News - 2025
ചെയിന്‍സോ ഉപയോഗിച്ചുള്ള കന്യാസ്ത്രീയുടെ ഇര്‍മാ ശുചീകരണം സോഷ്യല്‍ മീഡിയായില്‍ വൈറല്‍
സ്വന്തം ലേഖകന്‍ 15-09-2017 - Friday
ഫ്ലോറിഡ: അമേരിക്കയില്‍ ആഞ്ഞടിച്ച ഏറ്റവും വലിയ ചുഴലിക്കാറ്റുകളിലൊന്നായ ഇര്‍മയില്‍പ്പെട്ട് റോഡില്‍ തടസ്സം സൃഷ്ട്ടിച്ച മരം ചെയിന്‍സോ ഉപയോഗിച്ച് മുറിച്ചുമാറ്റുന്ന കന്യാസ്ത്രീയുടെ ചിത്രവും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ആര്‍ച്ച്ബിഷപ്പ് കോള്‍മാന്‍ കാരോള്‍ ഹൈസ്കൂളിലെ കന്യാസ്ത്രീയായ മാര്‍ഗരറ്റ് ആനാണ് തന്റെ സേവനസന്നദ്ധത കൊണ്ട് ഇര്‍മാ ശുചീകരണത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നത്.
മിയാമി ഡേഡ് കൗണ്ടിയിലെ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് പോസ്റ്റ് ചെയ്ത വീഡിയോയും ചിത്രങ്ങളും ഇതുവരെ 17,000 ആളുകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. കന്യാസ്ത്രീയായ മാര്‍ഗരെറ്റ് ആന്‍ റോഡില്‍ വീണുകിടക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്ന ചിത്രം, ഇത്തരം അവസരങ്ങളില്‍ നമ്മളെല്ലാവരും ഒറ്റക്കെട്ടാണെന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നുവെന്നുമാണ് പോസ്റ്റിന്റെ ചുരുക്കം. മറ്റ് നിരവധി പേജുകളിലും വീഡിയോകളും ചിത്രങ്ങളും അതിവേഗം പ്രചരിക്കുന്നുണ്ട്.
ചുഴലിക്കാറ്റുമൂലം തടസ്സപ്പെട്ട റോഡിലൂടെ സഞ്ചരിക്കുക അസാധ്യമായിരുന്നുവെന്നും, ആരോ ഒരാള്‍ ചെളിയില്‍ തെന്നിവീഴുന്നതും താന്‍ കണ്ടുവെന്നും അതാണ് ഈ പ്രവര്‍ത്തി ചെയ്യാന്‍ തനിക്ക് പ്രചോദനം നല്‍കിയതെന്നും സിസ്റ്റര്‍ മാര്‍ഗരെറ്റ് ആന്‍ പിന്നീട് പറഞ്ഞു. നിങ്ങള്‍ക്ക് കഴിയുന്ന സഹായം ചെയ്യണമെന്ന് ഞങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നു. എനിക്കത് പ്രാവര്‍ത്തികമാക്കാന്‍ ലഭിച്ച ഒരവസരമായിരുന്നു ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരമൊരു അവസരം നല്‍കിയതിനു ദൈവത്തോട് നന്ദിപറയുവാനും സിസ്റ്റര്‍ ആന്‍ മറന്നില്ല. കര്‍മ്മലീത്ത സഭയിലെ കന്യാസ്ത്രീയായ സിസ്റ്റര്‍ ആന്‍ മിയാമിയിലെ ആര്‍ച്ച്ബിഷപ്പ് കോള്‍മാന്‍ എഫ്. കാരോള്‍ ഹൈസ്കൂളിലെ പ്രിന്‍സിപ്പാളാണ്. ഇതിനോടകം തന്നെ എന്‍പിആര്‍, സിഎന്‍എന്‍, എബിസി ന്യൂസ്, സിബിസി ന്യൂസ്, ദി ഗാര്‍ഡിയന്‍ തുടങ്ങിയ മാധ്യമങ്ങളിലെല്ലാം കന്യാസ്ത്രീയുടെ സേവനസന്നദ്ധതയെ പറ്റിയുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.