Saturday Mirror

പിശാചിന്റെ പുരോഹിതനായിരുന്ന സഖാരിയുടെ ഈ സാക്ഷ്യം, നാം പലപ്പോഴും വിസ്മരിച്ചു കളയുന്ന വലിയ സത്യങ്ങളിലേക്ക്‌ വിരൽ ചൂണ്ടുന്നു

ജേക്കബ്‌ സാമുവേൽ 02-05-2016 - Monday

കർത്താവായ യേശു, തന്നിൽ വിശ്വസിക്കുന്നവർക്ക് നൽകുന്ന ഏറ്റവും വലിയ അധികാരമാണ് സാത്താനെ ചവിട്ടി മെതിക്കാനുള്ള അധികാരം (cf: ലൂക്കാ 10:19). എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ പല ക്രിസ്ത്യാനികൾക്കും തങ്ങൾക്കുള്ള ഈ വലിയ ശക്തിയെ പറ്റിയും ആധികാരത്തെപറ്റിയും ശരിയായ ബോധ്യങ്ങൾ ഇല്ലാത്തതുകൊണ്ട് നാം പലപ്പോഴും സാത്താനെ ഭയപ്പെടുന്നു. എന്നാൽ ഒരു തികഞ്ഞ കത്തോലിക്ക വിശ്വാസിയെ കണ്ട് സത്താനാണ് ഭയന്നു വിറക്കുന്നത് എന്ന് ഒരുകാലത്ത് ലോകം അറിയപ്പെടുന്ന പിശാചിന്റെ പുരോഹിതനും മഹാമാന്ത്രികനുമായിരുന്ന സഖാരി കിംഗ് വെളിപ്പെടുത്തുന്നു. കാരണം കത്തോലിക്ക സഭ ക്രിസ്തുവിനാൽ സ്ഥാപിതമാണ്; കൂടാതെ ഒരു കത്തോലിക്ക വിശ്വാസിക്ക് ദൈവം നല്കിയിരിക്കുന്ന ഏറ്റവും വലിയ ആയുധങ്ങളാണ് വിശുദ്ധ കുർബ്ബാനയും ജപമാലയും.

ഒരുകാലത്ത് സാത്താന്റെ പുരോഹിതനും മഹാമാന്ത്രികനുമായിരുന്ന സഖാരി കിംഗ് ഒടുവിൽ ആ വലിയ സത്യം തിരിച്ചറിഞ്ഞു- "ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷക്കുവേണ്ടി യേശു എന്ന നാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല" എന്ന സത്യം. ഇന്ന് യേശു ക്രിസ്തുവിനു വേണ്ടി ജീവിക്കുന്ന ഈ മനുഷ്യൻ തന്റെ കഴിഞ്ഞകാല ജീവിതവും ക്രിസ്തുവിനെ കണ്ടെത്തിയ അനുഭവവും ലെപാന്‍ററോ ഇന്‍സ്റ്റിറ്റിയൂട്ട് പ്രതിനിധിയുമായി പങ്കു വച്ചു.

അമേരിക്കന്‍ പൗരനായ സഖാരി ജനിച്ചു വളര്‍ന്നത് ഒരു ബാപ്റ്റിസ്റ്റു കുടുംബത്തിലാണ്. തിന്മയുടെ സ്വാധീനത്തില്‍ അകപ്പെട്ടു 10-ാം വയസ്സില്‍ അദ്ദേഹം മന്ത്രവാദം പരിശീലിക്കാന്‍ തുടങ്ങി. തന്‍റെ പതിമൂന്നാമത്തെ വയസ്സില്‍ മന്ത്രവാദ സംഘത്തില്‍ താന്‍ അംഗമായെന്നും 15-വയസ്സ് ആയപ്പോഴേക്കും ദൈവപ്രമാണങ്ങളായ പത്ത് കല്‍പനകളും ലംഘിച്ചുകഴിഞ്ഞിരുന്നുവെന്നും സഖാരി തുറന്നു സമ്മതിക്കുന്നു. കൗമാര-യൗവ്വന കാലഘട്ടത്തിനുള്ളില്‍ മഹാമാന്ത്രികന്‍ എന്ന സ്ഥാനം നേടിയെടുത്ത ഇദ്ദേഹം, ആചാരാധിഷ്ഠിതഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള സാത്താനിക കര്‍മ്മങ്ങളെ ശക്തമായി പ്രോത്സാഹിപ്പിച്ചു.

