News - 2025

വെനിസ്വേലയിലെ മെത്രാന്‍ സമിതിയുടെ ആസ്ഥാനത്ത് ആക്രമണം

സ്വന്തം ലേഖകന്‍ 29-08-2017 - Tuesday

കാരക്കാസ്: വെനിസ്വേലയിലെ കാരക്കാസില്‍ സ്ഥിതി ചെയ്യുന്ന മെത്രാന്‍സമിതിയുടെ മുഖ്യകാര്യാലയത്തില്‍ അജ്ഞാതസംഘത്തിന്റെ ആക്രമണം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മെത്രാന്‍ സമിതി പുറത്തിറക്കിയ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ഇക്കാര്യം പുറംലോകമറിയുന്നത്. ആക്രമണത്തെ തുടര്‍ന്നു നിരവധി വസ്തുക്കള്‍ മോഷ്ട്ടിക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും വളരെ ശക്തമായ ആക്രമണമാണ് മെത്രാന്‍ സമിതിയുടെ ആസ്ഥാനത്തുണ്ടായതെന്നാണ് ലഭ്യമായ ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. വെനിസ്വേലയിലെ മെത്രാന്‍ സമിതിയുടെ ആസ്ഥാനത്തിനു നേര്‍ക്ക് ഇതിനുമുന്‍പും ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ കുറേക്കാലമായി രാജ്യത്തെ കത്തോലിക്കാ സഭാ നേതാക്കള്‍ക്കും, സ്ഥാപനങ്ങള്‍ക്കും നേര്‍ക്കുള്ള ആക്രമണങ്ങളില്‍ രാജ്യത്തു വലിയതോതിലുള്ള വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

കാരക്കാസിലെ കര്‍ദ്ദിനാളായ ജോര്‍ജെ ഉറോസായെ മുന്‍പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ അനുയായികള്‍ ആക്രമിക്കുവാന്‍ ശ്രമിച്ചത് കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ്. ഇതിനു ഒരു മാസം മുന്‍പാണ് അജ്ഞാത സംഘം ദേവാലയത്തില്‍ പ്രവേശിച്ച് തിരുവോസ്തി മോഷ്ടിച്ചുകൊണ്ടുപോയത്. ഈ വര്‍ഷത്തെ പുതുവത്സര ദിനത്തില്‍ മാരക്കേയിലെ മെത്രാന്‍ സമിതി ആസ്ഥാനം കൊള്ളയടിക്കപ്പെട്ടു.

നേരത്തെ ട്രപ്പിസ്റ്റ് ആശ്രമത്തില്‍ പ്രവേശിച്ച അജ്ഞാതര്‍ ശക്തമായ മോഷണം നടന്നിരിന്നു. സഭക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമങ്ങളെ ചെറുക്കുവാന്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്ന ആരോപണം ശക്തമായിരിക്കുകയാണ്. ശക്തമായ വില നിയന്ത്രണം, നാണയപ്പെരുപ്പം തുടങ്ങിയ വികലമായ നയങ്ങള്‍ കാരണം പാല്‍, ഭക്ഷ്യധാന്യങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയുടെ ദൗര്‍ലഭ്യം വെനിസ്വേലയില്‍ ശക്തമാണ്. ഇത് ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥക്ക് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.


Related Articles »