News
രക്തസാക്ഷിത്വം വരിച്ച മിഷ്ണറിമാരെ സ്മരിച്ച് ഇന്തോനേഷ്യന്‍ ജനത
സ്വന്തം ലേഖകന്‍ 07-08-2017 - Monday
ജക്കാർത്ത: ഇന്തോനേഷ്യയിലെ കിഴക്കൻ പ്രദേശമായ മലാക്കുവിൽ സുവിശേഷ പ്രഘോഷണത്തിനായി വന്ന് ഒടുവില്‍ രക്തസാക്ഷിത്വം വരിച്ച ഡച്ച് മിഷ്ണറിമാരെ സ്മരിച്ചു ഇന്തോനേഷ്യന്‍ ജനത. എഴുപത്തിയഞ്ചു വർഷങ്ങൾക്കു മുൻപ് രക്തസാക്ഷിത്വം വരിച്ചവരുടെ അനുസ്മരണമാണ് ജൂലൈ അവസാനവാരത്തില്‍ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ സംഘടിപ്പിച്ചത്. മിഷ്ണറി അനുസ്മരണത്തിന്റെ ഭാഗമായി അവസാന ദിവസം നടന്ന ദിവ്യബലിയിൽ പതിനായിരത്തോളം വിശ്വാസികൾ പങ്കെടുത്തു.
തിരുകര്‍മ്മങ്ങള്‍ക്ക് തിമിക്ക ബിഷപ്പ് ജോൺ ഫിലിപ്പ് സാകലിലും മനാഡോ സേകർട്ട് ഹാർട്ട് ബിഷപ്പ് ബെനഡിക്റ്റസ് എസ്തഫാനോസ് ഉൺടുവും കാർമ്മികത്വം വഹിച്ചു. രാജ്യത്തെ കത്തോലിക്കാ വിശ്വാസ വളർച്ചയിൽ മിഷ്ണറിമാരുടെ സ്വാധീനം വളരെ വലുതാണെന്നും വിശ്വാസത്തിന് വേണ്ടിയുള്ള അവരുടെ ജീവത്യാഗം ഇന്നും പ്രചോദനാത്മകമാണെന്നും അംബോയിന രൂപത വികാരി ജനറാൾ ഫാ. ബർണാർഡ് റഹ്വാറിൻ പറഞ്ഞു.
രക്തസാക്ഷിത്വം വരിച്ച ബിഷപ്പ് അയിട്ട്സിന്റെ കല്ലറയിലേക്ക് കുരിശിന്റെ വഴി ചൊല്ലി കൊണ്ടുള്ള പദയാത്ര രക്തസാക്ഷിത്വത്തിന്റെ പുനരാവിഷ്കരണമായി മാറിയതായി ഇന്തോനേഷ്യൻ സേക്രട്ട് ഹാർട്ട് കോൺഗ്രിഗേഷൻ സെക്രട്ടറി ഫാ. യൊഹാനിസ് മാങ്ങ്ഗേ വിവരിച്ചു. ഇന്തോനേഷ്യയിലെ സ്കൂളുകളും മേരി മീഡിയട്രിക്സ് എന്ന സന്യസ്ത സഭാ വിഭാഗത്തിനും ആരംഭം കുറിച്ച മിഷ്ണറിമാരെ അനുസ്മരിക്കാൻ കത്തോലിക്കരെ കൂടാതെ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളും മുസ്ളിം മതസ്ഥരും എത്തിയിരിന്നു.
1942 ജൂലായ് 30 ന് രണ്ടാം ലോക മഹായുദ്ധത്തിനിടയിലാണ് എട്ട് മിഷ്ണറിമാരെയും അഞ്ച് വൈദികരെയും സൈന്യം വധിച്ചത്. ന്യൂ ഗ്യുനിയ ഡച്ച് അപ്പസ്തോലിക് വികാരിയും സേക്രട്ട് ഹാർട്ട് കോൺഗ്രിഗേഷൻ ബിഷപ്പുമായ ജൊഹന്നസ് അയർട്ട്സിനെയും അന്ന്‍ ജാപ്പനീസ് സൈന്യം വധിച്ചിരിന്നു. മിഷ്ണറിമാരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തണമെന്ന ആവശ്യം രാജ്യത്തെ വിശ്വാസികള്‍ക്കിടയില്‍ പിന്നീട് ഉയര്‍ന്നിരിന്നു. ഇതിന് വേണ്ടിയുള്ള നടപടികള്‍ രൂപതാതലത്തില്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഫാ. ബർണാർഡ് റഹ്വാറിൻ പറഞ്ഞു.