News - 2024

ഫാ. ടോം ഉഴുന്നാലിന്റെ മോചനം: നന്ദി പ്രകടിപ്പിച്ച് സഭാദ്ധ്യക്ഷന്മാര്‍

സ്വന്തം ലേഖകന്‍ 12-09-2017 - Tuesday

തിരുവനന്തപുരം: ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തില്‍ നന്ദി പറഞ്ഞു കൊണ്ട് സഭാമേലദ്ധ്യക്ഷന്‍മാര്‍. ഫാ.ടോമിന്റെ മോചനത്തില്‍ ദൈവത്തിനും നന്ദി പറയുന്നതായും കേന്ദ്രസര്‍ക്കാരും വത്തിക്കാന്‍ പ്രതിനിധികളും മോചനത്തില്‍ ഇടപെട്ടതായും കെ.സി.ബി.സി അധ്യക്ഷന്‍ ഡോ.സൂസൈപാക്യവും സി.ബി.സി.ഐ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയും പറഞ്ഞു. ഫാ.ടോം ഉഴുന്നാലിലിന്‍റെ മോചനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച എല്ലാവർക്കും പ്രാർത്ഥനാ സഹായം നൽകിയവർക്കും അറേബ്യൻ വികാരിയാത്ത് ബിഷപ് പോൾ ഹിൻഡറും കൃതജ്ഞത അറിയിച്ചു.

ഫാ. ടോമിന്റെ മോചനത്തില്‍ ലോകജനത സന്തോഷിക്കുന്നുവെന്നും സത്യവിശ്വാസികൾക്ക് അതീവ സന്തോഷമുണ്ടെന്നും ദൈവത്തിന്റെ പ്രവർത്തനമാണിതെന്നും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ആലഞ്ചേരി പറഞ്ഞു. ദൈവം പ്രവർത്തിക്കുന്നത് മനുഷ്യരിലൂടെയാണ്. ഫ്രാൻസിസ് മാർപാപ്പയും വൈദികന്റെ മോചനത്തിനായി അദ്ദേഹം നിയോഗിച്ച ബിഷപ്പ് പോൾ ഹിന്‍ററും ഇക്കാര്യത്തിൽ അതീവശ്രമം നടത്തി. ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിനായി പരിശ്രമിച്ച വത്തിക്കാനിലെയും ഭാരതത്തിലെയും ഒമാനിലെയും നയതന്ത്രപ്രതിനിധികളോട് നന്ദിപറയുന്നു. കര്‍ദ്ദിനാള്‍ പറഞ്ഞു.

പ്രത്യാശയോടെയുള്ള പ്രാർത്ഥന ഒരിക്കലും പരാജയപ്പെടില്ല എന്നതിന്റെ തെളിവാണ് ഫാ. ടോം ഉഴുന്നാലിന്റെ മോചനം എന്ന് മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം വാർത്താക്കുറിപ്പിൽ അറിയിച്ചു. വിശ്വാസിസമൂഹം മുഴുവന്റെയും പ്രാർത്ഥനയും അധികാരികളുടെ ക്രിയാത്മകമായ ഇടപെടലുമാണ് ഈ മോചനത്തിന് വഴി തെളിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ സീറോ മലബാർ സിനഡിൽ അഭിവന്ദ്യ മേജർ ആർച്ച്ബിഷപ് ആവശ്യപ്പെട്ടതിനനുസരിച്ച് മാനന്തവാടി രൂപതയിലെ എല്ലാ ദേവാലയങ്ങളിലും സന്യസ്ത സമർപ്പിത ഭവനങ്ങളിലും വീടുകളിലും ടോമച്ചന്റെ മോചനത്തിനായുള്ള പ്രാർത്ഥനകൾ നടന്നു വരികയായിരുന്നു.

സഫലമായ പ്രാർത്ഥനകളെയും അധികാരികളുടെ ഇടപെടലുകളെയും കുറിച്ച് സന്തോഷം രേഖപ്പെടുത്തിയ ബിഷപ് ടോമച്ചന്റെ മോചനത്തിനായി പ്രാർത്ഥിച്ചവർക്കും കേരള-കേന്ദ്ര സർക്കാറുകൾക്കും കാര്യക്ഷമമായ ഇടപെടൽ നടത്തി ഇപ്പോൾ ഈ മോചനം സാധ്യമാക്കിയ വത്തിക്കാനിലെ സഭാധികാരികൾക്കും ഒമാൻ ഭരണാധികാരികൾക്കും പ്രത്യേകം നന്ദി പറഞ്ഞു. നാളെ മാനന്തവാടി രൂപതയിലെ എല്ലാ ദേവാലയങ്ങളിലും കൃതജ്ഞതാ ബലിയർപ്പണവും പ്രത്യേക പ്രാർത്ഥനാശുശ്രൂഷയും ഉണ്ടായിരിക്കുമെന്നും ബിഷപ്പ് ജോസ് പൊരുന്നേടം പറഞ്ഞു.


Related Articles »