News - 2025

2018- ദിവ്യകാരുണ്യ വര്‍ഷമായി പാക്കിസ്ഥാന്‍ ആചരിക്കും

സ്വന്തം ലേഖകന്‍ 06-09-2017 - Wednesday

ഇസ്ലാമാബാദ്: 2018-നെ പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ പ്രത്യേക വര്‍ഷമായി ആചരിക്കുവാന്‍ പാക്കിസ്ഥാന്‍ ബിഷപ്പ്സ് കോണ്‍ഫ്രന്‍സ് തീരുമാനിച്ചു. പരിശുദ്ധ ദിവ്യകാരുണ്യത്തെ ക്രിസ്തീയ ജീവിതത്തിന്റെ കേന്ദ്രമാക്കി മാറ്റണമെന്ന ലക്ഷ്യത്തോടെയാണ് 2018-നെ ദിവ്യകാരുണ്യത്തിന്റെ വര്‍ഷമായി പ്രഖ്യാപിച്ചതെന്ന് മുള്‍ട്ടാന്‍ രൂപതാധ്യക്ഷനും ദേശീയ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ പ്രസിഡന്റുമായ ബിഷപ്പ് ബെന്നി ട്രാവാസ് പറഞ്ഞു.

“ഞാന്‍ ജീവന്റെ അപ്പമാകുന്നു” എന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷ വാക്യമായിരിക്കും ‘ദിവ്യകാരുണ്യ വര്‍ഷത്തിന്റെ’ മുഖ്യ പ്രമേയം. വരുന്ന നവംബര്‍ അവസാന വാരത്തില്‍ കറാച്ചിയിലെ സെന്റ്‌ പാട്രിക്ക് കത്തീഡ്രലില്‍ വെച്ചായിരിക്കും ഔദ്യോഗിക ഉദ്ഘാടനം നടക്കുക. ഉദ്ഘാടനത്തോടനുബന്ധിച്ച് സഭാദ്ധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ സമൂഹബലി നടക്കും. ദിവ്യകാരുണ്യ വര്‍ഷത്തോടനുബന്ധിച്ച് രൂപതാതലത്തില്‍ വിവിധ പരിപാടികള്‍ക്കും പദ്ധതിയിട്ടിട്ടുണ്ട്.

ഫിലിപ്പീന്‍സിലെ സെബുവില്‍ വെച്ച് നടന്ന അന്താരാഷ്‌ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ നിന്നുമാണു തങ്ങള്‍ക്ക് ഈ ആശയം ലഭിച്ചതെന്നും ബിഷപ്പ് ബെന്നി ട്രാവാസ് പറഞ്ഞു. യേശുവിന്റെ തിരുവത്താഴത്തിന്റെ അനുസ്മരണമായ പരിശുദ്ധ ദിവ്യകാരുണ്യത്തെ കൂടുതല്‍ അറിയുവാന്‍ ശ്രമിക്കണമെന്ന് വിശ്വാസി സമൂഹത്തോടും, പഴയനിയമത്തിലൂടെ സൂചന നല്‍കുകയും പുതിയനിയമത്തിലൂടെ നിറവേറ്റപ്പെടുകയും ചെയ്ത ദിവ്യകാരുണ്യത്തെക്കുറിച്ച് വിശ്വാസികള്‍ക്ക് പറഞ്ഞുകൊടുക്കണമെന്ന് വൈദികരോടും മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു.

2018 നവംബര്‍ 21 മുതല്‍ 24 വരെ ലാഹോറില്‍ വെച്ചായിരിക്കും ദിവ്യകാരുണ്യ വര്‍ഷത്തിന്റെ സമാപന ചടങ്ങുകള്‍ നടക്കുക. പരിപാടികളുടെ നടത്തിപ്പിനായി ഓരോ രൂപതയിലേയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പ്രത്യേക കമ്മിറ്റിക്ക് സംഘടന രൂപം നല്‍കിയിട്ടുണ്ട്.


Related Articles »