സാത്താന്‍ സേവയോട് അനുബന്ധിച്ച് താന്‍ ചെയ്തു കൂട്ടിയ നിഷ്ഡ്ഡൂര കൃത്യങ്ങളെ പറ്റി വിവരിക്കുന്ന പുസ്തകത്തിന്‍റെ പണിപ്പുരയിലാണ് ഇന്നദ്ദേഹം. ആത്മശോദനയുടെയും പശ്ചാത്താപത്തിന്റെയും കണ്ണുനീരാണ് 'ഗര്‍ഭഛിദ്രം ഒരു പൈശാചിക ബലി' എന്ന ഈ പുസ്തകത്തില്‍ താന്‍ വിവരിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് സഖാരി വെളിപ്പെടുത്തുന്നു. സഖാരി കിംഗ് ഭാര്യയുമൊത്ത് ഇപ്പോള്‍ ഫ്ളോറിഡായിലാണ് താമസിക്കുന്നത്. സാത്താന് സേവയില് നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട അദ്ദേഹം തന്‍റെ ജീവിതാനുഭവം ലോകത്തിന് മുന്നില്‍ പ്രചരിപ്പിച്ചുകൊണ്ട് ഒരു അന്തര്‍ദേശീയ പ്രാസംഗികനായി അദ്ദേഹം ഇന്ന് ദൈവശുശ്രൂഷ ചെയ്യുന്നു.

ലെപാന്‍ററോ ഇന്‍സ്റ്റിറ്റിയൂട്ട്, സഖാരിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്.

ഇന്‍സ്റ്റിറ്റിയൂട്ട് പ്രതിനിധി: സാത്താന്‍ സേവയില്‍ താങ്കള്‍ അകപ്പെട്ടുപോയതിന്റെ പശ്ചാത്തലം ഒന്നു വിവരിക്കാമോ ?

സഖാരി കിംഗ്: 1970 കളിലായിരിന്നു എല്ലാറ്റിന്‍റെയും തുടക്കം. മാജിക്ക് സത്യത്തില്‍ ഉള്ളതാണോ എന്നറിയാന്‍ എല്ലാവര്‍ക്കും ഒരുപോലെ ആകാംക്ഷ കാണും. ഈ ആകാംക്ഷയാണ് പാപത്തിന്‍റെ വഴിയിലേക്ക് എന്നെ നയിച്ചത്. മായാജാലത്തെയും മന്ത്രവാദത്തെയും അടിസ്ഥാനമാക്കി നിരവധി സിനിമകളാണ് ആ കാലഘട്ടത്തില്‍ ഇറങ്ങിയിരിന്നത്. ഈ സിനിമകളെല്ലാം തന്നെ എന്നില്‍ ആകാംക്ഷ ജനിപ്പിച്ചു. ഇതേ കാലയളവില്‍ ത്തന്നെ ഞാന്‍ ആഴ്ചാവസാന അവധി ദിവസങ്ങളില് 'പൈശാചിക കര്‍മ്മത്തില്‍' ഏര്‍പ്പെടാന്‍ തുടങ്ങി. കുറെക്കഴിഞ്ഞപ്പോള്‍, ഈ ജാലവിദ്യ വാസ്തവമായി ഉപയോഗിച്ച്, ഇതിലെ കുറെ മന്ത്രങ്ങള്‍ വഴി പണം ഉണ്ടാക്കാന്‍ സാധിക്കുമോ എന്ന ചിന്ത എന്നെ അലട്ടി. ഇതു പരീക്ഷിച്ച് നോക്കിയപ്പോള്‍ രണ്ട് പ്രാവശ്യം വിജയിച്ചു.

ഞാന്‍ വളര്‍ന്നു വന്ന എഴുപതുകളില്‍, ടെലിവിഷന്‍ പരിപാടികളില്‍ ഇങ്ങനെയുള്ള പേടിപ്പിക്കുന്ന സാത്താന്‍ സേവക്കാരുടെ പരിപാടികള്‍ നിരവധി ഉണ്ടായിരിന്നു. എനിക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോള്‍, ഒരു സ്നേഹിതന്‍ എന്നെ ഒരു 'ഇരുള്‍മുറി-വ്യാളി' കളി സംഘത്തിന് പരിചയപ്പെടുത്തി. മന്ത്രവാദത്തിനും കൂടോത്രത്തിനും വളരെ പ്രാധാന്യം നല്കിയ ഒരു വിഭാഗമായിരിന്നു അവരുടേത്. സാത്താന്‍ സേവക്കാരുടെ കൂട്ടാമാണിതെന്ന് മനസ്സിലാക്കാന്‍ ഏറെ വൈകിയിരിന്നു. അവരെ വിട്ടിട്ട് കടന്നുകളയാന് പാടില്ലായിരുന്നോ എന്ന് പലരും എന്നോട് ചോദിച്ചിരുന്നു.

