News
ഇന്തോനേഷ്യയില്‍ പൗരോഹിത്യത്തിന് വസന്തകാലം: രണ്ടാഴ്ചക്കുള്ളില്‍ തിരുപട്ടം സ്വീകരിച്ചത് 19 പേര്‍
സ്വന്തം ലേഖകന്‍ 29-07-2017 - Saturday
ജക്കാര്‍ത്ത: യൂറോപ്യന്‍ രാജ്യങ്ങളില്‍ പുരോഹിതരുടെ എണ്ണം കുറയുന്നുവെന്ന വസ്തുത നിലനില്‍ക്കേ ലോകത്തിലെ ഏറ്റവും വലിയ ഇസ്ളാമിക രാജ്യമായ ഇന്തോനേഷ്യയില്‍ രണ്ടാഴ്ചക്കുള്ളില്‍ തിരുപട്ടം സ്വീകരിച്ചത് 19 പേര്‍. സന്യാസ സഭകളിലും, രൂപതാ സെമിനാരികളിലും ചേരുവാനായി ധാരാളം യുവാക്കള്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നുയെന്നതും ശ്രദ്ധേയമാണ്. ഇതിനെ ശരിവെക്കുന്നതാണ് തിരുപട്ടം സ്വീകരിച്ചവരുടെ പുതിയ കണക്കുകള്‍.
കഴിഞ്ഞ ദിവസം പടിഞ്ഞാറന്‍ സുമാത്ര പ്രൊവിന്‍സിലെ പഡാങ്ങ് രൂപതയില്‍ മെത്രാന്‍ മാര്‍ട്ടിനൂസ് ഡി സിടുമൊറാങ്ങില്‍ നിന്നും ബടാക് വംശത്തില്‍പ്പെട്ട വോള്‍ഫ്രാം ഇഗ്നേഷ്യസ് നാടീക്, പ്രിയാന്‍ സാവൂട്ട് ഡോണി ഡൊങ്ങന്‍ മലാവു എന്നിവര്‍ രൂപതാ പുരോഹിതരായി തിരുപട്ട സ്വീകരണം നടത്തി. രണ്ടുദിവസങ്ങള്‍ക്ക് മുന്‍പ് യോഗ്യകര്‍ത്ത സെമറാങ്ങ് രൂപതയിലെ മെത്രാപ്പോലീത്തയായ റോബെര്‍ട്ടൂസ് റുബിയാട്ട്മോക്കോയില്‍ നിന്നും എട്ടോളം പേര്‍ തങ്ങളെത്തന്നെ ദൈവസേവനത്തിനായി സമര്‍പ്പിച്ചു.
കെന്റുങ്ങനിലെ സെന്റ് പോള്‍ സെമിനാരിയിലെ ചാപ്പലില്‍ വെച്ചു നടന്ന ചടങ്ങുകളില്‍ സംബന്ധിക്കുവാന്‍ നൂറുകണക്കിനു വിശ്വാസികളാണ് എത്തിയത്. രണ്ടാഴ്ച മുന്‍പ് ആറ് ജെസ്യൂട്ട് സഭാംഗങ്ങളും പട്ടസ്വീകരണം നടത്തിയിരുന്നു. കാളിമാന്റന്‍ പ്രൊവിന്‍സിലെ മൂന്നു പേര്‍ ഹോളി ഫാമിലി ഓഫ് ബാന്‍റെങ്ങ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് പട്ടസ്വീകരണം നടത്തിയത് കഴിഞ്ഞയാഴ്ചയാണ്.
അതേ സമയം ഇന്തോനേഷ്യയിലെ സെമിനാരികളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരുടെ കണക്കും അതിശയിപ്പിക്കുന്നതാണ്. സെന്‍ട്രല്‍ ജാവയിലെ 104 വര്‍ഷത്തോളം പഴക്കമുള്ള മെര്‍ട്ടോയുഡാന്‍ മാഗേലാങ്ങ് സെമിനാരിയില്‍ 230 പേരും, മാലാങ്ങ് പ്രൊവിന്‍സില്‍പ്പെട്ട കിഴക്കന്‍ ജാവയിലെ മാരിയാനും സെമിനാരിയില്‍ 46-പേരുമാണ് പേരാണ് വൈദീക പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്തോനേഷ്യയിലെ 85 ശതമാനത്തോളം ആളുകളും ഇസ്ലാം മതവിശ്വാസികളാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രിസ്തുമതത്തിന് ശക്തമായ വളര്‍ച്ചയാണ് ഇന്തോനേഷ്യയില്‍ ഉണ്ടാകുന്നത്.