India - 2025
വൈദികന് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ്
സ്വന്തം ലേഖകന്‍ 28-06-2017 - Wednesday
കൊച്ചി: ഇരിങ്ങാലക്കുടയിൽ വൈദികന് നേരെ അജ്ഞാതസംഘം നടത്തിയ ആക്രമണത്തെ അപലപിച്ചു സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് (എസ്എംവൈഎം) ദേശീയ സമിതി. ഫാ. ജോയ് വൈദ്യക്കാരനു നേരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്നും സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് (എസ്എംവൈഎം) ദേശീയ സമിതി വക്താക്കള്‍ ആരോപിച്ചു. സമർപ്പിതർക്കു നേരെ ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങളിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവരുടെ ഗൂഢലക്ഷ്യങ്ങൾ തിരിച്ചറിയണമെന്നും സഭയ്ക്കും സഭാശുശ്രൂഷകർക്കും സംരക്ഷണം നൽകാൻ യുവജനങ്ങൾ സന്നദ്ധരാകണമെന്നും സമിതി യോഗം ആവശ്യപ്പെട്ടു.
ദേശീയ പ്രസിഡന്‍റ് അരുണ്‍ ഡേവിസ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കൈപ്പൻപ്ലാക്കൽ, ആനിമേറ്റർ സിസ്റ്റർ അഖില, ജനറൽ സെക്രട്ടറി വിപിൻ പോൾ, സമിതിയംഗങ്ങളായ അഭിലാഷ് ജോണ്‍, ജോസ്മോൻ ഫ്രാൻസിസ്, ബിവിൻ വർഗീസ്, അഞ്ജന ജോസഫ്, കാന്തി വർമ്മ, വിനോദ് റിച്ചാർഡ്സണ്‍, ടെൽമ ജോബി എന്നിവർ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന സ്നേഹഭവൻ ഐടിസി ഡയറക്ടർ ഫാ. ജോയ് വൈദ്യക്കാരനു നേരെ ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറരയോടെയാണ് ആക്രമണം ഉണ്ടായത്. സ്നേഹഭവന്റെ വരാന്തയിൽ നിൽക്കുകയായിരുന്ന ഫാ. ജോയിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമിച്ചത്. ബൈക്കിലെത്തിയവരിൽ ഒരാൾ പൈപ്പ് വടിയുമായി ഓടിവന്ന് ഫാ. ജോയിയുടെ കൈയിലും കാലിലും അടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ വൈദികന് തൃശൂർ അമല മെഡിക്കൽ കോളജില്‍ ചികിത്സയിലാണ്.