എല്ലാ വിനോദങ്ങളുമുള്ള ഒരു യുവതീയുവാക്കളുടെ ക്ലബ്ബ് പോലെയായിരുന്നു അത്. അത്കൊണ്ട് തന്നെ പിശാചിന്‍റെ വലിയ സ്വാധീനത്തില്‍ നിന്നു പുറത്തുവരാന്‍ വളരെ ബുദ്ധിമുട്ടായിരിന്നുവെന്ന് തുറന്നു സമ്മതിച്ചേ തീരൂ. ചുരുക്കിപറഞ്ഞാല്‍ മനുഷ്യന്‍റെ ആഗ്രഹങ്ങളെ കണ്ടുപിടിക്കാന് അവര്‍ മിടുക്കന്മാരായിരുന്നു. ഒരു കുട്ടിക്ക് വേണ്ടെതെന്താണെന്ന് അവര്‍ക്ക് ശരിക്കും അറിയാമായിരുന്നു. ആ കൂട്ടത്തില് അങ്ങനെ ഞാനും പെട്ടുപോയി.

അതായിരുന്നു എന്റെ ആദ്യത്തെ പൈശാചിക ആരാധന. 18-വയസ്സുവരെ ഞാന്‍ അതില്‍ ഉണ്ടായിരുന്നു. ശേഷം, ആഗോളതലത്തിലുള്ള 'ലോക സാത്താന്‍ സഭ'യില്‍ചേര്‍ന്നു. സാമാന്യം വലിയ സാത്താന്‍ സംഘത്തില്‍, സംഘത്തിനു വേണ്ടി മന്ത്രവാദം നടത്തുന്നവരുണ്ട്. അതില്, ഞാൻ കൈവശമാക്കിയ സ്ഥാനമാണ് 'മഹാമാന്ത്രികൻ' എന്നത്. ഈ ആഭിചാരകര്‍മത്തിന് ചിലപ്പോള്‍ ഒരാള്‍ മാത്രമേ കാണുകയുള്ളൂ, ചിലപ്പോള്‍ പത്തുപേര്‍ വരെ. മഹാമാന്ത്രികര്‍ സാധാരണയായി രണ്ടിനും അഞ്ചിനുമിടയില്‍. ലോകത്ത് എവിടേയും സഞ്ചരിച്ച് ആളുകള്‍ എന്താണോ ആവശ്യപ്പെടുന്നത് ആ മന്ത്രകര്‍മ്മം ചെയ്തു കൊടുക്കുക, അതാണ് ഞങ്ങളുടെ ജോലി.

സാത്താന്‍ സേവയിലെ ആളുകള്‍ എന്നു പറഞ്ഞാല്‍ സിനിമാതാരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, ധനികര്‍, നൃത്തസംഗീതതാരങ്ങള്‍ എന്നിവരൊക്കെ ഉള്‍പ്പെടും. ഇതിന്‍റെയൊക്കെ പ്രതിഫലം നിങ്ങളുടെ ചിന്തകള്‍ക്ക് അതീതമാണ്. (ഒന്നിനും ഉപകരിക്കാത്ത ആ പണം കൊണ്ട് നരകം മാത്രമേ നേടാന്‍ കഴിയൂയെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നു)

പ്രതിനിധി: സാത്താൻ സേവാസംഘത്തില്‍, താങ്കള്‍ ഒരു മഹാമാന്ത്രികനായിരുന്നു എന്നു പറഞ്ഞല്ലോ. ഈ സ്ഥാനത്ത് എത്തപ്പെട്ടത് എങ്ങനെയായിരുന്നെന്ന് ഒന്ന് ചുരുക്കിപ്പറയാമോ?

