News

കത്തോലിക്കാ മാധ്യമങ്ങള്‍ക്കുള്ള പിന്തുണ പ്രഖ്യാപിച്ച് ആഫ്രിക്കന്‍ രാജ്യമായ മലാവി

സ്വന്തം ലേഖകന്‍ 04-08-2017 - Friday

ലിലോഗ്വേ: സുവിശേഷവത്കരണത്തിനായുള്ള കത്തോലിക്കാ മാധ്യമങ്ങളുടെ ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് മലാവി ഭരണകൂടം. തെക്കുകിഴക്കേ ആഫ്രിക്കന്‍ രാജ്യമായ മലാവിയിലെ കേന്ദ്ര ഐടി - നിയമ മന്ത്രാലയ വകുപ്പ് മന്ത്രിയായ നിക്കോളാസ് ദൗസി, കരോങ്ക രൂപതയുടെ തുൻന്തുഫൈ എഫ് എം എന്ന റേഡിയോ നിലയം സന്ദർശിച്ച വേളയിലാണ് കത്തോലിക്ക മാധ്യമങ്ങള്‍ക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്. മലാവി കത്തോലിക്കാ സഭയുടെ അമ്പത്തിയൊന്നാമത് 'കമ്മ്യൂണിക്കേഷൻസ് സൺഡേ ' ആഘോഷങ്ങളുടെ ഭാഗമായി സെന്‍റ് മേരീസ് ദേവാലയത്തില്‍ നടന്ന ബലിയർപ്പണത്തിലും അദ്ദേഹം പങ്കു ചേർന്നു.



കത്തോലിക്കാ മാധ്യമങ്ങൾ പ്രൊഫഷണൽ സമീപനം സ്വീകരിക്കണമെന്നും നിരാശജനകമായ വാർത്തകളേക്കാൾ സുവിശേഷവത്കരണ യജ്ഞത്തിന് ഊന്നൽ നല്കണമെന്നും കത്തോലിക്ക വിശ്വാസി കൂടിയായ ദൗസി അഭിപ്രായപ്പെട്ടു.

കത്തോലിക്കാ മാധ്യമങ്ങളുടെ വളർച്ചയ്ക്കും മികച്ച സേവനങ്ങൾക്കും ഗവൺമെന്റിന്റെ സഹായം ഉറപ്പുവരുത്തുമെന്നും തുൻന്തു ഫൈ എഫ്എമ്മിന്റെ നടത്തിപ്പിൽ സംതൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബലിയർപ്പണത്തിന് കാർമ്മികത്വം വഹിച്ച കരോങ്ക രൂപത മെത്രാൻ മാർട്ടിൻ മതുംബുക മാധ്യമങ്ങളിലൂടെ സുവിശേഷ പ്രഘോഷണം നിർവഹിക്കാൻ സാധിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചു. പ്രൊഫഷണൽ സമീപനത്തോടെ ടിവി, റേഡിയോ, പത്രം തുടങ്ങിയ മാധ്യമങ്ങൾ സുവിശേഷവത്കരണത്തിന് ഫലപ്രദമാക്കണമെന്ന് ബിഷപ്പ് മതുംബുക പറഞ്ഞു. രാഷ്ട്ര പുരോഗതിയുടെ നേട്ടങ്ങളും പ്രതീക്ഷകളും പങ്കുവെയ്ക്കുന്നതിനോടൊപ്പം കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥാധിഷ്ഠിത പ്രോഗ്രാമുകളുമായി കത്തോലിക്കാ മാധ്യമങ്ങൾ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.


Related Articles »