News

അയര്‍ലണ്ടില്‍ ജീവന്റെ മഹത്വത്തെ പ്രഘോഷിച്ച് പതിനായിരങ്ങള്‍: ആവേശമായി മലയാളികളും

സ്വന്തം ലേഖകന്‍ 06-07-2017 - Thursday

ഡബ്ലിൻ: ജീവന്റെ മഹത്വത്തെ പ്രഘോഷിച്ച് അയര്‍ലണ്ടിലെ ഡബ്ലിനില്‍ നടത്തിയ വാര്‍ഷിക പ്രോലൈഫ് റാലിയില്‍ പങ്കെടുത്തത് 80,000ത്തിലധികം ആളുകള്‍. ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട്, പ്രഷ്യസ് ലൈഫ്, യൂത്ത് ഡിഫന്റ് തുടങ്ങിയ പ്രോ ലൈഫ് സംഘടനകളുടെ നേതൃത്വത്തിലായിരുന്നു റാലി. ‘ഓൾ അയർലൻഡ് റാലി ഫോർ ലൈഫ്’ എന്ന പേരില്‍ നടത്തിയ റാലിയില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നാണ് ആളുകള്‍ എത്തിയത്.

സിറ്റിയിലെ പാർണൽ സ്‌ക്വയറിൽനിന്ന് മെറിയൻ സ്‌ക്വയറിലേക്കു സംഘടിപ്പിച്ച 11-ാമത് വാര്‍ഷിക പ്രോലൈഫ് മാര്‍ച്ചില്‍ മലയാളികളുടെ സാന്നിധ്യവും ശ്രദ്ധേയമായി. ഡബ്ലിനിലെ സീറോ മലബാർ ദേവാലയത്തിലെ വിശ്വാസീസമൂഹം വൈദികരുടെ നേതൃത്വത്തിലാണ് അണിചേർന്നത്. ‘ശാലോം ഫോർ ലൈഫ്’ എന്ന ബാനറും പ്ലക്കാർഡുകളുമായാണ് ശാലോം വേള്‍ഡ് പ്രവർത്തകർ പ്രോ ലൈഫ് റാലിയിൽ സാന്നിധ്യം അറിയിച്ചത്.

ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരുടെ സ്വാധീനത്തിൽപ്പെട്ട് അയർലൻഡിൽ ഗർഭച്ഛിദ്രത്തിന് നിയമപരമായ പരിരക്ഷ നൽകുന്നതിനുവേണ്ടി ഭരണഘടനയിലെ എട്ടാം വാല്യം ഭേദഗതി ബിൽ ജനഹിത പരിശോധനയ്ക്ക് വിടാൻ തയാറെടുക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾക്കുള്ള ശക്തമായ താക്കീതാണ് റാലിയെന്നു പ്രഭാഷകരായ കാരൺ ഗഫ്‌നിയും ഡെക്ലാൻ ഗാൻലെ ഇസബേലും പറഞ്ഞു.

നേരത്തെ ഇന്ത്യന്‍ യുവതി സവിതാ ഹാലപ്പനാവരുടെ മരണത്തെ തുടര്‍ന്ന് 2013ലാണ് അയര്‍ലണ്ടില്‍ ഭ്രൂണഹത്യ നിയമവിധേയമാക്കിയത്. വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ അബോര്‍ഷന്‍ അനുവദിച്ചെങ്കിലും, അതിലുപരിയായി വ്യാപകാടിസ്ഥാനത്തില്‍ അബോര്‍ഷന്‍ നടത്തുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ ഇതിനുള്ള മുറവിളി രാജ്യത്തു വ്യാപകമാണ്. ഇതിനെതിരായ ചെറുത്തുനില്‍പ്പായിട്ടാണ് സംഘാടകര്‍ റാലിയെ വിലയിരുത്തിയത്.


Related Articles »