കിംഗ്:- എന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍, സാത്താനേ നേരിട്ട് തിരഞ്ഞെടുക്കുന്നവരാണ് മഹാമാന്ത്രികര്‍. പത്താം വയസ്സുമുതലാണ് ഞാന്‍ മന്ത്രവാദം തുടങ്ങിയത്, 21-ആയപ്പോഴേക്കും, മഹാമാന്ത്രികനായി. ആഗോളസാത്താന്‍ സേവക്കാരുടെ കൂട്ടായ്മയില്‍ 12 വര്‍ഷത്തോളം ഉണ്ടായിരുന്നു. ഏന്‍റെ ബാല്യ കാലഘട്ടത്തില്‍ മാജിക്ക് എന്നതിനെക്കാലുപരി അത് നടത്തുന്ന മജീഷ്യന്‍മാരോട് വല്ലാത്ത ഒരു അടുപ്പം എനിക്കു തോന്നിയിട്ടുണ്ട്.

നമ്മുക്ക് കാര്യത്തിലേക്ക് തിരിച്ചു വരാം, സാത്താന്‍ നിങ്ങളെ തിരഞ്ഞെടുത്തു എന്നിരിക്കട്ടെ; ഈ പൈശാചിക സഭക്ക് ഒരു CEOയും ഡയറക്ടര്‍ ബോര്‍ഡും ഉണ്ട്. CEO വിവരം നിങ്ങളെ അറിയിക്കുന്നു, അതിന്‍റെ തുടര്‍പ്പടിയെന്നോണം നിങ്ങള് ചെന്ന് CEO യേയും ഡയറക്ടര്‍മാരെയും കാണുന്നു. നിങ്ങളെ തിരഞ്ഞെടുത്ത വിവരം അവര്‍ നിങ്ങളോട് പറയും. ഒരു മഹമാന്ത്രികന്റെ ചുമതലകളെന്തെല്ലാമെണെന്ന് വിവരിക്കുന്ന ഒരു പുസ്തകം നിങ്ങള്‍ക്കു തരും. ജോലി സ്വീകരിക്കണമെന്നോ, വേണ്ടെന്നോ നിങ്ങള്‍ക്ക് തീരുമാനിക്കാം. ആരെങ്കിലും ജോലി നിരസിച്ചതായി എന്റെ അറിവിലില്ല. അത്രക്ക് പൈശാചികമായ സ്വാധീനമാണ് അവരിലുള്ളത്.

പ്രതിനിധി: പൈശാചിക കര്‍മ്മങ്ങളില്‍ ഗര്‍ഭഛിദ്രത്തിന്റെ സ്ഥാനം എന്താണ് ? ഇങ്ങനെയുള്ള ഗര്‍ഭഛിദ്രപ്രവര്‍ത്തിയില്‍ എപ്പോഴാണ് താങ്കള്‍ ഭാഗഭാക്കായത്?

കിംഗ്: എന്റെ കുടുംബത്തില്‍ ഒരിക്കല്‍ മറ്റാരെയോപറ്റി സംസാരിച്ചുകൊണ്ടിരിക്കവെ, എന്റെ മാതാപിതാക്കള്‍ 'ഗര്‍ഭഛിദ്രം' എന്ന ഒരു വാക്ക് പിറുപിറുക്കുന്നത് ഞാൻ കേള്‍ക്കാനിടയായി. അവര്‍ രഹസ്യമായി സംസാരിച്ചത് കൊണ്ട് അതൊരു ചീത്ത വാക്കാണെന്ന് ഞാന്‍ ധരിച്ചു. മറ്റൊരിടത്തും ഇതു ഞാൻ കേട്ടിട്ടുമില്ല.

എനിക്ക് 14 വയസ് തികഞ്ഞ ഉടനെ തന്നെ ഒരു ഗര്‍ഭഛിദ്രം നടത്താന്‍ പോകുകയാണെന്ന് സാത്താന്‍സേവാസംഘാംഗങ്ങള്‍ എന്നോടു പറഞ്ഞു. 12-നും 15-നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളും 18 വയസ്സിനുമേല്‍ പ്രായമുള്ള ഗര്‍ഭണിയായ ഒരു സ്ത്രീ അംഗവും ചേര്‍ന്നുള്ള ഒരു കൂട്ടായ്മ ആയിരിന്നു അത്. എന്നോടു ഈ വിവരം പറഞ്ഞപ്പോള്‍ ഗര്‍ഭഛിദ്രം എന്താണെന്ന് യാതൊരു പിടിയുമില്ലായിരുന്നു. അതുകൊണ്ട് സാംഘാംഗങ്ങളോട് ഇതെന്താണെന്ന് ചോദിച്ചപ്പോള്‍, എനിക്കു കിട്ടിയ മറുപടി ഇതായിയിരിന്നു, "വയറ്റില്‍ ഒരു കുഞ്ഞുണ്ടെന്നും, ഞാന്‍ അതിനെ കൊല്ലണമെന്നുമായിരുന്നു".

