Meditation - April 2020

വിശുദ്ധ കുർബാനയുടെ അക്ഷയമായ സമ്പന്നത, അതിന്റെ വ്യത്യസ്ത പേരുകളിൽ നിന്നും കൂടുതൽ വ്യക്തമാകുന്നു

സ്വന്തം ലേഖകന്‍ 09-04-2020 - Thursday

"ഇതു സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്ന അപ്പമാണ്. പിതാക്കന്‍മാര്‍ മന്നാ ഭക്ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്ഷിക്കുന്നവന്‍ എന്നേക്കും ജീവിക്കും" (യോഹ 6: 58).
ലോകരക്ഷകനായ യേശുക്രിസ്തു, താൻ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിലെ അന്തിമ അത്താഴവേളയില്‍ തന്‍റെ തിരുശരീരരക്തങ്ങളുടെ യാഗമായ വിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ചു. ഇതില്‍ ക്രിസ്തു ഭോജനമായിത്തീരുകയും, നമ്മുടെ മനസ്സ് കൃപാവരം കൊണ്ട് നിറയുകയും നമുക്കു ഭാവിമഹത്ത്വത്തിന്‍റെ അച്ചാരം നല്‍കപ്പെടുകയും ചെയ്യുന്നു. വി.കുര്‍ബ്ബാന ക്രൈസ്തവ ജീവിതത്തിന്‍റെയാകെ ഉറവിടവും അത്യുച്ചസ്ഥാനവുമാണ്. മറ്റു കൂദാശകളും, സഭാപരമായ എല്ലാ ശുശ്രൂഷകളും, പ്രേഷിതദൗത്യപ്രവൃത്തികളും വിശുദ്ധ കുര്‍ബാനയോടു ബന്ധപ്പെട്ടിരിക്കുന്നു; അതിലേക്കു തിരിഞ്ഞിരിക്കുകയും ചെയ്യുന്നു.

ഈ കൂദാശയുടെ അക്ഷയമായ സമ്പന്നത നാം അതിനു നല്‍കുന്ന വ്യത്യസ്ത പേരുകളില്‍ നിന്നു വ്യക്തമാണ്. ഓരോ പേരും ഇതിന്‍റെ ചില പ്രത്യേകതകള്‍ പ്രകാശിപ്പിക്കുന്നു. അതു താഴെ പറയുന്ന പേരുകളില്‍ വിളിക്കപ്പെടുന്നു.:

കൃതജ്ഞതാസ്തോത്രം: വി.കുര്‍ബ്ബാന ദൈവത്തോടുള്ള കൃതജ്ഞതാ പ്രകടനമാണ്. കൃതജ്ഞതാ സ്തോത്രം ചെയ്യുക (eucharistein), ആശീര്‍വദിക്കുക (eulogein) എന്നീ ക്രിയാപദങ്ങള്‍ ദൈവത്തിന്‍റെ പ്രവൃത്തികളായ സൃഷ്ടികര്‍മം, വീണ്ടെടുപ്പ്, വിശുദ്ധീകരണം എന്നിവയെ പ്രഘോഷിക്കുന്ന യഹൂദ ആശീര്‍വാദങ്ങളെ, പ്രത്യേകിച്ച് ഭക്ഷണസമയത്തുള്ളവയെയാണ് അനുസ്മരിപ്പിക്കുന്നത്. (Cf: Luke 22:19, 1 Cor 11:24, Mathew 26:26, Mark 14:22)

കര്‍ത്താവിന്‍റെ അത്താഴം: കര്‍ത്താവു തന്‍റെ പീഡാനുഭവത്തിന്‍റെ തലേരാത്രിയില്‍ ശിഷ്യന്മാരോടൊപ്പം കഴിച്ച അത്താഴവുമായി ഇതിനു ബന്ധമുണ്ട്. സ്വര്‍ഗ്ഗീയ ജറുസലേമില്‍ കുഞ്ഞാടിന്‍റെ വിവാഹവിരുന്നിന്‍റെ മുന്നാസ്വാദനമാണ് വി.കുര്‍ബ്ബാന. (Cf:1 Cor 11:20, Rev 19:9)

അപ്പംമുറിക്കല്‍: അന്തിമ അത്താഴത്തില്‍, യേശു അപ്പം ആശീര്‍വദിക്കുകയും വിളമ്പുകയും ചെയ്തപ്പോള്‍ അവിടുന്ന് യഹൂദ ഭക്ഷണക്രമത്തിന്‍റെ ഭാഗമായ ഈ കര്‍മ്മം അനുഷ്ഠിച്ചു. അവിടുത്തെ പുനരുത്ഥാനത്തിനു ശേഷം, വീണ്ടും ഈ പ്രവൃത്തി വഴിയാണ് ശിഷ്യന്മാര്‍ അവിടുത്തെ തിരിച്ചറിയുന്നത്. ആദിമ ക്രിസ്ത്യാനികള്‍ തങ്ങളുടെ ദിവ്യകാരുണ്യ സമ്മേളനങ്ങളെ പരാമര്‍ശിക്കാന്‍ ഈ പേരാണ് ഉപയോഗിച്ചിരുന്നത്. അങ്ങനെ മുറിക്കപ്പെട്ട ഏക അപ്പമായ ക്രിസ്തുവിനെ ഭക്ഷിക്കുന്നവരെല്ലാം അവിടുന്നുമായുള്ള സംസര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്നുവെന്നും അവിടുന്നില്‍ ഏകശരീരമായിത്തീരുന്നുവെന്നും വ്യക്തമാക്കുന്നു. (Cf: Mathew 14:19; 15:36; Mark 8:6, 19; Mathew 26:26; 1 Cor 11:24; Luke 24:13-35; Acts 2:42,46; 20:7,11; 1 Cor 10:16-117)

