News

യേശുവിനെ പ്രഘോഷിച്ച് ജോർദാനിലെ പ്രഥമ ക്രൈസ്തവ സംഗമം

സ്വന്തം ലേഖകന്‍ 11-09-2017 - Monday

അമാൻ: യേശുവിനെ മഹത്വപ്പെടുത്താന്‍ ആയിരങ്ങള്‍ ഒരുമിച്ച് കൂടിയപ്പോള്‍ ജോർദാനിലെ അമാനില്‍ നടന്ന പ്രഥമ ക്രൈസ്തവ സംഗമം വന്‍വിജയമായി. ജോർദാൻ ബൈബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അമാനിലെ ജോർദാൻ യൂണിവേഴ്സിറ്റിയിലാണ് 'വതാദ്' എന്ന പേരില്‍ സഭാഭേദമന്യേ ക്രൈസ്തവ സംഗമം സംഘടിപ്പിച്ചത്. ക്രൈസ്തവ ഐക്യത്തെ സൂചിപ്പിച്ചാണ് അറബിയിൽ ദണ്ഡ് എന്ന അർത്ഥം വരുന്ന 'വതാദ്' എന്ന പേര് സംഗമത്തിനു നല്‍കിയത്.

സെപ്റ്റബർ രണ്ടിന് നടന്ന ചടങ്ങുകൾക്ക് ജോർദാൻ പാത്രിയാർക്കൽ വികാരി മോൺ. വില്യം ഷോമാലി, ജറുസലേം എമരിറ്റസ് പാത്രിയാർക്കീസ് മോൺ. ഫോഡ് തവൽ എന്നിവർ നേതൃത്വം നല്കി. ജീവിക്കുന്ന ദൈവത്തെ മഹത്വപ്പെടുത്താനും ക്രൈസ്തവരെ ഐക്യത്തിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയുമാണ് 'വതാദ്' സംഗമം സംഘടിക്കപ്പെട്ടത്. എണ്ണായിരത്തിലധികം ക്രൈസ്തവർ വതാദിനോടനുബന്ധിച്ച് കുമ്പസാരിച്ചൊരുങ്ങി.

ഗാനശുശ്രൂഷയോടെ ആരംഭിച്ച ആഘോഷത്തിൽ വിവിധ സഭകളെ പ്രതിനിധീകരിക്കുന്ന സഭാദ്ധ്യക്ഷന്മാരുടെ നേതൃത്വത്തിൽ ക്രൈസ്തവ ഐക്യത്തിനായി പ്രാർത്ഥനകൾ നടത്തി. ഒരു കുടുംബമായി ഒത്തുചേർന്ന് നടത്തപ്പെടുന്ന സംഗമത്തെ അനുഗ്രഹിക്കണമെന്നും മാതൃരാജ്യമായ ജോർദാനിലും സമീപ പ്രദേശങ്ങളിലും സമാധാനത്തിന്റെ ഉപകരണങ്ങളും ഐക്യത്തിന്റെ സന്ദേശവാഹകരുമായി എല്ലാവരും മാറണമെന്നും ആയിരങ്ങള്‍ ഏകമനസ്സോടെ പ്രാര്‍ത്ഥിച്ചു. വൈകുന്നേരം വിദ്യാർത്ഥികൾക്കായി ബൈബിൾ അധിഷ്ഠിത പരിപാടികള്‍ക്ക് പുറമേ വിവിധ കായിക മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടു.


Related Articles »