വൈദ്യ ക്രമീകരണങ്ങളുള്ളതിനാല്‍ ഒരു നഴ്സും ഒരു ഗര്‍ഭഛിദ്രവിദഗ്ധനായ ഡോക്ടറും എന്നെ സഹായിക്കാനുണ്ടെന്നും അവര്‍ പറഞ്ഞു. ''ഇത് നിയമാനുസൃതമാണോ?'' എന്നായിരുന്നു എന്റെ ചോദ്യം. "സ്ത്രീയുടെ ഉദരത്തിനുള്ളില്‍ കുഞ്ഞ് ഉള്ളടത്തോളം കാലം, അതിനെ കൊല്ലാം" ഇതാണ് എനിക്കു കിട്ടിയ മറുപടി. ഈ മിഥ്യാബോധം എന്നെ കൊടും പാപത്തിന് അര്‍ഹനാക്കി എന്നു ഞാന്‍ തുറന്നു സമ്മതിക്കുന്നു.

പ്രതിനിധി: എത്ര മന്ത്രവാദഭ്രൂണഹത്യകളില് താങ്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട്?

കിംഗ്: മഹാമാന്ത്രികനാകുന്നതിന് മുമ്പ്, 5 എണ്ണം ചെയ്തിട്ടുണ്ട്. അതിന് ശേഷം 141 എണ്ണം കൂടി.

പ്രതിനിധി: നിഷ്ട്ടൂരമായ ഭ്രൂണഹത്യ നടത്താനുള്ള അവസരം മൂലം പൈശാചിക കേന്ദ്രങ്ങള്‍ മന്ത്രവാദികളെ ആകര്‍ഷിക്കുന്നുണ്ടെന്നാണോ താങ്കള്‍ പറയുന്നത്?

കിംഗ്: തീര്‍ച്ചയായും. ജീവ സംരക്ഷണം ഉത്ഘോഷിക്കുന്നവരും നിലനിര്‍ത്താൻ വാദിക്കുന്നവരുമായ N.O.W. (The National Organization of Woman) സംഘടനയെ പറ്റി നിങ്ങള്‍ക്ക് അറിയാമല്ലോ. അവരില് പലരും wiccan എന്ന ആഭിചാര പ്രസ്ഥാനത്തിലെ സംഘാംഗങ്ങളാണ്. അവര്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നവരെ പീഢിപ്പിക്കാനോ, കൊല്ലാന് പോലും മടിയില്ലയെന്ന് ചില സംഭവങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, സ്ത്രീയുടെ സംരക്ഷണത്തിനായി, എന്തിനേയും നശിപ്പിക്കാം. സ്ത്രീ വ്യക്തിത്വത്തെ ആരാധനാരൂപമായി, ഭൂമീദേവിയായി അവര്‍ കാണുന്നു; കുഞ്ഞ് പിറന്നാല്‍ അമ്മ മരിക്കുമെന്ന സാഹചര്യം വരുമ്പോള്‍, കുട്ടിയുടെ നാശം ഇക്കൂട്ടര്‍ക്ക് ഒരു ആഭിചാര ക്രിയയായി മാറുന്നു.

വിശുദ്ധിയില്‍ ആകൃഷ്ടരായി, ദൈവവേല ചെയ്യാന്‍ കത്തോലിക്കാ പുരുഷന്മാര്‍ പൗരോഹിത്യം സ്വീകരിക്കുന്നതുപോലെ, ഗര്‍ഭഛിദ്രം സാത്താന്‍ സേവകരെ ആകര്‍ഷിക്കുന്നതിനാല്‍ അവര്‍ സാത്താന്റെ പൗരോഹിത്യം സ്വീകരിക്കുന്നു.

