News - 2024

ദൈവം നമ്മുക്കു നൽകിയ സമ്പത്തും വിഭവങ്ങളും എല്ലാ മനുഷ്യർക്കും അവകാശപ്പെട്ടതാണെന്ന് ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 04-07-2017 - Tuesday

വത്തിക്കാൻ: ദൈവം നമ്മുക്കു നൽകിയ സമ്പത്തും വിഭവങ്ങളും നമ്മുടെ മാത്രം സ്വന്തമല്ലന്നും, ലോകംമുഴുവനുമുള്ള എല്ലാ മനുഷ്യർക്കും അവകാശപ്പെട്ടതാണെന്നും ഫ്രാൻസിസ് മാർപാപ്പ. ദാരിദ്യം ഒരു സ്വഭാവിക പ്രതിഭാസമല്ലന്നും; യുദ്ധം, തീവ്രവാദം, നിർബന്ധിത പലായനം എന്നിവയാണ് ദാരിദ്ര്യത്തിന്റെ മൂലകാരണങ്ങളെന്നും മാർപ്പാപ്പ, യു.എൻ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ സംഘടനയുടെ നാൽപ്പതാമതു സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.

"ഓരോ രാജ്യങ്ങളിലും കൃഷിയും ഉത്പാദവും വർദ്ധിപ്പിക്കുന്നതിലൂടെ മനുഷ്യവംശത്തിനു മുഴുവനും ഗുണകരമാകുന്ന പ്രവർത്തങ്ങൾ എഫ്.എ.ഒ പോലെയുള്ള അന്താരാഷ്ട്ര സംഘടനകൾ വഴി ഏകോപിക്കണം. ഭക്ഷണം ലഭ്യമാക്കിയ കണക്കുകളിൽ മുൻപന്തിയിൽ നിൽക്കുകയെന്നതിനേക്കാൾ അവകാശങ്ങളിലൂടെ ജീവിതം സുഖമമാക്കുവാനാണ് സംഘടനകളുടെ ഏകീകൃത പ്രവർത്തനം വഴി ലക്ഷ്യം വയ്ക്കേണ്ടത്". ദാരിദ്ര്യ നിർമ്മാർജനത്തിനായി അന്താരാഷ്ട്ര സംഘടനകളോട് ചേർന്ന് വത്തിക്കാൻ സഹകരിക്കുമെന്ന മാർപ്പാപ്പയുടെ സന്ദേശം, സമ്മേളനത്തിൽ കർദിനാൾ പിയട്രോ പരോളിൻ വായിച്ചു .

2030-ൽ പൂർത്തീകരിക്കുന്ന എഫ്.എ.ഒ അജണ്ഡയിലൂടെ ദാരിദ്യനിർമ്മാർജ്ജനം മാത്രമല്ല, ജീവിതത്തിന്റെ അവകാശങ്ങൾ എല്ലാവർക്കും നേടിയെടുക്കാൻ പ്രാപ്തമാകണം. ലോകം മുഴുവനും പരസ്പരം പങ്കുവെയ്ക്കാനും ദാരിദ്യം, പോഷണകുറവ് തുടങ്ങിയ അരക്ഷിതാവസ്ഥകളെ തരണം ചെയ്യാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയും വേണം. സമ്മേളനത്തിലൂടെ പ്രാവർത്തിക തീരുമാനങ്ങൾ എടുക്കാനും, ഭാവിയെ ധീരമായി നേരിടാൻ വേണ്ട സഹായ സഹകരണങ്ങൾ അവശതയനുഭവിക്കുന്ന ജനതയ്ക്ക് എത്തിക്കാനും സാധിക്കട്ടെ എന്ന് മാർപ്പാപ്പ ആശംസിച്ചു.

ഭക്ഷ്യ സുരക്ഷയ്ക്കും ഗ്രാമവികസനത്തിനും മാറ്റി വച്ചിരിക്കുന്ന ഈ വർഷത്തിലെ ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16-ന് മാർപ്പാപ്പ എഫ്.എ.ഒ യുടെ റോമൻ ആസ്ഥാനം സന്ദർശിക്കുമെന്നും കർദിനാൾ പരോളിൻ അറിയിച്ചു.


Related Articles »