News - 2025

നൈജീരിയയിൽ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 06-09-2017 - Wednesday

അബൂജ: തെക്കൻ നൈജീരിയയിലെ ഓർലു ഗ്രാമത്തിൽ നിന്നു അജ്ഞാതസംഘം ബന്ദിയാക്കിയ വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഫാ. സിറിയകാസ് ഒന്നുന്‍ക്വോ എന്ന വൈദികനാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബർ ഒന്നിനാണ് വൈദികനെ അജ്ഞാതസംഘം തട്ടിക്കൊണ്ട് പോയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരിന്നു. ഇതേ സ്ഥലത്ത് ഫാ. ജൂഡ് ഉഡോക്വയും സമ്മാന രീതിയിൽ ആക്രമിക്കപ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടിരിന്നു.

വൈദികൻ സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഓർലു കത്തോലിക്കാ രൂപതയിലെ വൈദികരാണ് മൃതദേഹം തിരിച്ചറിയാൻ അധികൃതരെ സഹായിച്ചത്‌. മൃതദേഹത്തിൽ കാര്യമായ മുറിവില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ജൂലൈയിൽ റാഫേൽ പാങ്കിസ് എന്ന വൈദികൻ പ്ലേറ്റോയിൽ വച്ച് അക്രമികളാൽ കൊല്ലപ്പെട്ടിരുന്നു. ഫാ. റാഫേലിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായി ഏതാനും ആഴ്ചകൾക്കുള്ളിലാണ് പുതിയ സംഭവം.

നൈജീരിയയിൽ ബോക്കോ ഹറാം സംഘടനയുടെ നേതൃത്വത്തിൽ ക്രൈസ്തവർക്കു നേരെ ആക്രമണങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. ബോക്കോഹറാമിന്റെ ഇരകളായി 500-ഓളം കത്തോലിക്കാ വൈദികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മൈദുഗുരി ബിഷപ്പ് ഒലിവര്‍ ഡോയിമെ അടുത്തിടെ വെളിപ്പെടുത്തിയിരിന്നു. ബോക്കോഹറാം ആക്രമണത്തെ തുടര്‍ന്നു രാജ്യത്തു ഏതാണ്ട് 80,000-ത്തോളം ക്രിസ്ത്യാനികള്‍ ഭവനരഹിതരാവുകയും, 64,000-ത്തോളം പേര്‍ തങ്ങളുടെ സ്വദേശം വിട്ട് പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.


Related Articles »