പ്രതിനിധി: ഗര്‍ഭഛിദ്രം നടത്തിക്കൊണ്ടിരിക്കെ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ഒരു ശക്തിക്കുറവ് എപ്പോഴെങ്കിലും താങ്കള്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടോ? അല്ലെങ്കില്‍, ക്രിസ്ത്യാനികൾ പ്രാര്‍ത്ഥിക്കുന്നത് മന്ത്രവാദകര്‍മ്മത്തെ ബാധിച്ചിട്ടുണ്ടോ?

കിംഗ്: ഉണ്ട്. പല പ്രാവശ്യം. ഒരിക്കല്‍, ഞാൻ ഗര്‍ഭഛിദ്ര കേന്ദ്രത്തിലെത്തിയപ്പോള്‍, തെരുവിന്റെ ഇരുവശങ്ങളിലും ജനങ്ങള്‍ നില്ക്കുന്നുണ്ടായിരിന്നു. അതിനോടു ചേര്‍ന്ന് തന്നെ കുറച്ചു ആള്‍ക്കാര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു; ഞാന്‍ നിന്നിരുന്ന വശത്ത്, ഗര്‍ഭഛിദ്രത്തിന് അനുകൂലമായി നിലകൊണ്ടിരിന്ന ജനങ്ങള്‍, പ്രാര്‍ത്ഥിക്കുന്നവരുടെ നേരെ ആക്രോശം മുഴക്കുകയും അവരെ തെറി പറയുകയും ചെയ്യുമായിരിന്നു. ഞങ്ങള്‍ അകത്തുകയറിയപ്പോള്‍, മറുവശത്തുള്ളവരെല്ലാം മുട്ടിന്മേല്‍ നില്ക്കുകയായിരുന്നു.

അന്ന് ഞങ്ങള്‍ നിശ്ചയിച്ചിരുന്ന ആഭിചാരിക ഗര്‍ഭഛിദ്രം തുടരാന്‍ കഴിഞ്ഞില്ല. ഏന്‍റെ അനുഭവത്തില്‍, പല തവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. വിചിത്രമെന്ന് പറയട്ടെ, വെളിയില്‍ നടന്നുകൊണ്ടിരുന്ന പ്രാര്‍ത്ഥന മൂലമാണ് ഈ മൂന്ന് ഉദ്യമങ്ങളും നടക്കാതെ പോയതെന്ന് എനിക്ക് മനസ്സിലായി.

പ്രതിനിധി: ഈ കാലഘട്ടത്തില്‍ അകത്ത് മന്ത്രവാദമോ ഗര്‍ഭഛിദ്രമോ നടക്കുന്നുണ്ടെന്ന് സംശയിച്ച്, കേന്ദ്രത്തിന്റെ പുറത്ത് പ്രാര്‍ത്ഥന നടത്തുന്നവര്‍ക്ക് നല്കാനുള്ള താങ്കളുടെ ഉപദേശം എന്താണ്?

കിംഗ്: ഒന്നാമത്തേത്, നിങ്ങളുടെ പ്രാര്‍ഥന നിറുത്തരുത് ! കാരണം, അകത്തെ കര്‍മ്മങ്ങള്‍ക്ക് വെളിയിലുള്ളവരെ ഉപദ്രവിക്കാൻ കഴിയുകയില്ല. അവിടെ മുഴുവനും പിശാചുക്കളുണ്ടെന്നത് ശരിയാണ്, പക്ഷെ, കഴുത്തില്‍ കയറിട്ട് ബന്ധിക്കപ്പെട്ട ഒരു പട്ടിയെപ്പോലെയാണ് സാത്താനെന്ന് ഓര്‍ക്കുക. കയറിന്റെ നീളത്തിന്റെ ഉള്ളില്‍ നിങ്ങളെ കിട്ടിയില്ലെങ്കില്‍, കടിക്കാൻ പറ്റുകയില്ല. എന്തെങ്കിലും കാരണവശാല്‍ ഉള്ളിലേക്ക് പോകുന്നെങ്കില്‍, ദൈവീക കൃപയില്‍ നിറഞ്ഞ അവസ്ഥയിലായിരിക്കണം. വെഞ്ചരിച്ച ഒരു കുപ്പി വിശുദ്ധ ജലം കൈയ്യില്‍ കരുതുക. വെഞ്ചരിച്ച വെള്ളത്തിന്റെ ശക്തി എത്രവലുതാണെന്ന് നമ്മില്‍ പലര്‍ക്കും അറിയില്ല. നിര്‍ബന്ധമായും, അവിടെ വരുമ്പോഴും, പോകുമ്പോഴും, നിങ്ങളുടെ മേല്‍ തളിക്കുക. നിങ്ങളുടെ കുടുംബാംഗങ്ങളുടെ എല്ലാവരുടേയും മേല്‍ തളിക്കുക. വിശുദ്ധ കൂര്‍ബ്ബാന സ്വീകരിച്ച ശേഷമാണ് പ്രാര്‍ഥനാ ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ വരുന്നതെങ്കില്, അതാണ് ഏറ്റവും നല്ലത്. ജപമാല എപ്പോളും കൂടെ കരുതുക. 100% ഞാന്‍ ഉറപ്പിച്ച് പറയുന്നു, വിശുദ്ധ കുര്‍ബാനയുടെയും ജപമാലയുടെയും ശക്തിയാല്‍ സാത്താനെ ആക്രമിച്ചു കീഴ്പ്പെടുത്താന്‍ എളുപ്പത്തില്‍ നമ്മുക്ക് സാധിയ്ക്കും.

