News - 2025
പ്രവാചകനിന്ദാ കുറ്റം ആരോപിച്ച് പാക്കിസ്ഥാനില്‍ ക്രൈസ്തവ ബാലനെ അറസ്റ്റു ചെയ്തു
സ്വന്തം ലേഖകന്‍ 21-07-2017 - Friday
ലാഹോര്‍: പാക്കിസ്ഥാനിലെ ഗുജരാത്ത് ജില്ലയിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ദിംഗാ പട്ടണത്തിലെ 16 വയസ്സുള്ള ക്രൈസ്തവ ബാലനെ പ്രവാചകനിന്ദാ കുറ്റം ആരോപിച്ച് പോലീസ് അറസ്റ്റുചെയ്തു. ഷഹ്സാദ് മാസി എന്ന ബാലനാണ് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുംവിധത്തിലുള്ള പരാമര്‍ശം നടത്തിയെന്നു ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 14-നാണ് ഷഹ്സാദ് മാസി അറസ്റ്റിലാകുന്നത്.
അതേ സമയം തീവ്ര ഇസ്ളാമിക വാദികള്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കും എന്ന ഭയത്താല്‍ അറസ്റ്റ് ചെയ്ത ഉടന്‍ തന്നെ ഷഹ്സാദ് മാസിയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഷഹ്സാദ് മാസി പ്രവാചകനെ അപമാനിച്ചുവെന്ന് തന്റെ ഒരു സുഹൃത്തില്‍ നിന്നും അറിയുവാന്‍ കഴിഞ്ഞെന്ന ദിംഗാ പട്ടണത്തില്‍ ഇലക്ട്രിക് കട നടത്തുന്ന നദീം അഹമദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് സൂപ്രണ്ടായ മാസ് സഫര്‍ പറഞ്ഞു. ദിംഗയിലെ ഷാമിം റിയാസ് ആശുപത്രിയിലെ തൂപ്പുജോലിക്കാരനായി സേവനം ചെയ്യുന്നതിനിടെയാണ് അറസ്റ്റ്.
എന്നാല്‍ പരാതി വ്യാജമാണെന്നാണ് ഷഹ്സാദ് മാസിയുടെ കുടുംബാംഗങ്ങള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഷഹ്സാദ്, ഇഷ്തിയാക് ക്വാദ്രിയെന്ന ആളുമായി മതസംബന്ധിയായ വിഷയത്തില്‍ ഉണ്ടായ വാഗ്വാദമാണ് സംഭവങ്ങള്‍ക്കാധാരം. സ്ഥലത്തെ പ്രാദേശിക ഡോക്ടറിന്റെ ഇടപെടല്‍ നിമിത്തം തര്‍ക്കം തീര്‍ന്നെങ്കിലും, ഇക്കഴിഞ്ഞ ജൂലൈ 13-ന് വീണ്ടും തര്‍ക്കം ആരംഭിക്കുകയായിരിന്നു. അതേ സമയം അറസ്റ്റിനെതുടര്‍ന്ന്‍, അടുത്തുള്ള മുസ്ലീം പള്ളിയില്‍ നിന്നും വധഭീഷണിയുള്ളതിനാല്‍ ഷഹ്സാദ് മാസിയുടെ കുടുംബം നഗരം വിട്ടു.
തീവ്ര ഇസ്ളാമികവാദികള്‍ ‘ലാനത്’ (അപമാനം) എന്ന തലക്കെട്ടോടെ ഷഹ്സാദിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. പ്രവാചകനിന്ദ പാകിസ്ഥാനില്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. ഖുറാനെ നിന്ദിക്കുന്നവര്‍ക്ക് ജീവപര്യന്തം തടവു ശിക്ഷയാണ് പാക്കിസ്ഥാന്‍ ന്യായപീഠം നല്‍കുന്നത്. എന്നാല്‍ ഇതിനെ വളച്ചൊടിച്ച് ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷങ്ങളോട് വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനും, പകപോക്കുന്നതിനുമുള്ള ഒരായുധമാക്കി മാറ്റിയിരിക്കുകയാണ് രാജ്യത്തെ ഇസ്ളാമികവാദികള്‍.