News - 2025

ഭ്രൂണഹത്യ നിയമപരമാക്കാനുള്ള നീക്കത്തിനെതിരെ ശ്രീലങ്കന്‍ മെത്രാന്‍ സമിതി

സ്വന്തം ലേഖകന്‍ 07-09-2017 - Thursday

കൊളംബോ: ശ്രീലങ്കയില്‍ ഭ്രൂണഹത്യ നിയമപരമാക്കാനുള്ള നീക്കത്തിനെതിരെ പ്രതികരണവുമായി ദേശീയ മെത്രാന്‍ സമിതി. ഗര്‍ഭം ധരിക്കപ്പെടുന്ന നിമിഷംമുതല്‍ ജീവന്‍റെ സ്വാഭാവിക അന്ത്യംവരെ മനുഷ്യജീവന്‍ സംരക്ഷിക്കപ്പെടണം എന്ന സഭയുടെ മാറ്റമില്ലാത്ത നിലപാട് മെത്രാന്മാര്‍ വീണ്ടും ആവര്‍ത്തിച്ചു. ബലാല്‍സംഗത്തിന്‍റെ ഫലമായി ഗര്‍ഭംധരിക്കുക, ഭ്രൂണത്തിന് മാരകമായ വൈകല്യമുണ്ടായിരിക്കുക എന്നീ സാഹചര്യങ്ങളില്‍ ഭ്രൂണഹത്യ അനുവദിക്കുന്ന പ്രമേയം പാര്‍ലിമെന്‍റില്‍ അവതരിപ്പിക്കുന്നതിനുള്ള നീക്കം നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രാദേശിക കത്തോലിക്കാ മെത്രാന്മാരുടെ പ്രതികരണം.

“നവജാതശിശുവിന്‍റെ ജീവനുള്ള അവകാശം” എന്ന ശീര്‍ഷകത്തില്‍ ശ്രീലങ്കയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ബിഷപ്പ് വിന്‍സ്റ്റണ്‍ ഫെര്‍ണാണ്ടസും, സെക്രട്ടറി ജനറല്‍ ബിഷപ്പ് വാലെന്‍സ് മെന്‍റിസും സംയുക്തമായാണ് പ്രസ്താവന ഇറക്കിയത്. അപരന്‍റെ അവകാശം ലംഘിച്ചുകൊണ്ട് ഒരുവന്‍ സ്വന്തം അവകാശം സംരക്ഷിക്കാന്‍ ശ്രമിക്കരുതെന്ന് ബിഷപ്പുമാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നിയമാനുസൃതവും അല്ലാത്തതുമായ എല്ലാ ഗര്‍ഭച്ഛിദ്രങ്ങളെയും എതിര്‍ക്കാന്‍ മെത്രാന്‍ സംഘം കത്തോലിക്കാ വിശ്വാസികളെ ആഹ്വാനം ചെയ്തിട്ടുമുണ്ട്. അനുദിനം ശ്രീലങ്കയില്‍ നിയമവിരുദ്ധമായി അറുനൂറോളം ഭ്രൂണഹത്യകള്‍ നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.


Related Articles »