പിശാച് പേടിക്കുന്ന പല കാര്യങ്ങളുണ്ട്: പ്രധാനമായും, ഒരു തികഞ്ഞ കത്തോലിക്ക വിശ്വാസിയെ അവന് ഭയമാണ്; വിശ്വാസം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന ഒരു കത്തോലിക്കന് ആത്മീയയുദ്ധം എന്താണെന്ന് പൂര്‍ണ്ണമായും അറിയാം. ജപമാലയെ രക്ഷാകവചമാക്കിയ ഒരാളിനോട് പിശാച് യുദ്ധം ചെയ്യുകയില്ല.

പ്രതിനിധി: എങ്ങനെയാണ് ക്രിസ്തുവിലേക്ക് അടുത്തതെന്ന് വിശദീകരിക്കാമോ ?

കിംഗ്: സ്വന്തമായി ഒരു ആഭരണശാല ആരംഭിച്ച ഭാര്യ കൈറ്റീയുമൊപ്പം ജീവിച്ച് വരുകയായിരിന്നു ഞാന്‍. അന്നും ആഭിചാര കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതില്‍ ഞാന്‍ മുടക്കം വരുത്തിയിരിന്നില്ല. 2008 ജനുവരിയിലാണ് അത്ഭൂതകരമായ നവീകരണം എന്‍റെ ജീവിതത്തിലുണ്ടായത്.

ഒരു സ്ത്രീ ഒരു ജോഡി കമ്മല്‍ വാങ്ങാന്‍ എന്‍റെ കടയിലേക്ക് വന്നു. വില്പന പൂര്‍ത്തിയാക്കി ഇതര ജോലികളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയ എനിക്കു ഒരു കാശുരൂപം തന്നു കൊണ്ട് ആ സ്ത്രീ ഇങ്ങനെ പറഞ്ഞു, "പരിശുദ്ധ അമ്മ നിങ്ങളെ തന്‍റെ സൈന്യത്തിലേക്ക് ക്ഷണിക്കുന്നു", തുടര്‍ന്നു ആ സ്ത്രീ, എന്‍റെ കഴിഞ്ഞ കാല ജീവിതത്തെ പറ്റി വളരെ വ്യക്തമായി പറഞ്ഞു, വളരെ അത്ഭുദകരമായി അതെനിക്ക് തോന്നി. കാരണം ഞാന്‍ നടത്തിയ ഗര്‍ഭഛിദ്രത്തെ പറ്റിയും ആഭിചാരിക പ്രവര്‍ത്തികളെ പറ്റിയും ആ സ്ത്രീ വളരെ വ്യക്തമായി പറഞ്ഞിരിന്നു. ഞൊടിയിടയില്‍ പെട്ടെന്നു തന്നെ ആ സ്ത്രീക്കു രൂപമാറ്റം സംഭവിച്ചു അവള്‍ യേശു ക്രിസ്തുവായി മാറുന്നതുപോലെ എനിക്കു തോന്നി. ആദ്യമായി വലിയ ദൈവീക ദര്‍ശനം ലഭിച്ച എന്‍റെ ജീവിതം മാറി മറഞ്ഞത് ആ നിമിഷം മുതലാണെന്ന് നിസംശയം പറയാം.

