Meditation. - June 2024

അപ്പം നല്‍കുന്നവനെ ഒഴിവാക്കി, അപ്പം കൊണ്ടു മാത്രം ജീവിക്കാന്‍ മനുഷ്യന്‍ ശ്രമിക്കുമ്പോള്‍...!

സ്വന്തം ലേഖകന്‍ 27-06-2023 - Tuesday

"അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു" (മത്താ 4: 4).

യേശു ഏകരക്ഷകൻ: ജൂണ്‍ 27
അന്നന്നുവേണ്ട 'അപ്പം' മനുഷ്യനു അത്യാവശ്യമാണെന്ന് അറിയുന്ന ദൈവം അതു പ്രദാനം ചെയ്യുന്ന കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ്. തന്നെ ശ്രവിക്കുവാന്‍ എത്തിച്ചേര്‍ന്ന ജനങ്ങളുടെ ഭൌതീകമായ വിശപ്പിന്റെ നേരെ യേശു കണ്ണടുക്കുന്നില്ല. അവര്‍ ആവശ്യപ്പെടാതെ തന്നെ അവര്‍ക്ക് അപ്പം നല്‍കുന്ന യേശുവിനെയാണ് സുവിശേഷത്തില്‍ നാം കാണുന്നത്. തന്റെ ശിഷ്യന്മാരെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ചപ്പോള്‍ ഈ അപ്പത്തിന്റെ കാര്യവും ഉള്‍പ്പെടുത്തുവാന്‍ അവിടുന്ന് മറന്നില്ല.

ഇപ്രകാരം 'അന്നന്നുവേണ്ട ആഹാരം' എന്നും ലഭിക്കുന്നവരില്‍ ഒരു വിഭാഗം മനുഷ്യര്‍, അപ്പം നല്‍കുന്നവനെ ഒഴിവാക്കി അപ്പം കൊണ്ട് മാത്രം ജീവിക്കാം എന്നു വ്യാമോഹിക്കുന്നു. മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നതു എന്നു ജീവദാതാവും പരിപാലകനുമായ ദൈവം തന്നെ പറയുമ്പോള്‍ മനുഷ്യജീവിതത്തിന് ആവശ്യമായ ഒരു ആത്മീയ വിശപ്പ് മനുഷ്യന്നുണ്ടെന്ന് അവിടുന്ന് വ്യക്തമാക്കുന്നു. പിതാവായ ദൈവം അവിടുത്തെ മക്കളായ മനുഷ്യര്‍ക്ക് നല്കിയിരിക്കുന്ന ഈ ആത്മീയ വിശപ്പാണ് ദൈവത്തെ അന്വേഷിക്കുവാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. ഈ വിശപ്പ് കൂടുതലായി അനുഭവിക്കുന്ന ആത്മാവില്‍ ദരിദ്രരായ മനുഷ്യരെ ഭാഗ്യവാന്‍മാര്‍ എന്നാണ് യേശു വിശേഷിപ്പിക്കുന്നത്.

ഇന്ന്‍ അനേകം മനുഷ്യര്‍ ഈ വിശപ്പ് തിരിച്ചറിയാന്‍ കഴിയാതെ ഭൌതികമായ അപ്പത്തിന്റെ കാര്യത്തില്‍ മാത്രം ശ്രദ്ധിച്ച്കൊണ്ട് ഭൂമിയില്‍ ജീവിക്കുന്നു. ഈ ഭൂമിയിലെ ജീവിതം തിന്നാനും കുടിക്കുവാനും ശരീരത്തിന്റെ സുഖങ്ങള്‍ ആസ്വദിക്കുവാനും വേണ്ടി മാത്രമുള്ളതാണ് എന്നു തെറ്റിദ്ധരിച്ച് കൊണ്ട് അപ്പം നല്‍കുന്നവനെ ഒഴിവാക്കി ചില മനുഷ്യര്‍ അപ്പത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് ജീവിക്കുന്നു.

മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യനായി തീരുന്നത് ശരീരവും ആത്മാവും ദൃഢമായി ഐക്യപ്പെട്ടിരിക്കുമ്പോഴാണ്. സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയില്‍ 'അന്നന്ന്‍ വേണ്ട ആഹാരം' എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് സമ്പൂര്‍ണ്ണ മനുഷ്യനുള്ള ആഹാരം ആത്മാവിനും ശരീരത്തിനുമുള്ള ആഹാരം എന്നാണ്. ഇന്ന്‍ ലോകത്തില്‍ അനേകം മനുഷ്യര്‍ മനുഷ്യനെ വെറും ശരീരം മാത്രമായി കാണുകയും ശരീരത്തിന്റെ വിശപ്പില്‍ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്നത് കൊണ്ടാണ് പരിപാവനമായിരിക്കുന്ന സ്ത്രീപുരുഷ ബന്ധങ്ങള്‍ പോലും കേവലം ലൈംഗീകതയായി തരം താഴ്ത്തപ്പെടുന്നത്. സ്ത്രീ പുരുഷ സ്നേഹം ഒരു ഉത്പന്നമായി കണക്കാക്കപ്പെടുന്നു. വാങ്ങുകയും വില്‍ക്കുകയും ചെയ്യാവുന്ന വെറുമൊരു വസ്തു. മറ്റൊരുവിധത്തില്‍ മനുഷ്യന്‍ തന്നെ വസ്തുവായി മാറുന്നു.

ഇക്കാരണത്താല്‍ ഒരു മനുഷ്യന്റെ അന്തസ്സ് എന്നത് അവന് സമൂഹം നല്‍കുന്ന വിലയെ ആശ്രയിച്ചല്ല, പിന്നെയോ അവന്‍ എത്രമാത്രം ദൈവത്തോട് ചേര്‍ന്നിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ആത്മാവിന്റെ വിശപ്പ് തിരിച്ചറിയുകയും ആ വിശപ്പടക്കാന്‍ തീവ്രമായി ആഗ്രഹിക്കുകയും ചെയ്യുന്ന ആത്മാവില്‍ ദരിദ്രരായ മനുഷ്യരെ മാത്രമേ ഭാഗ്യവാന്മാര്‍ എന്നു വിളിക്കാന്‍ സാധിക്കൂ. അല്ലാതെ ഈ 'ലോകം' ഭാഗ്യവാന്മാര്‍ എന്നു വിളിക്കുന്നവരുടെ സൗഭാഗ്യങ്ങൾ ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന ചില്ലുകൊട്ടാരങ്ങള്‍ മാത്രം.

വിചിന്തനം
അന്നന്നു ലഭിക്കുന്ന അപ്പം മതിയാവോളം ഭക്ഷിച്ചു കൊണ്ട് ദൈവത്തെ മറന്ന്‍ ജീവിക്കുന്ന അനേകം മനുഷ്യരെ നമ്മുടെ ചുറ്റും കാണുവാന്‍ സാധിയ്ക്കും. താന്‍ അനുഭവിക്കുന്ന സുഖങ്ങളും സൗഭാഗ്യങ്ങളും സ്വന്തം കഴിവുകൊണ്ട് നേടിയതാണെന്ന്‍ അഹങ്കരിച്ച് കൊണ്ട് അവര്‍ ദൈവത്തെ തള്ളിപറയുന്നു. എങ്കിലും ദുഷ്ട്ടരുടെയും ശിഷ്ട്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിന്‍മാന്‍മാരുടെയും നീതിരഹിതരുടെയും മേല്‍ മഴപെയ്യിക്കുകയും ചെയ്യുന്ന ദൈവം എല്ലാവരോടും വീണ്ടും കരുണ കാണിക്കുന്നു. ദൈവത്തെ തേടുവാന്‍ അവിടുന്ന് മനുഷ്യനു നല്‍കിയിരിക്കുന്ന ആത്മാവിന്റെ വിശപ്പ് എല്ലാ മനുഷ്യരും തിരിച്ചറിയുവാനും, ആ വിശപ്പടക്കുന്ന നിത്യജീവന്റെ വചസ്സുകള്‍ തേടി ലോകം മുഴുവന്‍ യേശുക്രിസ്തുവിലേക്ക് അണയുവാനും വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »