India - 2025
മണര്‍കാടില്‍ വിശ്വാസ പ്രഖ്യാപന സമ്മേളനം നടത്തി
സ്വന്തം ലേഖകന്‍ 10-07-2017 - Monday
കോട്ടയം: കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ തീമോത്തിയോസിന്റെ അധ്യക്ഷതയില്‍ മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ വിശ്വാസ പ്രഖ്യാപന സമ്മേളനം നടത്തി. സത്യവിശ്വാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആണ് സമ്മേളനം നടന്നത്. തലമുറകൾക്കു വേണ്ടി പടുത്തുയർത്തിയ പള്ളികളും സ്വത്തുക്കളും അതിന്റേതായ സ്ഥാപന ഉദ്ദേശത്തോടു കൂടി കാത്തുപരിപാലിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ടെന്നു തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
ഡോ.ഗീവർഗീസ് മാർ കൂറിലോസ് മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലിക അവകാശങ്ങൾ ആർക്കും നിഷേധിക്കാൻ സാധ്യമല്ലെന്നും അതിന്റെ പേരിൽ ഒരു സുപ്രഭാതത്തിൽ ഒരു സഭയെ മുഴുവൻ ഇല്ലാതാക്കുന്ന വ്യവസ്ഥിതി അംഗീകരിക്കപ്പെടാൻ ആവില്ലെന്നും ന്യായാധിപൻമാരിൽ ന്യായാധിപൻ ആകുന്ന സത്യ ദൈവം പ്രതികരിക്കട്ടെയെന്നും ഡോ. ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.
ഫാ. എം.ഐ. തോമസ് മറ്റത്തിൽ ചൊല്ലിക്കൊടുത്ത പ്രമേയം വിശ്വാസികൾ കൈകൾ ഉയർത്തിപ്പിടിച്ച് ഏറ്റു പറഞ്ഞു. ഫാ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പ കറുകയിൽ, ഫാ. മാത്യുസ് മണവത്ത്, ചീഫ് ട്രസ്റ്റി അച്ചൻ കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.