News - 2025

സാമൂഹ്യ മാധ്യമങ്ങൾ 'സുഹൃത്ത്' എന്ന പദത്തിന്റെ അർത്ഥത്തിൽ മാറ്റം വരുത്തുന്നതായി ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 27-06-2017 - Tuesday

വത്തിക്കാൻ: സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം മൂലം സുഹൃത്ത് എന്ന പദം, അതിന്റെ യഥാർത്ഥ അർത്ഥത്തിൽ നിന്ന് വ്യതിചലിച്ചതായി ഫ്രാൻസിസ് മാർപാപ്പ. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വെറും ബാഹ്യമായ ഇടപെടലുകളിൽ ഒരു യഥാർത്ഥ സൗഹൃദത്തിന്റെ ആഴവും അടുപ്പവും കണ്ടെത്താനാകില്ലന്ന് അദ്ദേഹം പറഞ്ഞു. പൗരോഹിത്യ- ആത്മീയ ദൈവനിയോഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര അല്മായ സംഘടനയായ സെറയിലെ അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മാർപ്പാപ്പ .

"ഇന്റർനെറ്റ് എന്ന സാങ്കേതിക വിദ്യയിലൂടെ ഉത്ഭവിച്ച സാമൂഹ്യ മാധ്യമങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന പദമാണ് 'സുഹൃത്ത്' (friend). എന്നാൽ ബാഹ്യമായ ഇടപെടലുകളിൽ ഒരു യഥാർത്ഥ സൗഹൃദത്തിന്റെ ആഴവും അടുപ്പവും കണ്ടെത്താനാകില്ല". യേശുക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ടതാണ് യഥാർത്ഥ സൗഹൃദത്തിന്റെ അർത്ഥമെന്ന് മാർപ്പാപ്പ പറഞ്ഞു. "മറ്റൊരു വ്യക്തിയുമായുള്ള പങ്കുവെയ്ക്കലാണ് സൗഹൃദം. തന്റെ പിതാവിൽ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങൾ ശിഷ്യന്മാരുമായി പങ്കുവെച്ച്, സ്നേഹിതർ എന്നാണ് ഈശോ ശിഷ്യന്മാരെ അഭിസംബോധന ചെയ്തത്. അങ്ങനെ ദൈവവും മനുഷ്യനും തമ്മിൽ അവിടുന്ന് ഒരു പുതിയ സുഹൃദ് ബന്ധം സ്ഥാപിച്ചു."

മാർപ്പാപ്പ തുടർന്നു: "സൗഹൃദം, ജീവിതകാലം മുഴുവൻ നിലനില്ക്കുന്ന ഉത്തരവാദിത്വമാണെന്ന് ഈശോ കാണിച്ചു തന്നു. സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല (യോഹന്നാന്‍ 15:13). നമ്മുടെ ഒപ്പമായിരിക്കാനും, പറയാതെ തന്നെ നമ്മെ ശ്രവിക്കാനും, നമ്മുടെ ബലഹീനതകളെ മനസ്സിലാക്കനും, വീഴ്ചകളിൽ കൂടെ നില്ക്കാനും, നിയന്ത്രിക്കുന്നതിനേക്കാൾ സ്നേഹത്തോടെ തെറ്റുകൾ ചൂണ്ടി കാണിക്കാനും ഉത്തമസ്നേഹിതർ കൂടെയുണ്ടാകും".

വൈദികരും അല്മായരും തമ്മിലുള്ള സൗഹൃദം സഭയ്ക്ക് എക്കാലവും ഒരു മുതൽക്കൂട്ടാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. വിശ്വാസത്തിൽ നിലനിൽക്കാനും, പ്രാർത്ഥനയിൽ ആശയിക്കാനും, അപ്പസ്തോലിക പ്രവർത്തനങ്ങളിൽ പങ്കുചേരാനും, അലമായർ വൈദികരുടെ യഥാർത്ഥ സ്നേഹിതരാകണമെന്ന ആഹ്വാനത്തോടെയാണ് മാർപ്പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്.


Related Articles »