News
മഗ്ദലന മറിയത്തിന്റെ മുഖം പുനര്‍നിര്‍മ്മിച്ചുകൊണ്ട് ഫ്രഞ്ച് ഗവേഷകസംഘം
സ്വന്തം ലേഖകന്‍ 18-09-2017 - Monday
പാരീസ്: വിശുദ്ധ മഗ്ദലന മറിയത്തിന്റെ മുഖം പുനര്‍നിര്‍മ്മിച്ചതായി അവകാശപ്പെട്ടുകൊണ്ട് ഫ്രഞ്ച് ഗവേഷകസംഘം രംഗത്ത്. വേര്‍സെയിലെസ് യൂണിവേഴ്സിറ്റിയിലെ നരവംശശാസ്ത്രജ്ഞനായ ഫിലിപ്പ് ചാര്‍ലിയറും വിഷ്വല്‍ ഫോറന്‍സിക്ക് ചിത്രകാരനുമായ ഫിലിപ്പ് ഫ്രോസ്ചുമാണ് മഗ്ദലന മറിയത്തിന്റെ തിരുശേഷിപ്പായ തലയോട്ടിയെ ആസ്പദമാക്കി ശാസ്ത്രസാങ്കേതികവിദ്യയുടെ സഹായത്തോടെ മുഖം നിര്‍മ്മിച്ചിരിക്കുന്നത്.
വിശുദ്ധയുടേതെന്ന് കരുതപ്പെടുന്ന തലയോട്ടിയുടെ അഞ്ഞൂറിലേറെ ചിത്രങ്ങള്‍ എടുത്ത സംഘം പിന്നീട് അവയെ മോഡേണ്‍ ഫോറന്‍സിക് റീകണ്‍സ്ട്രക്ഷന്‍ ടെക്‌നിക്ക് എന്ന സാങ്കേതികവിദ്യ വഴി മുഖം പുനര്‍നിര്‍മ്മിക്കുകയായിരുന്നു. കണ്ണുകളും മൂക്കും വായും മുഖം പൂര്‍ണ്ണമായും തലയോട്ടിയുടെ രൂപത്തിന് അനുസരിച്ചാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
അതേ സമയം പുനര്‍നിര്‍മ്മിച്ചിരിക്കുന്ന രൂപം ശരിയാണോയെന്ന് വ്യക്തമല്ല. നിലവില്‍ മഗ്ദലന മറിയത്തിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നത് ഫ്രാന്‍സില്‍ തന്നെയാണെങ്കിലും എഫേസൂസില്‍ വച്ചാണ് മഗ്ദലന മറിയം മരിച്ചിരിക്കുന്നത് എന്നൊരു വാദം നിലനില്‍ക്കുന്നുണ്ട്. ഇതിനാല്‍ യഥാര്‍ത്ഥത്തിലുള്ള തലയോട്ടിയെ ആസ്പദമാക്കിയാണോ പുനര്‍സൃഷ്ടി നടത്തിയിരിക്കുന്നത് എന്ന സംശയം നിലനില്‍ക്കുകയാണ്.
വിശുദ്ധയുടെ മുഖം പുനര്‍നിര്‍മ്മിച്ച ശാസ്ത്രജ്ഞരും ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. യഥാര്‍ത്ഥ തലയോട്ടി ഫ്രാന്‍സില്‍ ഉള്ളത് തന്നെയാണെങ്കില്‍ ഇതായിരിക്കും മഗ്ദലന മറിയത്തിന്റെ മുഖമെന്നും അല്ലാത്തപക്ഷം ഇതില്‍ വ്യത്യാസമുണ്ടായെക്കാമെന്നും ഫിലിപ്പ് ചാര്‍ലിയര്‍ പറഞ്ഞു. 1800വര്‍ഷത്തോളമായി ഫ്രാന്‍സിലെ വിശുദ്ധ മഗ്ദലന- വിശുദ്ധ മാക്സിമിന്‍ല ദേവാലയത്തിലാണ് വിശുദ്ധയുടെ തലയോട്ടിയുടെ തിരുശേഷിപ്പ് സൂക്ഷിക്കുന്നത്.