യാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി.

അതേ സമയം കോര്‍ണര്‍സ്റ്റോണ്‍ സ്കൂളധികൃതര്‍ നിയമോപദേശത്തിനായി ജസ്റ്റിസ് സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ ഫ്രീഡവുമായി ബന്ധപ്പെട്ടു കഴിഞ്ഞു. തങ്ങളുടെ വിശ്വാസങ്ങളും, തത്വങ്ങളും അനുസരിച്ചു ഏത് സ്കൂളില്‍ വേണമെങ്കിലും കുട്ടികളെ വിടുവാനുള്ള അവകാശം മാതാപിതാക്കള്‍ക്ക് ഉണ്ടെന്നും അതിനാല്‍ കോര്‍ണര്‍സ്റ്റോണിനു തങ്ങളുടെ ക്രിസ്ത്യന്‍ മൂല്യങ്ങള്‍ പഠിപ്പിക്കുവാനുള്ള അവകാശം ഉണ്ടെന്നും സമിതിയുടെ പ്രസിഡന്റായ ജോണ്‍ കാര്‍പ്പി പറഞ്ഞു.

സംഭവം കാനഡായിലെ എല്ലാ സ്കൂളിനേയും ബാധിക്കുന്ന ഒരു വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിന്റര്‍ഗാര്‍ഡന്‍ മുതല്‍ ഗ്രേഡ് 12 വരെ 160-ഓളം കുട്ടികള്‍ പഠിക്കുന്ന കോര്‍ണര്‍സ്റ്റോണ്‍ സ്കൂള്‍ കനേഡിയന്‍ ഗവണ്‍മെന്റിന്റെ ധനസഹായത്താലാണ് പ്രവര്‍ത്തിക്കുന്നത്. 2009-ലാണ് സ്കൂള്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന ഡിവിഷനില്‍ ചേരുന്നത്.


Related Articles »