News - 2024

2018ലെ അമേരിക്കന്‍ പ്രോലൈഫ് റാലിയുടെ വിഷയം പുറത്തിറക്കി

സ്വന്തം ലേഖകന്‍ 04-10-2017 - Wednesday

വാഷിംഗ്ടൺ ഡി.സി: ജീവന്റെ മഹത്വത്തെ ഉയര്‍ത്തികാണിച്ചു അമേരിക്കയില്‍ വർഷംതോറും നടത്തുന്ന പ്രോലൈഫ് റാലി 'മാർച്ച് ഫോർ ലൈഫി'ന്റെ അടുത്തവര്‍ഷത്തെ വിഷയം ഇന്നലെ പുറത്തിറക്കി. ‘സ്‌നേഹം ജീവൻ രക്ഷിക്കുന്നു’ എന്നതാണ് 2018ലെ പ്രോലൈഫ് റാലിയുടെ വിഷയം. 45-ാമത് പ്രോലൈഫ് റാലി 2018 ജനുവരി 19നാണ് നടക്കുന്നത്. ഏറെ ബുദ്ധിമുട്ടു നിറഞ്ഞ ഗർഭാവസ്ഥകളിൽ കൂടി കടന്നു പോകുന്ന സ്ത്രീകൾക്ക് സ്‌നേഹപൂർവ്വമുള്ള പരിഗണനയുടെ ആവശ്യകതയാണ് അടുത്തവർഷത്തെ വിഷയം എടുത്തുകാണിക്കുന്നതെന്ന് മാർച്ച് ഫോർ ലൈഫ് പ്രസിഡന്‍റ് ജിയാനി മാൻസിനി പറഞ്ഞു.

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ മാർച്ച് ആണു 'മാര്‍ച്ച് ഫോര്‍ ലൈഫ്'. 1974 മുതൽ എല്ലാവർഷവും ജനുവരി മാസാവസാനം നടത്തപ്പെടുന്ന പ്രോലൈഫ് റാലി വാഷിംഗ്ടൺ കൂടാതെ മറ്റു പല അമേരിക്കൻ സിറ്റികളിലും അരങ്ങേറുന്നുണ്ട്. ജീവന്റെ സംരക്ഷണത്തിനും, കുടുംബമൂല്യങ്ങളുടെ പോഷണത്തിനും ഊന്നൽനൽകി നടത്തപ്പെടുന്ന മാർച്ച് ഫോർ ലൈഫ് ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രോലൈഫ് റാലിയായാണ് വിലയിരുത്തപ്പെടുന്നത്. ഇക്കഴിഞ്ഞ ജനുവരി 27നു നടന്ന ഈ വര്‍ഷത്തെ പ്രോലൈഫ് റാലിയില്‍ മലയാളികള്‍ അടക്കം പതിനായിരങ്ങളാണ് പങ്കെടുത്തത്.


Related Articles »