News
നൈജീരിയായിലെ കത്തോലിക്ക ദേവാലയത്തില്‍ വെടിവെയ്പ്പ്: 12 വിശ്വാസികള്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍ 07-08-2017 - Monday
അബൂജ: തെക്കുകിഴക്കൻ നൈജീരിയയിലെ അനാബ്രയില് സ്ഥിതി ചെയ്യുന്ന കത്തോലിക്കാ പള്ളിയിൽ ഭീകരർ നടത്തിയ വെടിവെയ്പ്പിൽ 12 വിശ്വാസികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേർക്കു പരിക്കേറ്റു. അനാബ്ര സംസ്ഥാനത്തെ ഒനിറ്റ്ഷാ നഗരത്തിനു സമീപത്തെ ഒസുബുളു എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സെന്റ് ഫിലിപ്സ് പള്ളിയിൽ ഞായറാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്.
മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റിയതായും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും എൻനേവിയിലെ നാമ്ദി അസികിവേ ഹോസ്പിറ്റല്‍ അധികൃതർ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ദേവാലയത്തില്‍ പ്രവേശിച്ചയുടൻ ഭീകരർ ഒരു വിഭാഗം വിശ്വാസികളെ മാറ്റിനിർത്തിയശേഷം അവർക്കു നേരേ വെടിവയ്ക്കുകയാണുണ്ടായത്.
പിന്നീട് ഭീകരർ പള്ളിയിലുണ്ടായിരുന്ന മുഴുവൻ വിശ്വാസികൾക്കു നേർക്കും വെടിവച്ചു. മുഖംമൂടി ധരിച്ച അഞ്ചു പേരാണ് ആക്രമണം നടത്തിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അതേസമയം ഇതിനെ തിരുത്തി പോലീസ് രംഗത്തെത്തിയിട്ടുണ്ട്. ആക്രമണം നടത്തിയത് ഒരാളാണെന്നാണ് അനാബ്ര സ്റ്റേറ്റ് പോലീസ് കമ്മീഷണർ ഗാർബ ഉമർനല്കുന്ന വിശദീകരണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഇസ്ളാമിക തീവ്രവാദ സംഘടനകളായ ബോക്കോഹറാമും ഫുലാനി ഹെഡ്സ്മാനും ശക്തമായ വേര് പതിപ്പിച്ചിരിക്കുന്ന രാജ്യമാണ് നൈജീരിയ. കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് 800-ല്‍ അധികം ക്രൈസ്തവര്‍ ഫുലാനികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും 16 ദേവാലയങ്ങള്‍ തകര്‍ത്തെന്നും 1200-ല്‍ അധികം ആളുകളെ ഭവനരഹിതരാക്കിയെന്നും ജനുവരി ആദ്യവാരത്തില്‍ റിപ്പോര്‍ട്ട് വന്നിരിന്നു.
2009-ല്‍ ആണ് രാജ്യത്തെ ക്രൈസ്തവരെ ലക്ഷ്യമിട്ട് ഐഎസ് അനുഭാവികളായ ബോക്കോഹറാം ആക്രമണം തുടങ്ങിയത്. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം പിന്നീട് ഫുലാനി ഹെഡ്സ്മാനും ശക്തമാക്കുകയായിരിന്നു.