News - 2024

ഹോങ്കോങ്ങ് രൂപതയ്ക്കു പുതിയ അദ്ധ്യക്ഷന്‍

സ്വന്തം ലേഖകന്‍ 03-08-2017 - Thursday

ബെയ്ജിംഗ്: ചൈനയിലെ പ്രത്യേക ഭരണമേഖലയായ ഹോങ്കോങ്ങിന്‍റെ ബിഷപ്പായി മൈക്കിൾ യങ്ങ് മിങ്ങ് ചെങ്ങിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. എഴുപത്തിയഞ്ചു വയസ്സ് പൂർത്തിയാക്കിയ കർദ്ദിനാൾ ജോൺ ടോങ്ങ് ഹോണ്‍, കാനോൻ നിയമപ്രകാരം ഓദ്യോഗിക ഉത്തരവാദിത്വങ്ങളിൽ നിന്നും വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. ഹോങ്കോങ്ങ് രൂപതയുടെ സഹായമെത്രാനായും 2016 നവംബറിൽ ഇടക്കാല മെത്രാനായും സേവനമനുഷ്ഠിച്ചു വരികയാണ് മൈക്കിൾ യങ്ങിന് പുതിയ ദൗത്യം ലഭിക്കുന്നത്.

1945 ൽ ഷന്‍ഗായി പ്രവിശ്യയിലെ കത്തോലിക്കാ കുടുംബത്തിൽ ജനിച്ച യങ്ങ്, നാലാം വയസ്സിലാണ് ഹോങ്കോങ്ങിലെത്തിയത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കയറ്റുമതി-ഇറക്കുമതി സ്ഥാപനത്തിൽ ജോലി ചെയ്ത അദ്ദേഹം, ഇരുപത്തിയാറാം വയസ്സിൽ സെമിനാരിയിൽ ചേർന്നു. 1978 ൽ തിരുപട്ടം സ്വീകരിച്ചു അഭിഷിക്തനായി. തുടര്‍ന്നു അമേരിക്കയിൽ ഉപരി പഠനം പൂർത്തിയാക്കി. 2003ൽ തദ്ദേശ കാരിത്താസിന്റെ നേതൃത്വവും 2009 ൽ വികാരി ജനറൽ സ്ഥാനവും അദ്ദേഹം ഏറ്റെടുത്തു. 2014 ൽ ആണ് ഹോങ്കോങ്ങ് രൂപതയുടെ സഹായമെത്രാനായി അദ്ദേഹം നിയമിതനായത്.

You May Like: ‍ ബിഷപ്പ് നിയമനം: ചൈനയും വത്തിക്കാനും ധാരണയില്‍ എത്തിയതായി കര്‍ദ്ദിനാള്‍ ജോണ്‍ ടോങ്‌

2008ൽ ബനഡിക്റ്റ് പതിനാറാമൻ പാപ്പ ഇടക്കാല മെത്രാനായും പിന്നീട് ബിഷപ്പായും അഭിഷേകം ചെയ്യപ്പെട്ട കർദ്ദിനാൾ ജോൺ ടോങ്ങ് ഹോണ്‍ ഓഗസ്റ്റ് ഒന്നിനാണ് ഔദ്യോഗിക ദൗത്യത്തിൽ നിന്നും വിരമിച്ചത്. 2013-ല്‍ ഫ്രാന്‍സിസ് പാപ്പയെ തിരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ ഇദ്ദേഹം പങ്കെടുത്തിരിന്നു. അതേ സമയം ശക്തമായ വളര്‍ച്ചയുടെ പാതയിലാണ് ഹോങ്കോങ്ങിലെ കത്തോലിക്ക സഭ. രൂപതാ ഫെബ്രുവരി ആദ്യവാരം പുറത്തിറക്കിയ ഡയറക്ടറിയിലെ വിവരങ്ങള്‍ പ്രകാരം ഒരു വര്‍ഷത്തിനിടെ 5000-ല്‍ അധികം വിശ്വാസികളുടെ വര്‍ദ്ധനവാണ് രൂപതയില്‍ ഉണ്ടായിരിക്കുന്നത്.


Related Articles »