News

ആയിരങ്ങളെ സാക്ഷിയാക്കി സ്‌കോട്ട്‌ലന്റിനെ മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു

സ്വന്തം ലേഖകന്‍ 05-09-2017 - Tuesday

എഡിന്‍ബര്‍ഗ്: ശക്തമായ മഴയെ അവഗണിച്ച് എത്തിയ ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തി സ്‌കോട്ട്‌ലന്റിനെ മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു. തലസ്ഥാന നഗരമായ എഡിന്‍ബര്‍ഗില്‍ നിന്ന് 35 മൈല്‍ മാറി സ്ഥിതി ചെയ്യുന്ന കാര്‍ഫിനിലെ ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍വിശുദ്ധ കുര്‍ബാന മധ്യേയാണ് സ്‌കോട്ട്‌ലന്‍റിനെ മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചത്. തിരുകര്‍മ്മങ്ങള്‍ക്ക് ഗ്ലാസ്കോ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് ടാര്‍ടങ്ങളിയ, അര്‍ഗില്‍- ഇസ്ല്‍സ് രൂപതാദ്ധ്യക്ഷന്‍ ബ്രെയ്ന്‍ മക്ഗീ അടക്കം നിരവധി ബിഷപ്പുമാര്‍ നേതൃത്വം നല്‍കി.

ഇന്ന് നമ്മള്‍ സ്‌കോട്ട്‌ലന്‌റിനെ മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നു. നാം നമ്മുടെ വ്യക്തിപരവും സാമൂഹികവുമായ പാപങ്ങള്‍ മറിയത്തിന് മുമ്പില്‍ സമര്‍പ്പിച്ച് നമ്മുടെ രാജ്യത്തെ യഥാര്‍ത്ഥ ക്രൈസ്തവ രാഷ്ട്രമായിത്തീരാനുള്ള കൃപയ്ക്കും ദൈവീക ഇടപെടലിനുമായി മറിയത്തിന് മുന്‍പില്‍ മാധ്യസ്ഥം യാചിക്കുന്നു. രാജ്യത്തെ മാത്രമല്ല, നാം ഓരോരുത്തരേയും ദൈവമാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുകയാണെന്നും ബിഷപ്പ് ബ്രെയ്ന്‍ മക്ഗീ പറഞ്ഞു.

ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ചടങ്ങുകള്‍ സംഘടിക്കപ്പെട്ടത്. നിരവധി മെത്രാന്മാരും അനേകം വൈദികരും ആയിരകണക്കിനു വിശ്വാസികളും ഉള്‍പ്പെടെ വന്‍ജനാവലിയാണ് ചടങ്ങില്‍ പങ്കെടുത്തത്.

2013 ഒക്ടോബറിൽ ലോകം മുഴുവനെയും ഫ്രാൻസിസ് മാർപാപ്പ ദൈവമാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചിരുന്നു. ഇതിനെ പിന്തുടർന്ന്, ഫാത്തിമ ശതാബ്ദിയുടെ ഭാഗമായി ഇംഗ്ലണ്ടിനെയും വെയിൽസിനെയും വിമലഹൃദയത്തിന് പുനർസമർപ്പണം ചെയ്തിരുന്നു. പോളണ്ടിനെയും അടുത്തിടെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചിരുന്നു.


Related Articles »