News - 2025
സ്വീഡനിലെ നഴ്സറി സ്കൂളില്‍ 'ആമ്മേന്‍' പറയുന്നതിനും ബൈബിള്‍ പഠിപ്പിക്കുന്നതിനും വിലക്ക്
സ്വന്തം ലേഖകന്‍ 28-06-2017 - Wednesday
സ്റ്റോക്ക്‌ഹോം: സ്വീഡനിലെ കിന്റര്‍ഗാര്‍ട്ടന്‍ സ്കൂളുകളില്‍ ക്രൈസ്തവ വിരുദ്ധ നിലപാട് സ്വീകരിച്ച് ഉമിയാ മുനിസിപ്പാലിറ്റി. ഭക്ഷണസമയത്ത് ദൈവത്തോട് നന്ദി പ്രകാശിപ്പിക്കുന്നതിനും 'ആമേന്‍' എന്ന് പ്രതിവചിക്കുന്നതിനുമാണ് സ്വീഡനിലെ ഉമിയാ മുനിസിപ്പാലിറ്റി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം ലഘു ഭക്ഷണസമയങ്ങളില്‍ കുട്ടികള്‍ക്ക് ബൈബിളിനെ കുറിച്ചു പറഞ്ഞുകൊടുക്കുന്ന ‘ബൈബിള്‍ സ്നാക്ക്ടൈംസില്‍’ നിന്നും അധ്യാപകരേയും മുനിസിപ്പാലിറ്റി വിലക്കിയിട്ടുണ്ട്.
ഒരു പ്രീസ്കൂളില്‍ നടത്തിയ സന്ദര്‍ശനത്തിനിടക്ക് വിദ്യാഭ്യാസ നിയമത്തെ ലംഘിക്കുന്ന പ്രവര്‍ത്തികള്‍ കണ്ടെത്തിയതിനാലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് മുനിസിപ്പാലിറ്റി അധികൃതര്‍ പറയുന്നത്. സ്കൂള്‍ സമയത്ത് പഠിപ്പിക്കുന്ന കാര്യങ്ങളില്‍ മതപരമോ, ഭക്തിപരമോ ആയ കാര്യങ്ങള്‍ ഉള്‍പ്പെടരുതെന്ന് വിദ്യാഭ്യാസ നിയമത്തില്‍ പറയുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കുട്ടികള്‍ക്ക് സ്വയം തീരുമാനിക്കുന്നതിനുള്ള അവകാശവും ഉണ്ടായിരിക്കണമെന്നാണ് മുന്‍സിപ്പാലിറ്റിയുടെ വിശദീകരണം.
മുന്‍സിപ്പല്‍ നിയമത്തിനെതിരെ സാല്‍വേഷന്‍ ആര്‍മി കിന്റര്‍ഗാര്‍ട്ടന്റെ മാനേജരായ ബ്രിറ്റ് മേരി മാര്‍ടെന്‍സന്‍ രംഗത്തെത്തിയിട്ടുണ്ട്. ഭക്ഷണ സമയത്ത് ‘ആമേന്‍’ എന്ന് ഉച്ചരിക്കുന്നത് വിദ്യാഭ്യാസത്തിന്റെ കുടക്കീഴില്‍ വരുന്ന കാര്യമല്ലെന്നു അവര്‍ പറഞ്ഞു. കുട്ടികള്‍ ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രാര്‍ത്ഥിക്കുവാനോ, ദൈവത്തോടു നന്ദി പറയുവാനോ സാധ്യമല്ല. അതിനാലാണ് ഭക്ഷണസമയത്ത് അവര്‍ പ്രാര്‍ത്ഥിക്കുന്നത്. പ്രാര്‍ത്ഥനയും, നന്ദിപ്രകാശനവും കുട്ടികള്‍ക്ക് ഭാവിയില്‍ ഉപകാരപ്രദമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭക്ഷണ സമയത്ത് ദൈവത്തോട് നന്ദി പ്രകാശിപ്പിക്കുന്നത് കാലാകാലമായി ചെയ്തുവരുന്ന ഒരാചാരമാണ്. അതില്‍ നിന്നും കുട്ടികളെ വിലക്കുക എന്നത് വളരെ ദുഃഖകരമായ ഒരു കാര്യമാണ്. പ്രാഥമിക വിദ്യാഭ്യാസകാലത്ത് വിദ്യാഭ്യാസപരവും അല്ലാത്തവയുമായ കാര്യങ്ങളെ വേര്‍തിരിക്കുക എളുപ്പമല്ല. ദൈവത്തോട് നന്ദി പ്രകാശിപ്പിക്കുന്നതില്‍ നിന്നും കുട്ടികളെ വിലക്കുന്ന നടപടി പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുമെന്നാണ് ഉമിയായിലെ നഴ്സറി സ്കൂള്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ അഭിപ്രായം.