News - 2025
ഉത്തരകൊറിയയുടെ ഭീഷണി: പ്രാര്‍ത്ഥനയുമായി ഗുവാമിലെ കത്തോലിക്ക വിശ്വാസികള്‍
സ്വന്തം ലേഖകന്‍ 16-08-2017 - Wednesday
ഗുവാം: ഉത്തര കൊറിയയുടെ ആക്രമണ ഭീഷണിയുള്ള പസഫിക് സമുദ്രത്തിലെ ഗുവാം ദ്വീപില്‍ പ്രത്യേക പ്രാര്‍ത്ഥനകളുമായി കത്തോലിക്ക വിശ്വാസികള്‍. സമാധാനത്തിനായി ഞായറാഴ്ച ഗുവാമിലെ മരിയന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനക്കു ഗുവാം ആര്‍ച്ച് ബിഷപ്പ് ബയേണ്‍സ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മുന്നില്‍ നിലനില്‍ക്കുന്ന എല്ലാ പ്രതിസന്ധികളെയും വിശ്വാസത്തോടെ ദൈവത്തിന്റെ കരങ്ങളില്‍ സമര്‍പ്പിച്ചാല്‍ യുദ്ധവും അതിന്റെ കെടുതികളുമെല്ലാം മാറിപ്പോകുമെന്ന്‍ ബിഷപ്പ് പറഞ്ഞു.
രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാറുന്നതിനും വാക്കിലും പ്രവര്‍ത്തിയിലും വിവേകപൂര്‍ണ്ണമായ തീരുമാനങ്ങള്‍ ഉണ്ടാവുന്നതിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകളാണ് നടത്തേണ്ടതെന്നും ആര്‍ച്ച്ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ഉത്തരകൊറിയയുടെ ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്തെ 26 ദേവാലയങ്ങളിലെയും വൈദികരും വിശ്വാസികളും പ്രാര്‍ത്ഥനകള്‍ നടത്തണമെന്നു ബിഷപ്പ് പ്രത്യേക നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ആനുകാലിക സംഭവ വികാസങ്ങള്‍ കണക്കിലെടുത്ത് ഏഗാന അതിരൂപതയില്‍ ജപമാല റാലി സംഘടിപ്പിക്കുവാനും തീരുമാനമായിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ താക്കീതുകൾ തള്ളിക്കളഞ്ഞ് ആക്രമണപദ്ധതിയുമായി ഉത്തര കൊറിയ മുന്നോട്ട് പോകുന്ന വിവരം കഴിഞ്ഞ ആഴ്ചയാണ് അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉത്തരകൊറിയയില്‍ നിന്ന് 3,380 കി.മീ. അകലെയാണ് 541 ചതുരശ്ര കി.മീ. മാത്രം വരുന്ന ഗുവാം ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഉത്തര കൊറിയ മിസൈൽ തൊടുത്താൽ 14 മിനിറ്റ് മതി ഗുവാമിൽ വന്നു പതിക്കാൻ. പസഫിക്കിലെ യു.എസ്. സേനാതന്ത്രങ്ങള്‍ ഗുവാം കേന്ദ്രീകരിച്ചാണ്.