News - 2025

വീട്ടുതടങ്കലിലായിരുന്ന എറിട്രിയന്‍ പാത്രിയാര്‍ക്കീസ് 10 വര്‍ഷത്തിനു ശേഷം ആദ്യമായി വിശുദ്ധ ബലിയര്‍പ്പിച്ചു

സ്വന്തം ലേഖകന്‍ 18-07-2017 - Tuesday

അസ്മാര: വീട്ടുതടങ്കലിലായിരുന്ന എറിട്രിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയാര്‍ക്കീസ് 10 വര്‍ഷത്തിനു ശേഷം ആദ്യമായി പൊതുവേദിയില്‍ വിശുദ്ധ ബലിയര്‍പ്പിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച അസ്മാരായിലെ സെന്റ്‌ മേരീസ് കത്തീഡ്രലിലായിരിന്നു അബൂണെ അന്റോണിയോസ് എന്ന പാത്രിയാര്‍ക്കീസ് ദിവ്യബലിയര്‍പ്പിച്ചത്. മനുഷ്യാവകാശ സംഘടനയായ ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വെബ്ബാണ് ഇക്കാര്യം പുറത്ത് വിട്ടത്.

2007- മുതല്‍ വീട്ടുതടങ്കലിലായിരുന്ന അബൂണെ അന്റോണിയോസ് പാത്രിയാര്‍ക്കീസ് അര്‍പ്പിച്ച ബലിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തുവെന്ന് ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് സ്ഥിരീകരിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് പാത്രിയാര്‍ക്കീസ് ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതെന്നും നിരന്തരമായ പ്രാര്‍ത്ഥനയുടേയും, സമ്മര്‍ദ്ദത്തിന്റേയും ഫലമാണിതെന്നും സി‌എസ്‌ഡബ്ല്യു വക്താക്കള്‍ പറഞ്ഞു.

അതേ സമയം പാത്രിയാര്‍ക്കീസിന്റേത് താല്‍ക്കാലിക മോചനമാണോ അതോ ഉപാധികളോടെയുള്ള മോചനമാണോ എന്ന് സംഘടന വ്യക്തമാക്കിയിട്ടില്ല. അദ്ദേഹത്തിന് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ സാധിച്ചുവെന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും, മോചനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികം താമസിയാതെ ലഭ്യമാകുമെന്നും സി‌എസ്‌ഡബ്ല്യുവിന്റെ ചീഫ് എക്സിക്യുട്ടീവായ മെര്‍വിന്‍ തോമസ്‌ പറഞ്ഞു.

ഗവണ്‍മെന്റിന്റെ നയങ്ങളെ എതിര്‍ത്ത 3,000-ത്തോളം ഇടവക വിശ്വാസികളെ പുറത്താക്കണമെന്ന ഗവണ്‍മെന്റ് നിര്‍ദ്ദേശം അനുസരിക്കാത്തതും തടവുപുള്ളികളുടെ മോചനം ആവശ്യപ്പെട്ടതുമാണ് 90-കാരനായ പാത്രിയാര്‍ക്കീസിനെ എറിത്രിയന്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്. എറിട്രിയയിലെ അതോറിട്ടേറിയന്‍ സര്‍ക്കാര്‍ ക്രിസ്തുമതത്തിന്റേയും, മതസ്ഥാപനങ്ങളുടേയും മേല്‍ അന്യായമായ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. 2007 ജനുവരി 20-ന് സര്‍ക്കാര്‍ അധികാരികള്‍ പാത്രിയാര്‍ക്കീസിന്റെ സഭാപദവികളും, മുദ്രകളും കണ്ടുകെട്ടിയിരിന്നു.

അതേവര്‍ഷം മെയ് മാസത്തില്‍ തന്നെ അദ്ദേഹത്തെ നിര്‍ബന്ധപൂര്‍വ്വം തന്റെ ഭവനത്തില്‍ നിന്നും മാറ്റി ഒരു അജ്ഞാതകേന്ദ്രത്തില്‍ വീട്ടുതടങ്കലിലാക്കുകയായിരിന്നു. അന്റോണിയോസ് പാത്രിയാര്‍ക്കീസിന്റെ പ്രമേഹരോഗത്തിനുള്ള മരുന്നുകള്‍ പോലും നിഷേധിച്ചിരുന്നതായി പറയപ്പെടുന്നു. 4 ഓര്‍ത്തഡോക്സ് വൈദികര്‍, 8 പ്രൊട്ടസ്റ്റന്റ് നേതാക്കള്‍ ഉള്‍പ്പെടെ പതിനായിരകണക്കിന് ആളുകള്‍ തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ എറിട്രിയന്‍ ജയിലുകളില്‍ കഴിയുന്നുണ്ട്.


Related Articles »