News - 2025
ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിനു ലിവർപൂൾ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍ 08-09-2017 - Friday
ലണ്ടൻ: ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യവും ശക്തിയും വിളിച്ചോതികൊണ്ട് ഇംഗ്ലണ്ട്-വെയില്‍സിലെ രൂപതകളുടെ ആഭിമുഖ്യത്തില്‍ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ലിവർപൂളിൽ വച്ച് നടത്തപ്പെടും. 2018 സെപ്റ്റബർ ഏഴു മുതൽ പതിനൊന്ന് വരെ ലിവർപൂൾ കത്തീഡ്രലിലാണ് സമ്മേളനം നടത്തപ്പെടുക. അഡോര്‍മസ് അഥവാ 'നമ്മുക്ക് ആരാധിക്കാം' എന്നാണ് ദിവ്യകാരുണ്യ കോൺഗ്രസിനു നല്‍കിയിരിക്കുന്ന പേര്. തിയോളജിക്കൽ സിംപോസിയവും വൈദിക വർക്ക്ഷോപ്പുമായി ആരംഭിക്കുന്ന കോൺഗ്രസ്സിൽ, ലിവർപൂൾ ഇക്കോ അരീനയിൽ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയ്ക്കും ആരാധനയ്ക്കുമായി പതിനായിരത്തോളം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്.
പതിനായിരങ്ങളെ ഉള്‍കൊള്ളിച്ച് കൊണ്ടുള്ള ദിവ്യകാരുണ്യപ്രദക്ഷിണവും ദിവ്യബലിയും കോണ്‍ഗ്രസില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ദിവ്യകാരുണ്യ സംഗമത്തിന് മുന്നോടിയായി ഇടവകകളിൽ നടത്തപ്പെടുന്ന ആരാധനയിലൂടെ യേശുവിന്റെ സാന്നിധ്യവും കാരുണ്യവും സമൂഹത്തിൽ പ്രകടമാക്കണമെന്ന് ബിഷപ്പുമാര്‍ ആഹ്വാനം ചെയ്തു. 1908 ലാണ് അവസാനമായി ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്സ് നടന്നത്.
ഇതിനാൽ അടുത്ത വർഷം വിഭാവനം ചെയ്തിരിക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസ്റ്റിൽ ശക്തമായ പങ്കാളിത്തം വേണമെന്നും സംഗമത്തിന്റെ ഏകോപനത്തിനായി കർദ്ദിനാൾ നിക്കോളാസ് വെസ്റ്റ് മിന്‍സ്റ്റർ രൂപതയ്ക്ക് അയച്ച ഇടയലേഖനത്തിൽ പറഞ്ഞു. ദിവ്യകാരുണ്യആരാധന, സഭയുടെ പ്രാർത്ഥന തുടങ്ങിയവയില്‍ വിശ്വാസികള്‍ക്ക് പ്രായോഗിക പരിജ്ഞാനം നൽക്കുകയാണ് ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്സിന്റെ ലക്ഷ്യം. കത്തോലിക്കാ പാരമ്പര്യവും ഗതാഗത സൗകര്യവും വിശാലമായ വേദിയും പരിഗണിച്ചാണ് സമ്മേളനത്തിനായി ലിവർപൂൾ കത്തീഡ്രൽ തിരഞ്ഞെടുത്തതെന്ന് മെത്രാൻ സമിതി പത്രക്കുറിപ്പിൽ അറിയിച്ചു.