News
വിശ്വാസത്തില്‍ നിന്ന് അകന്നു പോയവര്‍ക്ക് വേണ്ടി മാര്‍പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ത്ഥനാ നിയോഗം
സ്വന്തം ലേഖകന്‍ 06-07-2017 - Thursday
വത്തിക്കാൻ: ക്രൈസ്തവ വിശ്വാസത്തില്‍ നിന്ന് അകന്ന്‍ പോയവര്‍ക്ക് വേണ്ടി ജൂലൈ മാസം പ്രാര്‍ത്ഥിക്കുവാന്‍ മാര്‍പാപ്പയുടെ ആഹ്വാനം. വിശ്വാസത്തിൽ നിന്നും അകന്നുപോയവർക്ക് ക്രിസ്തീയ ജീവിതം സാക്ഷ്യമാകുന്നതിന് പ്രാർത്ഥനയിൽ ഒത്തുചേരണമെന്നും ജൂലായ് മാസത്തിലെ പ്രാർത്ഥനാ നിയോഗത്തെ വിവരിച്ചുള്ള വിഡിയോയില്‍ മാര്‍പാപ്പ പറഞ്ഞു. വിശ്വാസ പ്രതിസന്ധികളും അഭിപ്രായ വിയോജിപ്പുകളുമായി സഭയിൽ നിന്നകന്നു നില്ക്കുന്നവരുടെ മടങ്ങി വരവിനാണ് മാര്‍പാപ്പ ജൂലൈ മാസത്തെ നിയോഗത്തിനു ഊന്നല്‍ നല്‍കിയിരിക്കുന്നത്.
ക്രൈസ്തവരുടെ ആനന്ദം യേശു ക്രിസ്തുവിലും അവിടുത്തെ അനന്ത സ്നേഹത്തിലുമാണ്. ദു:ഖിതനായി കാണപ്പെടുന്ന ഓരോ ക്രൈസ്തവനും യേശുവിൽ നിന്നകലെയാണ്. അവരെ നാം ഒറ്റയ്ക്ക് വിടരുത്. വാക്കുകളിലൂടെയും സാക്ഷ്യങ്ങളിലൂടെയും അവരെ ദൈവമക്കളെന്ന സ്വാതന്ത്യത്തിലേക്ക് തിരികെ കൊണ്ടുവരാനായിരിക്കണം നമ്മുടെ പരിശ്രമം. സഭയില്‍ നിന്ന് അകന്ന്‍ കഴിയുന്ന നമ്മുടെ സഹോദരീ സഹോദരങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം. ക്രൈസ്തവ ജീവിതത്തിന്റെ ആസ്വാദനത്തിലേക്ക് മടക്കി കൊണ്ട് വരുവാന്‍ ഇവരെ സഹായിക്കാം എന്ന ആഹ്വാനത്തോടെയാണ് വീഡിയോ സമാപിച്ചത്.
1884 ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർത്ഥനാ നിയോഗത്തിനു തുടര്‍ച്ചയായാണ് 1929 മുതൽ മാർപ്പാപ്പയുടെ നിയോഗവും കൂട്ടിച്ചേർത്ത് ആഗോള പ്രതിസന്ധികൾക്കായി പ്രതിമാസ മദ്ധ്യസ്ഥ പ്രാർത്ഥന നിയോഗം പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയത്. 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' ആണ് ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം വിവിധ ദൃശ്യങ്ങളെ കൂട്ടിച്ചേര്‍ത്തു തയാറാക്കിയിരിക്കുന്നത്.