News - 2025
നൈജീരിയയിലെ ദേവാലയത്തില്‍ വൈദികനു വെടിയേറ്റു
സ്വന്തം ലേഖകന്‍ 10-09-2017 - Sunday
അബൂജ: നൈജീരിയയിലെ ലാഗോസ് സ്റ്റേറ്റിലെ ഇക്കേജാ പ്രദേശത്തുള്ള ഒനിലേകെരെയിലെ സെന്റ് തോമസ് കത്തോലിക്കാ ദേവാലയത്തില്‍ പ്രവേശിച്ച അക്രമികള്‍ വൈദികനു നേരെ നിറയൊഴിച്ചു. റവ. ഫാ. ഡാനിയല്‍ ന്വാന്‍ക്വോക്കാണ് വെടിയേറ്റത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പ്രഭാതബലി കഴിഞ്ഞ ഉടന്‍തന്നെ രാവിലെ ഏതാണ്ട് 8:30-നോടടുത്തായിരുന്നു സംഭവം. മൂന്ന് പേരടങ്ങുന്ന ആക്രമി സംഘം വിശ്വാസികളെപ്പോലെ ഭാവിച്ചുകൊണ്ട് ഫാ. ഡാനിയലിനെ സമീപിക്കുകയും സംസാരിക്കുവാനുണ്ടെന്ന്‍ പറഞ്ഞ് ദേവാലയ ഓഡിറ്റോറിയത്തിനു പുറത്തേക്ക് കൊണ്ടുപോയി അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു.
ഇഗ്ബോ ഭാഷ സംസാരിച്ചിരുന്ന ഒരാളാണ് ആദ്യം വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. നാടന്‍ തോക്കുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നു വ്യക്തമായിട്ടുണ്ട്. വൈദികന്‍ ബഹളംവെച്ചതോടെ അക്രമികള്‍ മതിലുചാടി അടുത്തുള്ള കനാലിലേക്ക് ഓടിമറയുകയായിരുന്നു. കുറ്റവാളികളെ ഉടന്‍തന്നെ പിടികൂടുമെന്ന് ലാഗോസിലെ പോലീസ് കമ്മീഷണറായ ഇമോഹിമി എഡ്ഗാല്‍ അറിയിച്ചു. ഇതിനോടകം തന്നെ 5 പേരെ പിടികൂടി ചോദ്യംചെയ്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അതേ സമയം വെടിയേറ്റ വൈദികന്‍ കൊല്ലപ്പെട്ടെന്നു ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതിനെ നിഷേധിച്ചുകൊണ്ട് പോലീസ് രംഗത്തെത്തിയിട്ടുണ്ട്. വെടിയേറ്റ വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുയെന്നാണ് പോലീസ് പറയുന്നത്. ഇഗ്ബോ വംശജരായ മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്നും അവര്‍ ആരുംതന്നെ ആ ഇടവകയില്‍പ്പെട്ടവരല്ലെന്നുമാണ് ദൃക്സാക്ഷികള്‍ നല്‍കിയ മൊഴി. ആക്രമണത്തോടെ ലാഗോസിലെ ദേവാലയങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.