'വലിയ ദൈവീകനുഭവവും പരിശുദ്ധ അമ്മയുടെ അത്ഭുത മെഡലും' സഖാരിയുടെ എല്ലാ മുന്‍ധാരണകളേയും എടുത്തു മാറ്റാനുതകുന്നതായിയിരിന്നു. തുടര്‍ന്നു വെര്‍മണ്ടിലുള്ള വി.ഫ്രാന്‍സിസ് സേവ്യര്‍ കത്തോലിക്കാപള്ളിയില്‍ അദ്ദേഹം ക്രമമായി പോകാൻ തുടങ്ങി. 2008 മെയ്‌ മാസത്തിൽ (പരിശുദ്ധ അമ്മക്ക് പ്രത്യകം മാറ്റിവെച്ച മാസം) സഖാരി കിംഗ് കത്തോലിക്കാ സഭയില്‍ അംഗമായിത്തീര്‍ന്നു!

അങ്ങനെ നീണ്ട 26 വര്‍ഷത്തെ ഗൂഢ ആഭിചാരിക ബന്ധത്തിന് ശേഷം, സഖാരി യേശുക്രിസ്തുവിന്റെ പടയാളിയായിത്തീര്‍ന്നു; ഇതിനോടകം തനിക്കു ലഭിച്ച അറിവ് ദൈവജനത്തിനായി പങ്ക് വയ്ക്കാനും, യേശു ക്രിസ്തു വിലൂടെ മാത്രമേ രക്ഷയുള്ളൂ എന്നു ലോകത്തോട്‌ പ്രഘോഷിക്കാനും അദ്ദേഹം തീവ്രമായി പരിശ്രമിക്കുന്നു.

സഖാരിയുടെ ഈ സാക്ഷ്യം, നാം പലപ്പോഴും വിസ്മരിച്ചു കളയുന്ന വലിയ സത്യങ്ങളിലേക്ക്‌ വിരൽ ചൂണ്ടുന്നു:-

1. സാത്താൻ എന്നത് നിലനിൽക്കുന്ന ഒരു സത്യമാണ്; അത് ഒരു കെട്ടുകഥയല്ല.

യേശു ക്രിസ്തുവിന്റെ നാമത്തിലുള്ള പ്രാർത്ഥനയിലൂടെ പിശാചിന്റെ എല്ലാ പ്രവർത്തനങ്ങളെയും നമുക്ക് പരാജയപ്പെടുത്താൻ സാധിക്കും.

2. മാമ്മോദീസ സ്വീകരിച്ച ഓരോ വിശ്വാസിയും തങ്ങൾക്കുളള ഈ വലിയ ശക്തിയെ പറ്റിയും ആധികാരത്തെപറ്റിയും ബോധ്യമുള്ളവരായിരിക്കണം.

3. ഒരു തികഞ്ഞ കത്തോലിക്ക വിശ്വാസിയെ കണ്ട് സത്താനാണ് ഭയന്നു വിറക്കുന്നത്; കാരണം കത്തോലിക്ക സഭ ക്രിസ്തുവിനാൽ സ്ഥാപിതമാണ്, കൂടാതെ ഒരു കത്തോലിക്ക വിശ്വാസിക്ക് ദൈവം നല്കിയിരിക്കുന്ന ഏറ്റവും വലിയ ആയുധങ്ങളാണ് വിശുദ്ധ കുർബ്ബാനയും ജപമാലയും.

4. വിശുദ്ധ ജലം തളിച്ചുള്ള വെഞ്ചരിപ്പിന്റെ ശക്തി വളരെ വലുതാണ്‌ എന്ന് നാം ഒരിക്കലും മറന്നു കൂടാ.

5. വിശുദ്ധ പൗലോസ് നമ്മെ പഠിപ്പിക്കുന്നതുപോലെ പിശാചിനെതിരെയുള്ള പോരാട്ടത്തിൽ നമുക്ക് ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കാം (എഫേ 6:11). അതിനായി നിരന്തരം പ്രാർത്ഥിക്കുകയും വചനം പഠിക്കുകയും ചെയ്യാം; സഭയുടെ കൂദാശകളോടും മറ്റ് വചന ശുശ്രൂഷകളോടും നമ്മെയും നമ്മുടെ കുടുംബത്തെയും നിരന്തരം ചേർത്ത് നിറുത്താം.


ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!

(സഖാരിയുടെ Web Site: www.allsaintsministry.org)


Related Articles »