News - 2025
ലെസ്ബോസ് ദ്വീപിലെ ജനങ്ങള്‍ക്ക് സഹായവുമായി ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 05-07-2017 - Wednesday
വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ മാസം ഗ്രീസിലെ ലെസ്ബോസ് ദ്വീപില്‍ ഉണ്ടായ ഭൂകമ്പത്തില്‍ വീടുകളും കൃഷിയിടങ്ങളും നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് സഹായഹസ്തവുമായി ഫ്രാന്‍സിസ് പാപ്പ. 50,000 യൂറോയാണ് മാര്‍പാപ്പ ധനസഹായമായി അനുവദിച്ചത്. ഓര്‍ത്തഡോക്സ് വിശ്വാസികള്‍ തിങ്ങിപാര്‍ക്കുന്ന വ്രിസ എന്ന ഗ്രാമത്തിന്‍റെ പുനരുദ്ധാരണപ്രവൃത്തികള്‍ക്കായിട്ടാണ് പണം ചിലവഴിക്കുക.
‘താന്‍ ദുരിതബാധിതരോടൊപ്പമുണ്ട്’ എന്ന വാക്കുകളും ധനസഹായവും ഫ്രാന്‍സിസ് പാപ്പയുടെ കരുണാര്‍ദ്ര സ്നേഹമാണ് വെളിവാക്കുന്നതെന്ന് ഗ്രീസിലെ അപ്പസ്തോലിക നൂണ്‍ഷോ ബിഷപ്പ് എഡ്വാര്‍ഡ് ജോസഫ് ആഡംസ് പറഞ്ഞു.
ഇറാഖിലെയും സിറിയയിലെയും അഭയാര്‍ത്ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലെസ്‌ബോസ് ദ്വീപില്‍ ജൂണ്‍ 12 നാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.3 അടയാളപ്പെടുത്തിയ ഭൂകമ്പത്തില്‍ ഒരു സ്ത്രീ മരിക്കുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. ഭൂകമ്പത്തെ തുടര്‍ന്നു നിരവധി കെട്ടിടങ്ങളാണ് നാമാവശേഷമായത്. ലെസ്‌ബോസിലെ പ്‌ളോമാരി ഗ്രാമത്തിനു തെക്ക് ഈജിയന്‍ കടലിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.