സ്തോത്രയാഗ സമ്മേളനം (synaxis): സഭയുടെ ദൃശ്യാവിഷ്കാരമായ വിശ്വാസികളുടെ സമ്മേളനത്തിലാണ് സ്തോത്രയാഗം ആഘോഷിക്കപ്പെടുന്നത്. (Cf: 1 Cor 11:17-34)

വിശുദ്ധബലി: വി.കുര്‍ബ്ബാന രക്ഷകനായ ക്രിസ്തുവിന്‍റെ ഏക യാഗത്തെ സന്നിഹിതമാക്കുകയും സഭയുടെ സമര്‍പ്പണത്തെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. "സ്തോത്രബലി", "ആധ്യാത്മികബലി", "പാവനവും വിശുദ്ധവുമായ ബലി" എന്നീ പേരുകളിലും ഈ കൂദാശ വിളിക്കപ്പെടുന്നു. കാരണം, അത് പഴയ നിയമത്തിലെ എല്ലാ ബലികളെയും പൂര്‍ത്തിയാക്കുകയും അവയ്ക്ക് അതീതമായി നിലനില്‍ക്കുകയും ചെയ്യുന്നു. (Cf: Heb 13:15; 1 Peter 2:5; Psalm 116:13, 17; Mal 1:11)

വിശുദ്ധവും ദൈവികവുമായ ആരാധന: സഭയുടെ ആരാധനക്രമം മുഴുവന്‍റെയും കേന്ദ്രവും ഏറ്റവും തീവ്രമായ പ്രകാശനവുമാണ് വി.കുര്‍ബ്ബാന. ഇതേ അര്‍ത്ഥത്തില്‍ ഇതിനെ നാം വിശുദ്ധരഹസ്യങ്ങളുടെ ആഘോഷമെന്നും വിളിക്കുന്നു. ഇതു കൂദാശകളുടെ കൂദാശയായതിനാല്‍ ഇതിനെ "പരിശുദ്ധാത്മാ കൂദാശ" എന്നു നാം വിളിക്കുന്നു. സക്രാരിയില്‍ സൂക്ഷിക്കപ്പെടുന്ന കുര്‍ബാനയുടെ സാദൃശ്യങ്ങളെയും ഇതേ പേരുകൊണ്ടു സൂചിപ്പിക്കുന്നു.

വിശുദ്ധ കൂട്ടായ്മ: ഒറ്റ ശരീരമായിത്തീരുന്നതിനു നമ്മെ തന്‍റെ ശരീരരക്തങ്ങളാല്‍ ഭാഗഭാക്കുകളാക്കുന്ന ക്രിസ്തുവിനോട് ഈ കൂദാശ വഴി നാം ഐക്യപ്പെടുന്നു. വിശുദ്ധ വസ്തുക്കള്‍ (ta hagia) എന്ന് നാം അതിനെ വിളിക്കുന്നു. അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണത്തിലെ "പുണ്യവാന്‍മാരുടെ ഐക്യം" എന്ന പ്രസ്താവത്തിന്‍റെ പ്രഥമ അര്‍ത്ഥമാണിത്. നാം അതിനെ മാലാഖമാരുടെ അപ്പം, സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അപ്പം, അമര്‍ത്യതയുടെ ഔഷധം, തിരുപ്പാഥേയം എന്നും വിളിക്കുന്നു. (Cf: 1 Cor 10:16-17)

ദിവ്യപ്രേഷണം (Sancta Missa): രക്ഷാകരരഹസ്യം പൂര്‍ത്തിയാക്കുന്ന ആരാധനാക്രമം, വിശ്വാസികളെ അനുദിന ജീവിതത്തില്‍ ദൈവഹിതം നിറവേറ്റുന്നതിന് വേണ്ടി പറഞ്ഞയയ്ക്കുന്നു (Missio) എന്ന അര്‍ത്ഥത്തില്‍ "ഹോളിമാസ്" എന്നും വിളിക്കുന്നു.

വിചിന്തനം
വിശുദ്ധ കുർബ്ബാനയുടെ അക്ഷയമായ സമ്പന്നത അതിന്റെ വ്യത്യസ്ത പേരുകളിൽ നിന്നും കൂടുതൽ വ്യക്തമാകുന്നു. ദിവ്യബലിയുടെ ആഘോഷം വഴി നാം നമ്മെത്തന്നെ സ്വര്‍ഗീയാരാധനയുമായി ഒന്നിപ്പിക്കുന്നു; ദൈവം സര്‍വതിലും സര്‍വവുമായിരിക്കുന്ന നിത്യജീവിതം നാം മുന്‍കൂട്ടി അനുഭവിക്കുകയും ചെയ്യുന്നു. വി. കുര്‍ബ്ബാന നമ്മുടെ വിശ്വാസത്തിന്‍റെ ആകെത്തുകയും സംക്ഷിപ്ത രൂപവുമാണ്. ക്രിസ്തുവിന്റെ ശരീരവും രക്തവുമായുള്ള സംസർഗ്ഗം, അതു സ്വീകരിക്കുന്നവനു കർത്താവുമായുള്ള ബന്ധം വർദ്ധിപ്പിക്കുന്നു. അതിനാൽ നമ്മുക്കു വി. കുർബ്ബാനയിൽ കേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കുകയും ഈ കൂദാശയുടെ മഹത്വത്തെക്കുറിച്ചു ലോകം മുഴുവനോടും പ്രഘോഷിക്കുകയും ചെയ്യാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »