News - 2025

നൈജീരിയായില്‍ കുട്ടികളടക്കം ഇരുപതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 14-09-2017 - Thursday

അബൂജ: നൈജീരിയയിലെ ക്രൈസ്തവ ഗ്രാമത്തിൽ ഗോത്രവര്‍ഗ വിഭാഗമായ ഫുലാനി ഹെഡ്സ്മാന്‍ നടത്തിയ ആക്രമണത്തിൽ ഇരുപതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. മനുഷ്യവകാശ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. അഞ്ജ ഗ്രാമത്തിലെ സലാമ ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ പത്തൊൻപത് പേരും മെത്തഡിസ്റ്റ് ദേവാലയത്തിലെ ഒരംഗവുമാണ് കൊല്ലപ്പെട്ടത്. സാരമായി പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നു കുടുംബങ്ങളിലെ അംഗങ്ങളാണ് മരിച്ചവരിലേറെയും. ഫുലാനി സംഘം കൊലപ്പെടുത്തിയവരില്‍ മൂന്നു മാസവും പതിനേഴ് വയസ്സിനുമിടയിലുള്ള ഒൻപതു പേരും ഉള്‍പ്പെടുന്നു. ഇരുപത്തിയഞ്ച് മിനിട്ടുകളോളം നീണ്ടു നിന്ന വെടിവെയ്പ്പിൽ ഗ്രാമം മുഴുവനും നടുങ്ങിയതായി സംഭവങ്ങൾക്കു ദൃക്സാക്ഷിയായ ജോൺ ബുലാസ് അന്താരാഷ്ട്ര ഏജൻസിക്ക് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. ഗ്രാമത്തിലെ ഫുലാനി ബാലന്റെ വധത്തെ തുടർന്നാണ് അക്രമപരമ്പര അരങ്ങേറിയതെന്നാണ് റിപ്പോർട്ട്.

എന്നാൽ, ഗ്രാമത്തിൽ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് ജോൺ ബുലസ് വ്യക്തമാക്കി. ക്രൈസ്തവ ഗ്രാമങ്ങൾ ലക്ഷ്യമിട്ട ആക്രമണങ്ങളിൽ നിരവധി വിശ്വാസികളുടെ വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടതായി ഇന്‍റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. 2016 ഒക്ടോബർ മുതൽ ഫുലാനി സംഘം നടത്തുന്ന ആക്രമണത്തില്‍ ഇരുന്നൂറിനടുത്തു ക്രൈസ്തവ വിശ്വാസികള്‍ മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.


Related Articles »