News - 2025

ഹിന്ദുത്വ രാഷ്ട്രമെന്ന ആശയം ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഠതക്കും ഏറ്റവും വലിയ ഭീഷണി: ജെസ്യൂട്ട് പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ നടത്തിയ വിശകലനം ശ്രദ്ധേയമാകുന്നു

സ്വന്തം ലേഖകന്‍ 27-07-2017 - Thursday

ന്യൂഡല്‍ഹി: എന്‍‌ഡി‌എ ഭരണകൂടത്തിന്റേയും, വര്‍ഗ്ഗീയ ശക്തികളുടേയും ഹിന്ദുത്വ രാഷ്ട്രമെന്ന ആശയത്തെക്കുറിച്ച് തെക്കന്‍ ഏഷ്യയിലെ ജെസ്യൂട്ട് പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ നടത്തിയ വിശകലനം ശ്രദ്ധേയമാകുന്നു. സൗത്തേഷ്യയിലെ ജെസ്യൂട്ട് സഭയുടെ പ്രൊവിൻഷ്യാള്‍ സുപ്പീരിയറായ ഫാ . ജോർജ്ജ് പട്ടേരി എസ്‌ജെ 'ഏഷ്യന്യൂസി'ല്‍ എഴുതിയ ലേഖനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഠതക്കും ഏറ്റവും വലിയ ഭീഷണി, മത മൗലീകവാദികള്‍ ഉയര്‍ത്തുന്ന ‘ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്ന’ ആശയമാണെന്നു അദ്ദേഹം കുറിച്ചു.

‘മതേതര ജനാധിപത്യരാജ്യമായ ഇന്ത്യ’ എന്ന സങ്കല്‍പ്പം സാധ്യമാക്കിയ ആദ്യ സമരംപ്പോലെ, മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിവേചനത്തിനും, ദളിതരോടുള്ള അവഗണനയ്ക്കും ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുമുള്ള ശ്രമത്തിനുമെതിരെ രണ്ടാം സമരത്തിന്റെ ആവശ്യമുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം കഴിഞ്ഞ 70 വര്‍ഷമായി ഒരു സ്വതന്ത്ര ജനാധിപത്യരാജ്യമെന്ന ഖ്യാതി നിലനിര്‍ത്തുവാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു.

എന്നാല്‍ ഹിന്ദു വര്‍ഗ്ഗീയവാദികളായ രാഷ്ട്രീയ സ്വയം സേവക് സംഘും (RSS) അവരുടെ അനുബന്ധ സംഘടനകളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തിത്തുടങ്ങിയത് മുതല്‍ മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഒരു ഹിന്ദുരാജ്യമാക്കി മാറ്റുവാനുള്ള ശക്തമായ ശ്രമങ്ങളാണ് നടന്നുവരുന്നത്. ഇന്ത്യന്‍ ഭരണകൂടമാകട്ടെ, പ്രത്യക്ഷമായും, പരോക്ഷമായും കോര്‍പ്പറേറ്റ് അജണ്ടയും, സങ്കുചിതമായ ദേശീയതയും ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ ശ്രമിക്കുന്നു. ഇതിനു പല ഉദാഹരണങ്ങളും ഫാ. ജോർജ്ജ് പട്ടേരി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഘര്‍ വാപസി, ഗോ രക്ഷാ പ്രവർത്തനങ്ങൾ, മാംസ നിരോധനം, മതപരിവര്‍ത്തനത്തിനെതിരെയുള്ള നീക്കങ്ങള്‍, ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കല്‍ തുടങ്ങിയവ രാഷ്ട്രീയത്തെ മലിനമാക്കി. സുപ്രീം കോടതി, ഹൈകോടതി, താഴ്ന്ന കോടതി എന്നിവിടങ്ങളില്‍ ജഡ്ജിമാരായി ഹിന്ദുത്വ വാദികള്‍ കടന്നുകൂടിയിരിക്കുന്നത് അപകടകരമാണ്. വിദ്യാഭ്യാസമേഖലയിലാകട്ടെ ഹിന്ദുത്വപരമായ ആശയങ്ങള്‍ പാഠപുസ്തകങ്ങളില്‍ കുത്തിനിറക്കുന്നതും ഈ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളായി ടി.വി, പത്രമാധ്യമങ്ങളെ ഉപയോഗിക്കുന്നതും ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റുവാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നദ്ദേഹം നിരീക്ഷിക്കുന്നു.

മതന്യൂനപക്ഷങ്ങള്‍ക്കും, ദളിതര്‍ക്കും എതിരായ ആക്രമണങ്ങളില്‍ എപ്പോഴും ഇരകള്‍ കുറ്റക്കാരാക്കപ്പെടുന്നത് നിയമവ്യവസ്ഥയെ തകിടം മറിക്കുന്നതിന് തുല്ല്യമാണ്. അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യ നിഷേധവും ജനാധിപത്യത്തിനുമേലുള്ള മറ്റൊരു കടന്നു കയറ്റമാണ്.

കുത്തകമുതലാളികള്‍ക്ക് സഹായമാംവിധം ഭൂനിയമങ്ങള്‍ പരിഷ്കരിച്ചതും, അവര്‍ക്കനുസൃതമായ രീതിയിലുള്ള സാമ്പത്തിക പരിഷ്കാരങ്ങളും (കറന്‍സി റദ്ദാക്കല്‍, GST തുടങ്ങിയവ) രാജ്യത്തെ പാവപ്പെട്ടവരെ സാരമായി ബാധിച്ചു. പുതിയ നിയമങ്ങള്‍ വഴി മതന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനും, അദ്ധ്യാപക നിയമനത്തിനുമുള്ള അധികാരവും സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്നത് മതന്യൂനപക്ഷങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്.

‘മുസ്ലീങ്ങളും, ക്രിസ്ത്യാനികളും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിദേശികളാണെന്നും, തൊഴില്‍ മേഖലയില്‍ അവര്‍ക്ക് പ്രത്യേക പരിഗണയുടെ ആവശ്യമില്ലെന്നുമുള്ള’ ബി‌ജെ‌പി വക്താവിന്റെ വാക്കുകളും ജെസ്യൂട്ട് പ്രൊവിന്‍ഷ്യാള്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. സമത്വം, സാഹോദര്യം, മതേതരത്വം, നാനാത്വം എന്നിങ്ങനെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെ കശാപ്പ് ചെയ്യുന്നത് നിശബ്ദരായി നോക്കിനില്‍ക്കുകയല്ല തങ്ങളുടെ ദൗത്യം. മറിച്ച്, വെറുപ്പും, വിദ്വേഷവും നിറഞ്ഞ ഒരു മേഖലയായി ഇന്ത്യ മാറാതിരിക്കുവാന്‍ സമാധാനവും, അനുരഞ്ജനവും വഴി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക ഉന്നതിയും ഐക്യവും ഉള്ള മനുഷ്യ സമൂഹങ്ങളെ സൃഷ്ടിക്കുകയാണ് തങ്ങളുടെ കര്‍ത്തവ്യമെന്നും ജെസ്യൂട്ട് പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ തന്റെ വിശകലനത്തില്‍ കുറിച്ചു.


Related Articles »