News - 2025

ഭിന്നത ദൈവത്തിൽ നിന്നല്ല, പിശാചിൽ നിന്നുള്ളതാണ്: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 27-01-2024 - Saturday

വത്തിക്കാന്‍ സിറ്റി: വ്യക്തികളെയും സമൂഹങ്ങളെയും ഭിന്നിപ്പിക്കുന്നതിന് പിന്നില്‍ വലിയ അപകടമുണ്ടെന്നും അത്തരം ഭിന്നതകൾ ദൈവത്തിൽ നിന്നല്ല, പിശാചിൽ നിന്നുള്ളതാണെന്നും ഫ്രാന്‍സിസ് പാപ്പ. കത്തോലിക്ക സഭ വിശുദ്ധ പൗലോസിന്റെ മാനസാന്തര തിരുനാൾ ആഘോഷിച്ച ജനുവരി ഇരുപത്തഞ്ചാം തിയതി വൈകുന്നേരം റോമിലെ വിശുദ്ധ പൗലോസിന്റെ ബസിലിക്കയിൽ നടന്ന എക്യുമെനിക്കൽ സായാഹ്ന പ്രാർത്ഥനയോടോപ്പം സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ഒരാളുടെ അയൽക്കാരെ തിരിച്ചറിയുകയല്ല, മറിച്ച് എല്ലാവർക്കും അയൽക്കാരനായി പ്രവർത്തിക്കുക എന്നതാണ് നിർണ്ണായകമായ കാര്യമെന്നു പാപ്പ പറഞ്ഞു.

മാമ്മോദീസ സ്വീകരിച്ചവർ ക്രിസ്തുവിന്റെ അതേ ശരീരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ പാപ്പ, സ്വാർത്ഥതയ്ക്കും സ്വയംഭരണത്തിനും സമൂഹങ്ങളും സഭകളും സ്വന്തം നേട്ടങ്ങൾക്കായി കണക്കുകൂട്ടുന്നതിനുമെതിരെ മുന്നറിയിപ്പ് നൽകി. അത്തരം പെരുമാറ്റം സുവിശേഷത്തിന്റെ സത്തയ്ക്ക് വിരുദ്ധമാണ്. തങ്ങളുടെ ആത്മീയത സ്വാർത്ഥ താൽപര്യത്തിലാണോ അതോ ക്രിസ്തുവിന്റെ ശരീരത്തിന്റെ ഐക്യത്തിലാണോ വേരൂന്നിയതെന്ന് പരിശോധിക്കാൻ തയാറാകണമെന്നും പാപ്പ പറഞ്ഞു.

ക്രൈസ്തവ ഐക്യത്തിനായുള്ള തന്റെ ആഹ്വാനത്തിൽ, വ്യക്തിപരമായ ആശയങ്ങളിൽ നിന്ന് പിന്തിരിയേണ്ടതിന്റെയും ഹൃദയങ്ങളെ രൂപാന്തരപ്പെടുത്താൻ ദൈവത്തെ അനുവദിക്കുന്നതിന്റെയും പ്രാധാന്യം ഫ്രാൻസിസ് പാപ്പ എടുത്ത് പറഞ്ഞു. പ്രാർത്ഥന ഒരു നിർണ്ണായക ഘടകമായി ഊന്നിപ്പറഞ്ഞ പാപ്പ, ദൈവത്തിനും അയൽക്കാരനുമുള്ള സേവനത്തിലെ വളർച്ച പരസ്പര ധാരണ വളർത്തിയെടുക്കണമെന്നും ഓര്‍മ്മിപ്പിച്ചു. ‘നീ നിന്റെ ദൈവമായ കർത്താവിനെയും... നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം’ (ലൂക്കാ 10:27) എന്നതായിരുന്നു ഈ വർഷത്തെ ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാ വാരത്തിന്റെ പ്രമേയം.


Related Articles »