News - 2024

ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ധനസഹായവുമായി വീണ്ടും ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 24-07-2017 - Monday

വത്തിക്കാന്‍ സിറ്റി: ആഭ്യന്തര പ്രശ്നങ്ങളും ഭക്ഷ്യക്ഷാമവും രൂക്ഷമായ കിഴക്കന്‍ ആഫ്രിക്കയിലേക്ക് സഹായവുമായി ഫ്രാന്‍സിസ് പാപ്പ. കിഴക്കന്‍ ആഫ്രിക്കന്‍ഭാഗങ്ങളിലെ കഠിനമായ ക്ഷാമത്തെ നേരിടുന്നതിന് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യകാര്‍ഷികസംഘടന രൂപീകരിച്ച പ്രത്യേക പദ്ധതിയിലേക്കു 25000 യൂറോ (ഏകദേശം 19 ലക്ഷം രൂപ) ആണ് മാര്‍പാപ്പ സംഭാവന നല്‍കിയത്. ജൂലൈ 21നാണ് ഇക്കാര്യം വത്തിക്കാന്‍ പുറത്തുവിട്ടത്.

ജൂലൈ മൂന്നാം തീയതി സംഘടനയുടെ നേതൃത്വത്തില്‍ റോമില്‍ വച്ചുനടന്ന രാജ്യാന്തര സമ്മേളനത്തിനു നല്‍കിയ സന്ദേശത്തില്‍, ഭക്ഷ്യക്ഷാമത്തെയും മററു ആഗോളപ്രശ്നങ്ങളെയും നേരിടുന്നതിനു നടത്തുന്ന ഐക്യദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാത്തരത്തിലുമുള്ള സഹകരണങ്ങള്‍ക്കും രാജ്യാന്തരബന്ധങ്ങള്‍ക്കും പ്രചോദനമാകുന്നതിന് കാരണമാകട്ടെ എന്നു പാപ്പാ ആശംസിച്ചിരുന്നു.

നേരത്തെ സുഡാനിലെ ജനങ്ങള്‍ക്ക് മാര്‍പാപ്പ സഹായം ലഭ്യമാക്കിയിരിന്നു. 'സുഡാനായി മാർപാപ്പ' എന്ന പദ്ധതിയുടെ കീഴിയിലാണ് വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നീ മേഖലകളിലേക്കായി രണ്ടു ലക്ഷം യൂറോയുടെ ധനസഹായമാണ് അന്ന്‍ കൈമാറിയത്. ജൂലൈ ആദ്യവാരത്തില്‍ ഗ്രീസിലെ ലെസ്ബോസ് ദ്വീപില്‍ ഉണ്ടായ ഭൂകമ്പത്തില്‍ വീടുകളും കൃഷിയിടങ്ങളും നഷ്ടപ്പെട്ട ജനങ്ങള്‍ക്കും ഫ്രാന്‍സിസ് പാപ്പ സഹായമെത്തിച്ചിരിന്നു. 50,000 യൂറോയാണ് അന്ന് പാപ്പ നല്‍കിയത്.


Related Articles »