News - 2025
അമോരിസ് ലെത്തീസ്യയില്‍ വ്യക്തത ആവശ്യപ്പെട്ട കര്‍ദ്ദിനാള്‍ കാര്‍ലോ കഫ്ഫാരയും വിടവാങ്ങി
സ്വന്തം ലേഖകന്‍ 07-09-2017 - Thursday
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധന രേഖയായ ‘അമോരിസ് ലെത്തീസ്യ'യില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട നാലു കര്‍ദ്ദിനാള്‍മാരില്‍ ഒരാളും ബൊളോഗ്നയിലെ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ കാര്‍ലോ കഫ്ഫാര ദിവംഗതനായി. 79-വയസ്സായിരുന്നു. അമോരീസ് ലെത്തീസയില്‍ വ്യക്തത ആവശ്യപ്പെട്ട മറ്റൊരു കര്‍ദ്ദിനാള്‍ ജോവാക്കിം മെസ്നര്‍ ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ അന്തരിച്ചിരിന്നു. വാള്‍ട്ടര്‍ ബ്രാന്‍ഡ്മുള്ളര്‍, റെയ്മണ്ട് ലിയോ ബര്‍ക്ക് എന്നിവരാണ് ‘അമോരിസ് ലെത്തീസ്യ’യില്‍ വ്യക്തത ആവശ്യപ്പെട്ട മറ്റ് കര്‍ദ്ദിനാള്‍മാര്‍.
ജോണ്‍ പോള്‍ രണ്ടാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാര്യേജ് ആന്‍ഡ് ഫാമിലിയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്നു അന്തരിച്ച കര്‍ദ്ദിനാള്‍. അന്താരാഷ്‌ട്ര ദൈവശാസ്ത്ര കമ്മിറ്റിയംഗം, വത്തിക്കാന്റെ വിശ്വാസ-സൈദ്ധാന്തിക വിഭാഗത്തിന്റെ കണ്‍സള്‍ട്ടന്റ് എന്നീ നിലകളിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. വിവാഹം, കുടുംബം എന്നിവയുടെ കെട്ടുറപ്പിനായി അദ്ദേഹം നല്‍കിയ അജപാലകപരവും, അക്കാദമിക പരവുമായ സേവനങ്ങളാല്‍ പ്രസിദ്ധനായിരുന്നു കര്‍ദ്ദിനാള്‍ കാര്‍ലോ കഫ്ഫാര.
1938-ല്‍ ഇറ്റലിയിലെ സാമ്പോസെറ്റോ ഡി ബുസ്സെടോയിലായിരുന്നു കര്‍ദ്ദിനാള്‍ കാര്‍ലോ കഫ്ഫാരയുടെ ജനനം. 1961-ലാണ് അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിക്കുന്നത്. കാനോനിക നിയമങ്ങളില്‍ ഡോക്ടറേറ്റു നേടിയ അദ്ദേഹം 1974 വരെ ധാര്‍മ്മിക ശാസ്ത്രവും ധാര്‍മ്മിക നീതിയും പഠിപ്പിച്ചു. 2003-ല്‍ ബൊളോണയുടെ അധ്യക്ഷന്‍ ആകുന്നത് വരെ അദ്ദേഹം ഫെരാകൊമാച്ചിയോയിലെ മെത്രാപ്പോലീത്തയായിരുന്നു. 2006-ലാണ് ഇദ്ദേഹം കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെടുന്നത്. കര്‍ദ്ദിനാള്‍ കാര്‍ലോയുടെ മൃതസംസ്ക്കാര ചടങ്ങുകള്‍ സെപ്റ്റംബര്‍ 9ന് ബൊളോഗ്നയിലെ സാന്‍ പെട്രോനിനോ കത്തീഡ്രലില്‍വെച്ചു നടക്കും.