News - 2024

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ വൈദിക വിദ്യാര്‍ത്ഥികളുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

സ്വന്തം ലേഖകന്‍ 07-07-2017 - Friday

മോസ്ക്കോ: കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരുന്ന റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ പൗരോഹിത്യ ദൈവവിളി സ്വീകരിച്ചുകൊണ്ട് സെമിനാരികളില്‍ ചേരുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതില്‍ ഏറ്റവുമധികം പേരാണ് സെമിനാരികളില്‍ പൗരോഹിത്യ പരിശീലനം നടത്തി വരുന്നത്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ 261 എപ്പാര്‍ക്കി (രൂപത) കളിലായി 1593-ഓളം വിദ്യാര്‍ത്ഥികള്‍ 2017-ല്‍ പൗരോഹിത്യ പട്ടത്തിനായുള്ള തങ്ങളുടെ പരിശീലനം ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

2016-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 19 ശതമാനം വര്‍ദ്ധനവാണ് ഇതിലുള്ളത്. അതേ സമയം ഏതാണ്ട് 827-ഓളം യുവാക്കള്‍ സഭയുടെ പ്രാരംഭ പരിശീലന കോഴ്സില്‍ ചേരുവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ കണക്ക് വെച്ച് നോക്കുമ്പോള്‍ ഇക്കാര്യത്തില്‍ നാലിലൊന്നോളം വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

You May Like: ‍ 900 വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധ നിക്കോളാസിന്റെ തിരുശേഷിപ്പ് ഇറ്റലിക്ക് പുറത്തേക്ക്: പൂര്‍ണ്ണ സൈനീക ബഹുമതിയോടെ സ്വീകരിച്ച് റഷ്യ

മൊത്തത്തില്‍ 5877 പേര്‍ ഈ വര്‍ഷം സെമിനാരികളില്‍ വൈദിക പരിശീലനം നടത്തി വരുന്നു. 1985-87 കാലഘട്ടത്തില്‍ പോളണ്ടിലെ കത്തോലിക്കാ സഭ അതിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോളുള്ള സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനു തുല്യമാണിത്.

അജപാലന രംഗത്തേക്ക് വരുവാന്‍ ആളുകള്‍ വിമുഖത കാട്ടിക്കൊണ്ടിരിക്കുന്ന നൂറ്റാണ്ടില്‍ ആഗോളസഭക്ക് ആശ്വാസം പകരുന്നതാണ് റഷ്യയില്‍ നിന്നുമുള്ള ഈ വാര്‍ത്ത. കമ്മ്യൂണിസത്തിന്റെ പതനത്തിനു ശേഷം റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ വളര്‍ച്ച ത്വരിതഗതിയിലാണ്. ലോകത്തിലെ 14 ഓര്‍ത്തഡോക്സ് സമുദായങ്ങളില്‍ എണ്ണപ്പെട്ട സമുദായമാണ് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ. 144 ദശലക്ഷത്തോളം വരുന്ന വിശ്വാസികളും, 368 മെത്രാന്‍മാരും, പുരോഹിതരും ഡീക്കന്‍മാരുമായി ഏതാണ്ട് 40,000 ത്തോളം പേരും സഭക്കുണ്ട്.

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ 926 ആശ്രമങ്ങളും കന്യാസ്ത്രീ മഠങ്ങളും ഉണ്ടെന്നതും ശ്രദ്ധേയമാണ്. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ഏതാണ്ട് 6000-ത്തോളം ദേവാലയങ്ങള്‍ മാത്രമായിരുന്നു സഭയുടെ കീഴില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് 36,000-ത്തോളം ദേവാലയങ്ങള്‍ സഭയുടെ കീഴിലുണ്ട്. കഴിഞ്ഞ 30-വര്‍ഷത്തിനിടക്ക് ദിവസംതോറും ശരാശരി മൂന്നു ദേവാലയങ്ങള്‍ വീതം സ്ഥാപിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.


Related Articles »