News - 2025
ക്രൈസ്തവ വംശഹത്യ: അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനത്തെ അപലപിച്ച് പാത്രിയാർക്കീസ് കൗൺസിൽ
സ്വന്തം ലേഖകന്‍ 14-08-2017 - Monday
ബെയ്റൂട്ട്: ഐഎസ് ഭീകരരെ ഭയന്ന് മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നു പലായനം ചെയ്ത ക്രൈസ്തവരെ സംരക്ഷിക്കാൻ അന്താരാഷ്ട്ര തലത്തിൽ പിന്തുണ ലഭിക്കുന്നില്ല എന്ന വസ്തുത കിഴക്കൻ കത്തോലിക്കാ പാത്രിയാർക്കീസ് കൗൺസിൽ തുറന്ന് പ്രഖ്യാപിച്ചു. ആഗസ്റ്റ് 10, 11 തിയ്യതികളിൽ ലെബനോൻ മാരോണൈറ്റ് പാത്രിയാർക്കീസിന്റെ വസതിയിൽ നടന്ന സമ്മേളനത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് സമിതി ഇക്കാര്യം തുറന്ന്‍ പ്രഖ്യാപിച്ചത്.
ക്രൈസ്തവർക്കെതിരെ തിരിയുന്ന രാഷ്ട്രങ്ങൾ വംശഹത്യയ്ക്കാണ് നേതൃത്വം നല്കുന്നതെന്നും അതു മനുഷ്യത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും പ്രസ്താവനയിൽ പറയുന്നു. ദൈവത്തിന്റെ നീതിയിൽ അടിയുറച്ച് വിശ്വസിച്ച് സമാധാന പ്രിയരായി മുന്നോട്ട് പോകുന്ന ഒരു ജനതയാണ് സഭ. ക്രിസ്തുവിനെ അനുകരിച്ച് കുരിശുകൾ ഏറ്റെടുക്കാൻ സഭ സന്നദ്ധമാണ്. എന്നാൽ അപ്പസ്തോലിക കാലഘട്ടം മുതൽ നിലനിന്നിരുന്ന സഭയാണ് പീഡനങ്ങൾ മൂലം ഇല്ലാതാകുന്നത്.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ധം മൂലം പലായനം ചെയ്ത ക്രൈസ്തവരെ തിരിച്ചു കൊണ്ടുവരിക തീർത്തും ശ്രമകരമാണ്. യുദ്ധം ലോകത്തിന് ഒന്നും നൽകുന്നില്ല എന്ന വസ്തുത മനസ്സിലാക്കി അഭയാർത്ഥികളുടെ തിരിച്ചു വരവിന് വഴിയൊരുക്കാത്ത പക്ഷം അത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാകും. ഇസ്ലാമിക് സ്റ്റേറ്റ്സ് സംഘടനയുടെ ആവിർഭാവത്തോടെ ദേശീയ- അന്തർദേശീയ തലത്തിൽ സംഘർഷം വര്‍ദ്ധിച്ചു. ക്രൈസ്തവനെന്ന കാരണം കൊണ്ട് ജനിച്ചു വളർന്ന നാടും വീടും ജീവൻ പോലും ഉപേക്ഷിക്കുക എന്നത് തീർത്തും ആശങ്കയർത്തുന്നതാണ്.
രാജ്യത്തെ ക്രൈസ്തവരെ പുനരുദ്ധരിക്കാൻ ജാതി മതഭേദമെന്യേ ഇടപെടല്‍ വേണം. സിറിയൻ പാലസ്തീൻ കുടിയേറ്റക്കാരെ തിരിച്ചു വിളിച്ച ലെബനോൻ മറ്റ് അറബ് രാജ്യങ്ങൾക്ക് മാതൃകയാണ്. യു.എസ്, റഷ്യ തമ്മിൽ ഒരു രാഷ്ട്രീയ സമവാക്യത്തില്‍ എത്തിചേരുക വഴി സമാധാനവും നീതിയും സഹിഷ്ണുതയും സ്ഥാപിതമാകുമെന്ന പ്രതീക്ഷയും കൗൺസിൽ പങ്കുവെച്ചു. മദ്ധ്യപൂര്‍വ്വേഷ്യയിലെ സഭയുടെ പ്രതിസന്ധികൾ ആഗോള കത്തോലിക്കാ സഭ തിരിച്ചറിയുന്നുണ്ടെന്നും പ്രസ്താവനയില്‍ പ്രത്യേക പരാമര്‍ശമുണ്ട്.