News - 2025
ദയാവധം: ബ്രദേഴ്സ് ഓഫ് ചാരിറ്റിയുടെ നീക്കത്തിന് മാര്‍പാപ്പയുടെ വിലക്ക്
സ്വന്തം ലേഖകന്‍ 10-08-2017 - Thursday
ബ്രസൽസ്: ബെൽജിയത്തിലെ ബ്രദേഴ്സ് ഓഫ് ചാരിറ്റി സഭയുടെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ സ്വീകരിച്ച ദയാവധ അനുകൂല നിലപാടിനെതിരെ ഫ്രാന്‍സിസ് പാപ്പ. ദയാവധം നല്‍കുവാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍പാപ്പ കോണ്‍ഗ്രിഗേഷന് കത്തയച്ചു. മാര്‍പാപ്പ നല്‍കിയ നിര്‍ദ്ദേശം കോൺഗ്രിഗേഷൻ വക്താവ് ബ്രദര്‍ റെനി സറ്റോക്ക്മെന്നാണ് മാധ്യമങ്ങളെ അറിയിച്ചത്.
മാനസിക അസ്വാസ്ഥ്യം ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ബെൽജിയത്തിലെ ബ്രദേഴ്സ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള ഹോസ്പിറ്റലുകളില്‍ ദയാവധം നടപ്പിലാക്കുന്ന നടപടിയാണ് മാർപാപ്പയുടെ ഇടപെടലിനെ തുടർന്ന് താത്ക്കാലികമായി നിറുത്തിവച്ചത്.
മനുഷ്യ ജീവനെ ബഹുമാനിക്കണമെന്നും ഭ്രൂണം മുതൽ സ്വഭാവിക മരണം വരെ, ഏതവസ്ഥയിലും സംരക്ഷിക്കണമെന്ന കത്തോലിക്കാ സഭയുടെ പഠനങ്ങളെ കോൺഗ്രിഗേഷൻ അംഗീകരിക്കുന്നുവെന്നും റെനി സ്റ്റോക്ക്മെന്‍ വ്യക്തമാക്കി. മനുഷ്യ സഹനങ്ങളിൽ നിന്ന് മുക്തി നല്കാൻ ദയാവധം പരിഹാരമല്ല. നിർദ്ദേശത്തെ മറികടന്ന് തീരുമാനമെടുക്കാൻ കോൺഗ്രിഗേഷൻ അംഗങ്ങൾ ശ്രമിക്കരുതെന്ന കർശന താക്കീതും അദ്ദേഹം സംഭാംഗങ്ങള്‍ക്ക് നല്കിയിട്ടുണ്ട്.
നിർദേശത്തിന് വഴങ്ങാത്ത സാഹചര്യത്തിൽ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകും. കാനോൻ നിയമാനുസൃതമായ കത്തിൽ ഒപ്പുവയ്ക്കാൻ മടിക്കുന്ന കോൺഗ്രിഗേഷൻ അംഗങ്ങൾക്കെതിരെയും നടപടിയുണ്ടാകും. ബെൽജിയം മെത്രാന്മാരെ നിയമ നടപടികളെപ്പറ്റി അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1807-ല്‍ ഫാ. കാനന്‍ പീറ്റര്‍ ട്രീസ്റ്റ് ആണ് ബെല്‍ജിയത്തിലെ ഘെന്റില്‍ ‘ബ്രദേഴ്സ് ഓഫ് ചാരിറ്റി’ എന്ന ആത്മീയ സഭ സ്ഥാപിച്ചത്. അടുത്തിടെയാണ് ദയവധത്തിന് അനുകൂലമായ തീരുമാനം ‘ബ്രദേഴ്സ് ഓഫ് ചാരിറ്റി’ സഭ കൈക്കൊണ്ടത്. ഇതിനെ അപലപിച്ചു ബെല്‍ജിയത്തിലെ കത്തോലിക്കാ മെത്രാന്‍മാര്‍ രംഗത്തെത്തിയിരിന്നു.