India - 2025
മണര്‍ക്കാട് റാസയില്‍ പങ്കെടുത്തത് ആയിരങ്ങള്‍
സ്വന്തം ലേഖകന്‍ 07-09-2017 - Thursday
കോട്ടയം: ആയിരകണക്കിന് വര്‍ണ്ണക്കുടകളുടെ അകമ്പടിയോടെ മണര്‍കാട് കത്തീഡ്രലിലെ എട്ടുനോമ്പു തിരുനാളിന്റെ റാസയില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍. വലിയപള്ളിയില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയ്ക്കു ശേഷം അംശവസ്ത്രങ്ങള്‍ ധരിച്ച വൈദികര്‍ റാസയില്‍ പങ്കുചേര്‍ന്ന് ആശീര്‍വദിച്ചു. ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പ, ഫാ. തോമസ് മറ്റത്തില്‍, ഫാ. അഭിലാഷ് ഏബ്രഹാം വലിയവീട്ടില്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ഇന്നലെ മധ്യാഹ്നപ്രാര്‍ഥനയ്ക്കു ശേഷമാണ് ദൈവമാതാവിനു സ്തുതിപ്പുകള്‍ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളും കീര്‍ത്തനങ്ങളുമായി പ്രദക്ഷിണം നടന്നത്. അഞ്ചു മണിക്കൂറിലേറെ സമയമെടുത്താണു റാസ ഒരു പോയിന്റ് പിന്നിട്ടത്. കല്‍ക്കുരിശ്, കണിയാംകുന്ന് കുരിശിന്‍തൊട്ടി എന്നിവിടങ്ങളിലെ ധൂപപ്രാര്‍ഥനയ്ക്കു ശേഷം മണര്‍കാട് കവലയില്‍ റാസ എത്തി. കവലയിലും കരോട്ടെ പള്ളിയിലും നടന്ന ധൂപപ്രാര്‍ഥനയ്ക്കു ശേഷം അഞ്ചരയോടെയാണു റാസ തിരികെ വലിയ പള്ളിയിലെത്തിച്ചേര്‍ന്നത്. വയോജന സംഘാംഗങ്ങള്‍ പരമ്പരാഗത വേഷത്തിലും വനിതാ സമാജാംഗങ്ങള്‍ യൂണിഫോമിലും പൊന്‍വെള്ളി കുരിശുകള്‍ക്കിരുവശവുമായി അണിനിരന്നു. റാസയെ തുടര്‍ന്ന് വൈകുന്നേരം ആറിനു സന്ധ്യാപ്രാര്‍ത്ഥനയും നടന്നു.
ഇന്നു ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ചടങ്ങ് നടക്കും. രാവിലെ ഒന്പതിനു യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്കു ശേഷം മധ്യാഹ്ന പ്രാര്‍ഥന കഴിഞ്ഞാണു പ്രസിദ്ധമായ തടതുറക്കല്‍ ചടങ്ങ്. പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രമാണു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ദര്‍ശനത്തിനായി തുറന്നുകൊടുക്കുന്നത്.