News - 2025

ഇസ്രായേലിനോടുള്ള തങ്ങളുടെ സ്നേഹത്തിന്റെ കാരണം ദൈവവചനം: അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്

സ്വന്തം ലേഖകന്‍ 20-07-2017 - Thursday

വാഷിംഗ്ടണ്‍: ഇസ്രായേലിനോടുള്ള തങ്ങളുടെ സ്നേഹത്തിന്റെ കാരണം ദൈവ വചനമാണെന്ന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഇസ്രായേലിനെ പിന്തുണക്കുന്ന ക്രൈസ്തവരുടെ സംഘടനയായ ‘ക്രിസ്റ്റ്യന്‍സ് യുണൈറ്റഡ് ഫോര്‍ ഇസ്രായേലിന്റെ (CUFI) പന്ത്രണ്ടാമത് വാര്‍ഷിക ഉച്ചകോടിയിലാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഇപ്രകാരം പറഞ്ഞത്. താനും പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപും ഇസ്രായേലിനെ പിന്തുണക്കുന്നതില്‍ അഭിമാനം കൊള്ളുന്നവരാണെന്നും തങ്ങള്‍ ക്രിസ്ത്യാനികളാണെന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച അമേരിക്കന്‍ തലസ്ഥാനനഗരിയില്‍ വെച്ച് നടന്ന ഉച്ചകോടിയില്‍ ഇസ്രായേലിനെ പിന്തുണക്കുന്ന ആയിരക്കണക്കിന് ക്രിസ്ത്യാനികളാണ് പങ്കെടുത്തത്. പ്രസിഡന്റ് ട്രംപിന്റെ ഭരണത്തില്‍ ലോകത്തിന് മറ്റൊന്നും മനസ്സിലായില്ലെങ്കിലും, അമേരിക്ക ഇസ്രായേലിനൊപ്പമുണ്ടെന്ന കാര്യം മനസ്സിലാകും. ഇസ്രായേലിനെ കാണുമ്പോള്‍ തന്റെ വാഗ്ദാനം പാലിക്കുന്ന അബ്രഹാമിന്റേയും, ഇസഹാക്കിന്റേയും, യാക്കോബിന്റേയും ദൈവമായ കര്‍ത്താവിനെയാണ് ഓര്‍മ്മവരിക എന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലിനോടുള്ള തങ്ങളുടെ സ്നേഹം കാപ്പിറ്റോള്‍ ഹില്ലില്‍ നിന്നുമല്ല വരുന്നത്, മറിച്ച് ദൈവവചനത്തില്‍ നിന്നുമാണ്. ഇസ്രായേലിലെ അമേരിക്കന്‍ എംബസ്സി ടെല്‍ അവീവില്‍ നിന്നും ജെറൂസലേമിലേക്ക് മാറ്റും. അമേരിക്ക ഇസ്രായേലിനോടൊപ്പം തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുമെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയ കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അമേരിക്കയില്‍ ഇസ്രായേലിനെ പിന്തുണക്കുന്നവരുടെ ഏറ്റവും വലിയ സംഘടനയാണ് ‘ക്രിസ്റ്റ്യന്‍സ് യുണൈറ്റഡ് ഫോര്‍ ഇസ്രായേല്‍. 1992-ല്‍ ഡേവിഡ് ലേവിസാണ് ബൈബിളിന്റെ അടിസ്ഥാനത്തില്‍ ഇസ്രായേലിനെ പിന്തുണക്കുന്ന സംഘടനയ്ക്കു ആരംഭം കുറിച്ചത്. ഇസ്രായേലിന് രാഷ്ട്രീയവും, സാമ്പത്തികവുമായി പിന്തുണയാണ് സംഘടന നല്‍കിവരുന്നത്.

പ്രസിഡന്റിനേയും, വൈസ് പ്രസിഡന്റിനേയും പോലെ മറ്റുള്ള പ്രതിനിധികളും, സെനറ്റര്‍മാരും ഇസ്രായേലിനെ പിന്തുണക്കണമെന്ന അഭ്യര്‍ത്ഥനയുമായി ക്രിസ്റ്റ്യന്‍സ് യുണൈറ്റഡ് ഫോര്‍ ഇസ്രായേല്‍ അംഗങ്ങള്‍ കഴിഞ്ഞ ചൊവ്വാഴ്ച കാപ്പിറ്റോള്‍ ഹില്ലില്‍ എത്തിയിരുന്നു.


Related Articles »