News - 2024

ക്രൈസ്തവ മൂല്യങ്ങളെ മാറ്റി നിര്‍ത്തി ബി‌ബി‌സി തിന്മയെ മഹത്വവത്ക്കരിക്കുന്നതായി സൗത്താഫ്രിക്കന്‍ കര്‍ദ്ദിനാള്‍

സ്വന്തം ലേഖകന്‍ 24-08-2017 - Thursday

ഡര്‍ബിന്‍: ലോകത്തെ ഏറ്റവും പ്രചാരമുള്ള മാധ്യമങ്ങളില്‍ ഒന്നായ ബി‌ബി‌സി, ക്രൈസ്തവ മൂല്യങ്ങളെ മാറ്റി നിര്‍ത്തി തിന്മയെ മഹത്വവത്ക്കരിക്കുന്നതായി സൗത്താഫ്രിക്കന്‍ കര്‍ദ്ദിനാളായ വില്‍ഫ്രിഡ് നേപ്പിയര്‍. സംഘടിതമായ പ്രചാരണ പരിപാടികളുമായി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ ക്രിസ്ത്യന്‍ മൂല്യങ്ങളെ പൂര്‍ണ്ണമായും അവഗണിക്കുന്നുവെന്നും ഡര്‍ബന്‍ അദ്ധ്യക്ഷന്‍ അതിരൂപതാധ്യക്ഷന്‍ കൂടിയായ വില്‍ഫ്രിഡ് നേപ്പിയര്‍ ആരോപിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് അദ്ദേഹം ബി‌ബി‌സിയുടെ ചുവടുമാറ്റത്തിനെതിരെ നിശിതമായി വിമര്‍ശിച്ചത്.

ക്രിസ്ത്യന്‍ മൂല്യങ്ങള്‍ക്ക് നിരക്കാത്ത ഭ്രൂണഹത്യ, സ്വവര്‍ഗ്ഗലൈംഗീകത തുടങ്ങിയവയെ ബി‌ബി‌സി പ്രോത്സാഹിപ്പിക്കാത്ത ദിനങ്ങള്‍ ഇപ്പോള്‍ വളരെ വിരളമാണെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. ഒരു പ്രത്യേക രാജ്യത്തെ തിരഞ്ഞുപിടിച്ച് ഒറ്റപ്പെടുത്തി പുറത്താക്കുന്നതു പോലെയുള്ള ഒരു സാധാരണ തന്ത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ബി‌ബി‌സിയുടെ സേവനങ്ങള്‍ക്ക് വിലകൊടുക്കുവാന്‍ കര്‍ദ്ദിനാളിനെ ആരും നിര്‍ബന്ധിച്ചില്ല’ എന്ന കമന്റിന് വില്‍ഫ്രിഡ് നേപ്പിയര്‍ നല്‍കിയ മറുപടി ശ്രദ്ധേയമാണ്.

“പക്ഷേ എനിക്ക് വിലകൊടുക്കേണ്ടതായി വരും! തിന്മ നല്ലതാണെന്ന രീതിയിലുള്ള അവരുടെ പരിപാടികള്‍ ഓരോ പ്രാവശ്യവും ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഞാനുള്‍പ്പെടെ കൂടുതല്‍ ആളുകള്‍ മലിനമാക്കപ്പെടുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചിലിയിലെ ഭരണഘടനാ കോടതി ഭ്രൂണഹത്യയെ അനുകൂലിച്ചുകൊണ്ടുള്ള ഉത്തരവിനെക്കുറിച്ച് സന്തോഷവതിയായ സ്ത്രീയുടെ ചിത്രം ഉള്‍പ്പെടുത്തികൊണ്ടുള്ള ബി‌ബി‌സിയുടെ റിപ്പോര്‍ട്ടിനു പിന്നാലെയായിരിന്നു കര്‍ദ്ദിനാളിന്റെ ട്വീറ്റുകള്‍.


Related Articles »